മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാലിനെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ഫാസിൽ എഴുതുന്നു.....
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാലിന്റെ ആദ്യഷോട്ട്. കൊടൈക്കനാലിലെ അസ്റ്റോറിയ ഹോട്ടലിന് മുന്നിൽ. 'ഐ ആം നരേന്ദ്രൻ"അതാണ് ആദ്യ ഡയലോഗ്. തുടക്കക്കാരന്റെ യാതൊരു ടെൻഷനുമില്ലാതെ കാമറയ്ക്ക് മുന്നിൽ ലാലെത്തി. ഒറ്റ ടേക്കിൽ ഓകെ. അങ്ങനെ'മഞ്ഞിൽ വിരിഞ്ഞ പൂക്കളി"ലൂടെ മോഹൻലാലെന്ന നടൻ മലയാള സിനിമയിൽ അരങ്ങേറി.നരേന്ദ്രനെന്ന വില്ലനിൽ നിന്ന് മെഗാതാരമായി മോഹൻലാൽ വളർന്നിരിക്കുന്നു.
ഒരു സംവിധായകന് വേണ്ടത് അഭിനേതാവിന്റെ യഥാർത്ഥ പൊട്ടൻഷ്യൽ തിരിച്ചറിയാനുള്ള കഴിവാണ്.സ്ക്രീൻ ടെസ്റ്റിൽ തന്നെ അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ലാലിനെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് കാസ്റ്റ് ചെയ്തത്. ലാലിൽ നിന്ന് ഞാൻ എന്തു പ്രതീക്ഷിച്ചോ അതിന് അപ്പുറമായിരുന്നു പ്രകടനം.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെക്കുറിച്ച് എനിക്ക് തുടക്കത്തിലേ നല്ല ധാരണയുണ്ടായിരുന്നു. അന്നൊക്കെ വില്ലൻ എന്നു പറഞ്ഞാൽ കൊമ്പൻ മീശയൊക്കെയായിരുന്നു ആദ്യം മനസിൽ വരിക. പക്ഷേ,മീശ പിരിക്കാത്തൊരു വില്ലൻ. അതായിരുന്നു നരേന്ദ്രൻ. അങ്ങനെ ചിത്രത്തിലേക്ക് മോഹൻലാലിനെ സ്ക്രീൻ ടെസ്റ്റിന് ക്ഷണിച്ചപ്പോൾ പ്രൊഫഷണൽ സംവിധായകരുടെ ഒരു പാനൽ തന്നെയാണ് അഭിനയം വിലയിരുത്താൻ ഉണ്ടായിരുന്നത്. ഇവർക്ക് മുന്നിൽ ലാൽ തന്റെ അഭിനയവിരുത് പുറത്തെടുത്തു. പാനലിലെ രണ്ട് സംവിധായകർ മാത്രം ലാലിന് തീരെ കുറഞ്ഞ മാർക്കിട്ടു.ബാക്കിയെല്ലാവർക്കും പൂർണ തൃപ്തി. എനിക്കും ചിത്രത്തിന്റെ നിർമ്മാതാവായ നവോദയ അപ്പച്ചന്റെ മകൻ ജിജോയ്ക്കും ലാലിലുള്ള വിശ്വാസം നൂറിൽ നൂറ്റിയൊന്ന്. അങ്ങനെ നരേന്ദ്രനായി ലാലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഞാൻ ആഗ്രഹിച്ചതെന്താണോ അത് ലാൽ പുഷ്പം പോലെ ചെയ്തു കാണിച്ചു. ഈ നടൻ മലയാള സിനിമയിൽ പുതിയൊരു യുഗം കുറിക്കുമെന്നൊന്നും ആ നിമിഷത്തിൽ ചിന്തിച്ചില്ല. അത് മറ്റൊന്നും കൊണ്ടല്ല .ഒരു സിനിമ ചെയ്യുമ്പോൾ അതു മാത്രമേ മനസിൽ കാണൂ. വേറൊന്നിനെക്കുറിച്ചും ചിന്തിക്കില്ല. ആ ചിത്രത്തെ സംബന്ധിച്ചിടത്തോളം ലാൽ ഡബിൾ ഓകെ. പിന്നെ ലാലിലെ നടനെ വിലയിരുത്തി കഴിഞ്ഞപ്പോൾ ഉറപ്പിച്ചു മലയാള സിനിമയ്ക്ക് ഏറ്റവും ഫ്ളക്സിബിളായ നടനെ കിട്ടിയിരിക്കുന്നുവെന്ന്. പിന്നീട് ഇന്നുവരെയുള്ള ചിത്രങ്ങളിലൂടെ ലാൽ അത് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് അന്നും ഇന്നും എന്നും ലാലിന്റെ പ്ളസ് പോയിന്റ്-ഫ്ളക്സിബിലിറ്റി.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്ത് ലാലിനെ കറക്ട് ചെയ്യേണ്ട അവസരമേ ഉണ്ടായിട്ടില്ല.ലാലുമൊത്ത് ഒത്തിരി ചിത്രങ്ങൾ ചെയ്തിട്ടുള്ളതിൽ ഒന്നോ രണ്ടോ തവണ മാത്രമേ തിരുത്തേണ്ടി വന്നിട്ടുള്ളൂ. അറുപതും എൺപതും ദിവസം നീളുന്ന ഫുൾ റോൾ സിനിമകളുടെ ഷൂട്ടിംഗ് ഷെഡ്യൂളുകൾക്കിടയിലാണ് ഇത്തരം ചെറിയ തിരുത്തലുകൾ വേണ്ടി വന്നതെന്നോർക്കണം. അവിടെയാണ് ആ നടന്റെ പ്ളസ് പോയിന്റ്.നമ്മൾ എന്ത് പറഞ്ഞാലും അത് ഉൾക്കൊള്ളാനുള്ള മനസാണ് ലാലിന്റെ പ്രത്യേകത. ഷൂട്ടിംഗിന് മുമ്പ് കഥയെയും കഥാപാത്രത്തെയും കുറിച്ച് ഒരു ധാരണ ലാലിന് നൽകും. പിന്നെ സെറ്റിലെത്തി കൂടുതൽ ഡിസ്കഷനൊന്നുമില്ല. ഇവിടെ ലാൽ കഥാപാത്രമായി മാറും. അതൊരു അപാര കഴിവാണ്.
മോഹൻലാൽ സിനിമയിൽ എസ്റ്റാബ്ളിഷ് ആയിട്ടില്ലാത്ത സമയത്ത്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങി രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ", 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട് " എന്നീചിത്രങ്ങളിൽ മുഖ്യകഥാപാത്രങ്ങൾ നൽകാൻ കാരണം ലാലിലുള്ള പൂർണവിശ്വാസമായിരുന്നു.
അങ്ങനെ 1980 -ൽ ക്രിസ്മസ് ദിനത്തിൽ (ഡിസംബർ 25)റിലീസായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മോഹൻലാൽ എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിക്കാനായതിൽ സന്തോഷവും അഭിമാനവുമുണ്ട്. അന്ന് തുടങ്ങിയ ബന്ധം ഇന്നും ഞങ്ങൾ കാത്തുസൂക്ഷിക്കുന്നു. 'മണിച്ചിത്ര ത്താഴ് " ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക്കൈകോർക്കുകയും ചെയ്തു.