zoom

സിംഗപ്പൂർ : വീഡിയോ കമ്മ്യൂണിക്കേഷൻ ആപ്പായ സൂമിലൂടെ മയക്കുമരുന്ന് പ്രതിക്ക് വധശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. സിംഗപ്പൂരിൽ വീഡിയോ കോൺഫറൻസ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011ൽ മയക്കുമരുന്ന് ഇടപ്പാട് നടത്തിയ കേസിലെ പ്രതിയായ 37 വയസ്സുള്ള മലേഷ്യക്കാരനായ പുനിതൻ ജെനാസനാണ് വെള്ളിയാഴ്ച വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

കൊവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന പശ്ചാതലത്തിലാണ് വാദനടപടികൾ വീഡിയോ കോൺഫറൻസ് വഴി നടത്തിയതെന്നും ഒരു ക്രിമിനൽ കേസിൽ ആദ്യമായാണ് സിംഗപ്പൂരിൽ ഇത്തരത്തിൽ ശിക്ഷ വിധിക്കുന്നതെന്നും സിംഗപ്പൂർ സുപ്രീംകോടതി വക്താവ് പറഞ്ഞു.

കോടതിവിധി മാത്രമാണ് സൂം വഴി നടന്നതെന്നും അതിനാൽ അപ്പീലിനായി ശ്രമിക്കുമെന്നും പ്രതിയുടെ അഭിഭാഷകൻ പീറ്റർ ഫെർനാർഡൊ പറഞ്ഞു. എന്നാൽ സൂം വഴി വധശിക്ഷ വിധിച്ചതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. എന്നാൽ സൂം വഴിയുള്ള വിധി പ്രസ്താവനയിൽ എതിർപ്പില്ലെന്നും പ്രതിയുടെ അഭിഭാഷകൻ അറിയിച്ചു.

ലോക്ക്ഡൗൺ കാരണം സിംഗപ്പൂരിൽ ഏപ്രിൽ ആദ്യം മുതൽ കോടതികൾ അടഞ്ഞ് കിടക്കുകയാണ്. ഈ സ്ഥിതി ജൂൺ വരെ തുടരുമെന്നാണ് അറിയുന്നത്. അതിനാൽ പല കേസുകളിലേയും വാദം കേൾക്കൽ താൽക്കാലികമായി കോടതികൾ നിർത്തിവെച്ചിരികകുകയാണ്. എന്നാലും വളരെ സുപ്രധാന കേസുകൾ മാത്രം സാമൂഹിക അകലം പാലിച്ച് പരിഗണിക്കുന്നുണ്ട്.