indona

ജക്കാർത്ത: വളരെ വേഗം കൊവിഡ് രോഗബാധയുണ്ടാകുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോൾ ഇന്തോനേഷ്യ. 6.6% ആണ് രാജ്യത്ത് രോഗം മൂലമുള്ള മരണനിരക്ക്. ഇതിന് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ഒന്നാണ് പുകയില. വളരെയധികം പുകവലിക്കാരുള്ള രാജ്യമാണ് ഇന്തോനേഷ്യ. രാജ്യത്തിന്റെ വളരെ വലിയ നികുതി വരുമാനവും പുകയില, സിഗരറ്റ് കമ്പനികളിൽ നിന്നുതന്നെ. 18000 പേർക്കാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ചിരിക്കുന്നത്. 1221 പേർ മരിച്ചു. ശ്വാസകോശത്തിന്റെ മോശം അവസ്ഥ കാരണമാണ് പല മരണങ്ങളും. ഇതിന് കാരണം ശക്തമായ പുകവലി തന്നെയാണ്. 15 വയസിന് മുകളിലുള്ള ആണുങ്ങളിൽ മൂന്നിൽ രണ്ടുപേർ പുകയില ഉപയോഗിക്കുന്ന ഇവിടെ പുകവലിശീലം ശക്തമാണ്.

ശ്വാസകോശത്തെ ബാധിക്കുന്ന കൊവിഡ് രോഗം പുകവലിക്കുന്നവരിൽ വളരെ എളുപ്പം പടരുമെന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ലോകാരോഗ്യ സംഘടനും വെളിവാക്കുന്നു. എന്നാൽ പുകവലി ശീലം ഇത്രത്തോളം ശക്തമായ ഗ്രീസിലും ജർമ്മനിയിലും എന്നാൽ അധികം മരണമുണ്ടായിട്ടില്ല എന്നും വിമർശനമുണ്ടായി. ഇതിന് കാരണം ആ രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനം മൂലമാണ്. ഇന്തോനേഷ്യ ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രാധമികാരോഗ്യത്തിലും ആരോഗ്യ സംരക്ഷണത്തിലും പിന്നിലാണ്. മാത്രമല്ല നഗരങ്ങളിലെ വായു മലിനീകരണവും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നു.