covid
COVID

സിയോൾ: കൊവിഡ് ഭേദമായതിന് ശേഷം രണ്ടാമതും പൊസിറ്റീവ് ആകുന്നവരിൽ നിന്ന് രോഗം പകരില്ലെന്ന് ദക്ഷിണ കൊറിയയിലെ സെന്റേഴ്സ് ഫോർ ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 285 കൊവിഡ് രോഗികളിൽ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയതെന്നാണ്‌ ഗവേഷകർ പറയുന്നത്.

രോഗ ലക്ഷണങ്ങൾ ഇല്ലാതായിട്ടും ഇവരിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ വൈറസ് ഉണ്ടായിരുന്നു. എന്നാൽ, അവ നിർജ്ജീവമായതും മറ്റുള്ളവരിൽ രോഗമുണ്ടാക്കാൻ ശേഷിയില്ലാത്തവയുമായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ, വൈറസ് ബാധ സ്ഥിരീകരിക്കാൻ നിലവിൽ ഉപയോഗിക്കുന്ന പി.സി.ആർ ടെസ്റ്റിൽ നിർജ്ജീവമായതും അല്ലാത്തതുമായ വൈറസുകളെ തിരിച്ചറിയാൻ സാധിക്കില്ല. വൈറസിലെ ന്യൂക്ലിക് ആസിഡ് മാത്രമാണ് ഇതുവഴി തിരിച്ചറിയാൻ സാധിക്കുക. തന്മൂലം രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിർജ്ജീവമായ വൈറസ് ഘടകങ്ങൾ ഉണ്ടെങ്കിൽ അവർക്ക് രോഗമുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ടി വരുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

പുതിയ വിവരങ്ങൾ പുറത്ത് വന്നതോടെ രോഗ ലക്ഷണങ്ങൾ പൂർണമായും മാറിയ ആളുകളെ തുടർന്നും ഐസലേഷനിൽ പാർപ്പിക്കേണ്ടെന്നാണ് അധികൃതരുടെ നിലപാട്.

കൂടാതെ, ഇതിൻ പ്രകാരം രാജ്യത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാമെന്നും ഗവേഷകർ പറഞ്ഞു.