മോഹൻലാലിനൊപ്പം മോഡൽ സ്കൂളിൽ
ഒരേ ക്ളാസിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച
നിർമ്മാതാവ് സുരേഷ് കുമാർ
ആ സൗഹൃദത്തെക്കുറിച്ച് എഴുതുന്നു....
അഞ്ചാം ക്ളാസ് മുതൽ ഒപ്പമുള്ള സുഹൃത്താണ് മോഹൻലാൽ. ഒരു നിയോഗം പോലെ ആ സൗഹൃദം ഒഴുകിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരം മോഡൽ സ്കൂളിൽ ഒരേ ക്ളാസിലാണ് ഞങ്ങൾ പഠിച്ചത്. ഡിഫെൻസ് സെക്രട്ടറിയായി വിരമിച്ച എന്റെ ചേട്ടൻ മോഹൻകുമാറും ലാലുവിന്റെ ചേട്ടൻ പ്യാരിലാലും ഒരേ ക്ളാസിൽ പഠിച്ചവരാണ്. അന്നുമുതൽ തന്നെ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമുണ്ട്. സിനിമയിലേക്കുള്ള ലാലിന്റെ വഴി എന്റേതും കൂടിയാണെന്ന് പറയാം.
സ്കൂൾ കഴിഞ്ഞ് പ്രീഡിഗ്രിക്ക് ലാലു എം.ജി കോളേജിലും ഞാൻ ആർട്സ് കോളേജിലുമാണ് പഠിച്ചത്. അക്കാലത്ത് എം.ജി കോളേജിൽ സമരം പതിവായതിനാൽ അവിടെ ചേരാൻ അച്ഛൻ സമ്മതിച്ചില്ല. പക്ഷേ, ലാലുവിനെ കാണാൻ പോകുന്ന ഞാൻ കൂടുതൽ സമയവും എം.ജി കോളേജിലായിരുന്നു. അവിടുത്തെ ക്ളാസിൽ വരെ കയറിയിരിക്കും. അതുകൊണ്ട് ഞാനും എം.ജിയിലാണ് പഠിച്ചതെന്ന് കരുതുന്നവരുണ്ട്.
ബി.കോമിന് പഠിക്കുന്ന കാലത്താണ് ഞങ്ങൾക്ക് സിനിമാ മോഹം ഉദിക്കുന്നത്. അശോക് കുമാർ, പ്രിയദർശൻ തുടങ്ങി അതിന് പറ്റിയ കുറച്ച് കൂട്ടുകാരും ഉണ്ടായിരുന്നു. അന്ന് എന്റെ കൈയിലൊരു 8 എം എം കാമറയുണ്ട്. അത് വച്ച് ലാലുവിനെ ഷൂട്ട് ചെയ്യും. എന്റെ വീടിന് മുന്നിൽ വച്ചാണ് ഷൂട്ടിംഗ്. ലാലു ആദ്യമായി എന്റെ കാമറയെയാണ് അഭിമുഖീകരിച്ചത്. സ്കൂൾ, കോളേജ് നാടകങ്ങളിലെല്ലാം സജീവമായിരുന്നു ലാലു. ഗുസ്തിയാണ് മറ്റൊരിനം.
സിനിമാ ചർച്ചയായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം. സ്പെൻസർ ജംഗ്ഷനിലെ കോഫി ഹൗസായിരുന്നു താവളം. ഡോക്യുമെന്ററി എടുക്കുകയായിരുന്നു ആദ്യ ലക്ഷ്യം. അങ്ങനെ ഭാരത് സിനി ഗ്രൂപ്പ് എന്ന പേരിൽ ചെറിയൊരു സംഘടന തുടങ്ങി.മാഞ്ഞാലിക്കുളത്തുകാരനായ ശശി (അശ്വതി തിരുനാൾ സ്വാമി) എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു. അന്ന് അയാൾ വലിയ സിനിമാഭ്രാന്തനായിരുന്നു. തിരക്കഥയൊക്കെ എഴുതും. ഞങ്ങളെല്ലാം കൂടി ഡോക്യുമെന്ററിയെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പാച്ചല്ലൂർ ശശി എന്നൊരു പ്രൊഡ്യൂസർ വന്ന് ചാടി. അതോടെ ഡോക്യുമെന്ററി സിനിമയായി. അതാണ് തിരനോട്ടം. ലാലു ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും. അശോക് കുമാറും ശശി(അശ്വതി തിരുനാൾ സ്വാമി) യും കൂടി സംവിധാനം ചെയ്യാമെന്ന് തീരുമാനിച്ചു.
ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി. എസ്. കുമാറായിരുന്നു കാമറമാൻ. അന്ന് കുമാർ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അസിസ്റ്റന്റ് കാമറാമാനായി ജോലി ചെയ്യുകയാണ്. ഞങ്ങളുടെ മറ്റൊരു കൂട്ടുകാരനായ ശ്രീകാന്തിന്റെ വീടും ലാലുവിന്റെ വീടുമാണ് ലൊക്കേഷൻ. ആ പടം ഇപ്പോൾ കണ്ടാൽ ആളുകൾ ഞങ്ങളെ ഓടിച്ചിട്ട് അടിക്കും. കാരണം സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് ആർക്കും ഒന്നും അറിയില്ലായിരുന്നു. സ്വപ്നം മാത്രമാണ് കൈമുതൽ. പകുതിയായപ്പോൾ നിർമ്മാതാവ് പാച്ചല്ലൂർ ശശിക്ക് സുഖമില്ലാതായി. കൊല്ലത്തുള്ള തിരുവെങ്കിടം റെഡ്യാരാണ് അക്കാലത്ത് മിക്ക പടങ്ങൾക്കും ഫൈനാൻസ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ പിറകെ നടന്ന് ഈ സിനിമ ഏറ്റെടുക്കാമെന്ന് സമ്മതിപ്പിച്ചു. റെഡ്യാർക്ക് ഒറ്റ നിബന്ധനയേയുള്ളൂ.പണം ഞങ്ങളുടെ കൈയിൽ തരില്ല. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് മദ്രാസിൽ പോകാൻ ട്രെയിൻ ടിക്കറ്റെടുത്തു തരും. താമസിക്കാനുള്ള സ്ഥലവും ജോലികൾ പൂർത്തിയാക്കാനുള്ള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ടാകും. ഞാനും ലാലുവും കൂടിയാണ് ആദ്യമായി മദ്രാസിൽ പോയത്.
മദ്രാസ് മെയിലിൽ സെക്കൻഡ് ക്ളാസിലാണ് പോയത്. തമ്പാനൂരിൽ നിന്ന് ഒരു ബിയർ വാങ്ങിച്ച് ട്രെയിനിലെ ഫുട്ബോഡിൽ പേപ്പറൊക്കെ വിരിച്ച് സിനിമയെ സ്വപ്നം കണ്ടായിരുന്നു യാത്ര. അവിടെ എത്തിയ ശേഷം കാറിൽ എ.വി.എം സ്റ്റുഡിയോയുടെ മുന്നിൽ ചെന്നിറങ്ങി. എ.വി.എമ്മിന്റെ മുഖമുദ്രയായ ഗ്ളോബ് നേരിൽ കണ്ടപ്പോഴുണ്ടായ ത്രിൽ പറഞ്ഞറിയിക്കാനാവില്ല. സിനിമയിലെ ഒരു ഷോട്ടാണെങ്കിൽ സ്ളോ മോഷനിൽ കാണിക്കാൻ പറ്റിയ രംഗമാണ്.
അങ്ങനെ ഞങ്ങൾ രണ്ട് മൂന്ന് തവണ മദ്രാസിൽ പോയി പടം തീർത്തു. തിരനോട്ടത്തിന്റെ അവസാന ഷെഡ്യൂളിലാണ് പ്രിയൻ അതിലേക്ക് വരുന്നത്. അതുവരെ കോഫി ഹൗസിലിരുന്ന് ഞങ്ങളെ വഴക്കുപറയുന്നതായിരുന്നു അവന്റെ ഹോബി. നിനക്കൊക്കെ സിനിമയെടുക്കാൻ അറിയാമോ എന്നൊക്കെയാണ് ചോദ്യം. പ്രിയൻ അക്കാലത്ത് ആൾ ഇന്ത്യ റേഡിയോയ്ക്ക് വേണ്ടി ചില പ്രോഗ്രാമുകളൊക്കെ ചെയ്തിരുന്നു. 1978ൽ തുടങ്ങിയ തിരനോട്ടം അടുത്ത വർഷമാണ് തീരുന്നത്. അപ്പോഴേക്കും ഒരു തമിഴ് സിനിമ എടുത്താലോ എന്ന് ആലോചിച്ച് തുടങ്ങി. എന്റെ അച്ഛന്റെ സഹോദരൻ കുറച്ച് പണം തരാമെന്ന് പറഞ്ഞു. അങ്ങനെ എന്നെ പിടിച്ച് നിർമ്മാതാവാക്കി. അന്ന് തമിഴിൽ തിളങ്ങി നിന്ന വിജയനായിരുന്നു നായകൻ. ലാലുവിന് ഒരു പ്രധാന വേഷമുണ്ടായിരുന്നു. അശോക് കുമാറിന്റെ ചേട്ടൻ രാജീവ് നാഥിന്റെ സുഹൃത്തായിരുന്നു വിജയേട്ടൻ. അദ്ദേഹത്തിന് അഡ്വാൻസ് കൊടുത്ത ശേഷം പടത്തിനായുള്ള ചർച്ചകൾക്കായി മദ്രാസിലെ സ്വാമീസ് ലോഡ്ജിൽ ഇരിക്കുമ്പോഴാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ പത്രപ്പരസ്യം കാണുന്നത്. ലാലിന്റെ ബയോഡേറ്റാ അയച്ചാലോ എന്നായി പിന്നെയുള്ള ചർച്ച.
അങ്ങനെ അന്നത്തെ പ്രശസ്തനായ ആർട്ട് ഡയറക്ടർ രാധാകൃഷ്ണണൻ ചേട്ടന്റെ ടി നഗറിലുള്ള വീട്ടിലേക്ക് പോയി. അവിടുത്തെ ടെറസിൽ വച്ച് ലാലുവിന്റെ കുറച്ച് ഫോട്ടോകൾ എടുപ്പിച്ചു. നമ്പ്യാതിരിയായിരുന്നു ഫോട്ടോഗ്രാഫർ. തിരിച്ച് തിരുവനന്തപുരത്ത് വന്ന്, ശിവറാം സ്റ്റുഡിയോയിൽ ആ ഫോട്ടോകൾ പ്രോസസ് ചെയ്യിപ്പിച്ചു. പക്ഷേ, ഫോട്ടോസ് കണ്ടപ്പോൾ ലാലുവിന് അത്ര ഇഷ്ടപ്പെട്ടില്ല. എടാ ഇത് കൊള്ളില്ല, ഞാൻ അയയ്ക്കുന്നില്ലെന്ന് പറഞ്ഞു. ഞാനും അത്ര നിർബന്ധിച്ചില്ല. അവൻ ആ കവർ അവിടെയിട്ടിട്ട് പോയി. വൈകുന്നേരത്ത് എനിക്കുള്ള ചായയും കൊണ്ട് മുറിയിലേക്ക് വന്ന അമ്മ ആ കവർ കണ്ട് തുറന്ന് നോക്കി. എന്താടാ ലാലുവിന്റെ ഫോട്ടോസ് ഇങ്ങനെ വച്ചിരിക്കുന്ന തെന്ന് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. അത് കൊണ്ടുപോയി പോസ്റ്റ് ചെയ്യണമെന്ന് അമ്മയ്ക്ക് ഒരേ നിർബന്ധം. എങ്ങാനും ലാലുവിന് സെലക്ഷൻ കിട്ടിയാലോ. അമ്മ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നി. സ്കൂട്ടറുമെടുത്ത് നേരെ പുളിമൂട്ടിലെ ജി.പി.ഒയിൽ വന്ന് അത് പോസ്റ്റ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ലാലുവിനെ സെലക്ട് ചെയ്തതായി നവോദയയിൽ നിന്ന് ടെലിഗ്രാം വന്നു.
പിന്നെയുള്ളതെല്ലാം മലയാള സിനിമയുടെ ചരിത്രമാണ്. കാലം മോഹൻലാലിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കുസൃതിയും സ്നേഹവും നിറഞ്ഞ പഴയ ലാലു തന്നെയാണ് ഇന്നും. എന്റെ മകൾ കീർത്തി നായികയായി തുടങ്ങിയതും ലാലുവിനും പ്രിയനും ഒപ്പമാണെന്നത് യാദൃച്ഛികതയാകാം. എങ്കിലും അതിൽ ദൈവത്തിന്റെ ഒരു കൈയൊപ്പുണ്ടെന്നാണ് ഞാൻ കരുതുന്നത്.