ഗാനരംഗങ്ങളിലെ മോഹൻലാലിന്റെ അഭിനയപാടവത്തെക്കുറിച്ച്
അടുത്ത സുഹൃത്തും ഗായകനുമായ എം.ജി. ശ്രീകുമാർ എഴുതുന്നു...
എന്റെ പാട്ടുകളുടെ മുഖമാണ് മോഹൻലാൽ. ഒരു സിനിമാഗാനം സൂപ്പർഹിറ്രാകണമെങ്കിൽ സംഗീതത്തിനും വരികൾക്കും ആലാപനത്തിനുമൊപ്പം രംഗങ്ങൾക്കും പ്രാധാന്യമുണ്ട്. അങ്ങനെ നോക്കിയാൽ ഞാൻ പാടിയ പാട്ടുകൾ മലയാളികളിലേക്ക് എത്തിയതിൽ വലിയ പങ്ക് മോഹൻലാലിന് അവകാശപ്പെട്ടതാണ്. 'ചിത്ര"ത്തിലെ സ്വാമിനാഥ പരിപാലയ മുതൽ ഒപ്പത്തിലെ ചിന്നമ്മ വരെ എത്രയെത്ര പാട്ടുകൾ ലാലിന് വേണ്ടി പാടി. കിരീടത്തിലെയും കിലുക്കത്തിലെയും ചന്ദ്രലേഖയിലെയുമെല്ലാം ജനപ്രിയ ഗാനങ്ങൾ അക്കൂട്ടത്തിൽ വരും.
താളവട്ടത്തിലെ പൊൻവീണയാണ് ആദ്യ സൂപ്പർഹിറ്റ്. പിന്നാലെ വന്നത് ചിത്രമാണ്. അതിലെ എല്ലാ പാട്ടുകളും പാടാൻ അവസരം ലഭിച്ചു. ചിത്രത്തിലെ സ്വാമിനാഥ പരിപാലയ എന്ന ഗാനരംഗം ഒന്നുമാത്രം മതി മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ മനസിലാക്കാൻ. ആ ഗാനം ചിത്രീകരിക്കുമ്പോൾ ഞാനും അവിടെയുണ്ട്. ഒറ്റ ടേക്കിൽ സ്വരങ്ങൾ മുഴുവൻ പാടിയാൽ നന്നായിരിക്കുമെന്ന നിർദ്ദേശം പ്രിയന്റേതായിരുന്നു. ഒരിക്കലും നടക്കാത്ത കാര്യമെന്ന് ഞാൻ പറഞ്ഞു. തിയേറ്ററിൽ നല്ല കൈയടി കിട്ടുമെന്ന് പറഞ്ഞ് പ്രിയൻ നിർബന്ധിച്ചു. ആ വെല്ലുവിളി ഏറ്റെടുക്കാൻ മോഹൻലാൽ തയ്യാറായി.അതിന് ഗുണവുമുണ്ടായി . ഒരു ശാസ്ത്രീയ സംഗീത വിദ്വാനുപോലും കാമറയുടെ മുന്നിൽ അത്ര മനോഹരമായി പാടി അഭിനയിക്കാൻ കഴിയില്ല.
ചിത്രത്തിലെ തന്നെ നഗുമോ, ചന്ദ്രലേഖയിലെ താമരപ്പൂവിൽ തുടങ്ങിയ പാട്ടുകളിലെല്ലാം സ്വരങ്ങൾ മനോഹരമായി അവതരിപ്പിക്കുന്ന ലാലിനെ കാണാം.അതൊരു അപൂർവ സിദ്ധിയാണ്.
ചെറുപ്പത്തിലേ ലാലിന് പാട്ടുകളോട് ഇഷ്ടമായിരുന്നു. ഇപ്പോൾ നന്നായി പാടാനും തുടങ്ങിയിരിക്കുന്നു. അതും വലിയ അതിശയമാണ്. ഞങ്ങൾ ഒരുമിച്ച് പല പ്രോഗ്രാമുകളും അവതരിപ്പിക്കാറുണ്ട്.
ഈ അടുത്തൊരു പരിപാടിക്ക് മസ്കറ്റിൽ പോയപ്പോൾ അണ്ണാ ഏത് പാട്ടുപാടണം. രണ്ട് മൂന്ന് പഴയപാട്ടുകൾ പാടട്ടേയെന്ന് ലാൽ ചോദിച്ചു. അപ്പോൾ എന്റെ ഓർക്കസ്ട്രയിലുള്ള ഒരാൾ ആകാശഗംഗയുടെ കരയിൽ എന്ന പാട്ടിന്റെ കാര്യം പറഞ്ഞു. ഉച്ചയ്ക്കാണിത് പറയുന്നത്. വൈകുന്നേരത്തിന് മുമ്പ് ലാൽ അത് പഠിച്ച് മനോഹരമായി സ്റ്റേജിൽ പാടി. എന്ത് കാര്യവും വളരെ കുറഞ്ഞ സമയത്തിനുളളിൽ പഠിച്ചെടുക്കാനുള്ള കഴിവ് ലാലിനുണ്ട്. അത് പാട്ടാണെങ്കിലും ഡയലോഗാണെങ്കിലും ഫൈറ്റാണെങ്കിലും ഒരുപോലെയാണ്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു വിസ്മയം, അത്രേയുള്ളൂ.
ലാലിനെ ആദ്യം കാണുന്നത് കോളേജിൽ പഠിക്കുന്ന കാലത്താണ്. തിരുവനന്തപുരത്തെ ടാഗോർ സെന്റിനറി ഹാളിൽ ഒരു ഫെസ്റ്റിവൽ നടക്കാറുണ്ടായിരുന്നു. എല്ലാ കോളേജുകളിലെയും കുട്ടികൾ അവിടെ പരിപാടികൾ അവതരിപ്പിക്കാനെത്തും. അന്ന് മോഹൻലാൽ എം.ജി കോളേജിലും ഞാൻ ആർട്സ് കോളേജിലുമാണ് പഠിക്കുന്നത്. എം.ജി കോളേജിലെ ഗുസ്തി ചാമ്പ്യനാണ് ലാൽ. ഞാൻ ആർട്സ് കോളേജിന്റെ പാട്ടുകാരനും. അവിടെ വച്ച് ഞങ്ങൾ പരിചയപ്പെട്ടു. ഫെസ്റ്റിവൽ അവസാനിച്ചെങ്കിലും സൗഹൃദം മറന്നില്ല.
പിന്നെയാണ് പ്രിയനെ പരിചയപ്പെടുന്നത്. ആ കൂട്ടിലേക്ക് വേറെയും അംഗങ്ങൾ വന്നു. അശോക് കുമാർ, കിരീടം ഉണ്ണി, മണിയൻ പിള്ള രാജു, ശേഖർ, സുരേഷ് കുമാർ തുടങ്ങിയവരെല്ലാം ചേർന്ന് വലിയൊരു സംഘം രൂപപ്പെട്ടു. അതിന്റെ ലീഡർ എന്റെ ചേട്ടൻ എം.ജി. രാധാകൃഷ്ണനായിരുന്നു. ചേട്ടനുള്ളപ്പോൾ ഇവരെല്ലാം വീട്ടിൽ വരും. ചിലപ്പോൾ നെടുമുടി വേണുവും വേണു നാഗവള്ളിയുമുണ്ടാകും. വൈകുന്നേരങ്ങളിൽ ഞങ്ങൾ കൂടും. തമാശയും കഥകളുമൊക്കെ പറഞ്ഞിരിക്കും.
ആ സമയത്താണ് അശോക് കുമാറും ലാലുമൊക്കെ ചേർന്ന് തിരനോട്ടം എന്ന സിനിമ എടുക്കുന്നത്. അത് റിലീസ് ചെയ്തില്ല. പിന്നെ ലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിച്ചു. അശോക് കുമാർ സംവിധാനം ചെയ്ത കൂലിയിലൂടെയാണ് ഞാൻ പിന്നണി ഗായകനാകുന്നത്. പ്രിയന്റെ അയൽവാസി ഒരു ദരിദ്രവാസി, ഓടരുതമ്മാവാ ആളറിയാം, ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ തുടങ്ങിയ ചിത്രങ്ങളിലും പാടി. അതുകഴിഞ്ഞ് താളവട്ടവും ചിത്രവും.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ 20 ദിവസത്തോളം ലാലിനും പ്രിയനും ഒപ്പം ഊട്ടിയിൽ താമസിച്ചു. അപ്പോഴെല്ലാം ലാലുമായുള്ള അടുപ്പം കൂടിക്കൊണ്ടിരുന്നു. അതിനിടയിൽ ഞങ്ങൾ പല ഹൃദയരഹസ്യങ്ങളും കൈമാറി. വളരെ അടുപ്പമായപ്പോൾ ലാലിന്റെ നക്ഷത്രം ഏതാണെന്ന് ഞാൻ അന്വേഷിച്ചു. അപ്പോഴാണ് ഞാൻ ജനിച്ച മേയ് മാസത്തിലെ രേവതി തന്നെയാണ് ലാലിന്റെയും നക്ഷത്രം എന്നറിയുന്നത്. അതായിരിക്കാം ഞങ്ങളുടെ ഇഷ്ടങ്ങൾ ഒരുപോലെയാകാൻ കാരണം. എനിക്ക് ലാലിനെക്കാൾ രണ്ട് വയസ് കൂടുതലുണ്ടെന്ന് മാത്രം.
ജോലിയോടുള്ള സമർപ്പണമാണ് ലാലിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാൽ അടുത്ത് വരുമ്പോൾ തന്നെ ചുറ്റും നിൽക്കുന്നവർക്ക് പോസിറ്റീവ് വൈബ്രേഷൻ അനുഭവപ്പെടും. മാസ്മരിക ശക്തിയുള്ള ജീനിയസ് ആക്ടർ എന്നേ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയൂ.
ഇതിനെല്ലാം അപ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള ലാലിന്റെ മനസിനെ ഞാൻ ഏറെ ബഹുമാനിക്കുന്നു. ആരും അറിയാതെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ മോഹൻലാൽ എന്ന ആത്മാർത്ഥ സുഹൃത്തിന്റെ സാന്നിദ്ധ്യം ജീവിതത്തിന്റെ ഓരോ നിമിഷത്തിലുമുണ്ട്. ഒരു പനി വന്നാൽ പോലും എന്ത് പറ്റിയണ്ണാ എന്ന് ചോദിച്ച് ലാലിന്റെ വിളി എത്തും. എന്ത് കാര്യവും പങ്കുവയ്ക്കാൻ പറ്റിയ രണ്ട് കൂട്ടുകാരെ എനിക്കുള്ളൂ. ഒന്ന് മോഹൻലാലും മറ്റൊന്ന് പ്രിയദർശനുമാണ്. ഇങ്ങനെയൊരു സൗഹൃദക്കൂട്ടായ്മയുണ്ടായത് ദൈവ നിയോഗമായിരിക്കാം. കാരണം ഞങ്ങളാരും ജന്മം കൊണ്ട് തിരുവനന്തപുരത്തുകാരല്ല.
മോഹൻലാലിന്റെ നാട് പത്തനംതിട്ടയും എന്റേത് ഹരിപ്പാട്ടും പ്രിയന്റേത് അമ്പലപ്പുഴയുമാണ്. ചെറുപ്പത്തിൽ തന്നെ തിരുവനന്തപുരത്തേക്ക് വരാനും ഈ ആത്മബന്ധം രൂപപ്പെടാനും കഴിഞ്ഞത് പദ്മനാഭന്റെ കൃപകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഹരിപ്പാട് സുബ്രഹ്മണ്യനും അമ്പലപ്പുഴ കൃഷ്ണനുമെല്ലാം അനുഗ്രഹിച്ചു കാണും.