മോഹൻലാൽ എന്ന നടനെയും
വ്യക്തിയെയും ഏറ്റവും അടുത്തറിയുന്ന
സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ
എം.ബി. സനിൽകുമാർ എഴുതുന്നു...
ലാലേട്ടന്റെ ജ്യേഷ്ഠൻ പ്യാരിലാലിനെയാണ് ഞാൻ ആദ്യം പരിചയപ്പെടുന്നത്. അദ്ദേഹം മർച്ചന്റ് നേവിയിലായിരുന്നു. ഞാൻ ബാബുച്ചേട്ടനെന്ന് വിളിക്കുന്ന സംവിധായകൻ രാജീവ് നാഥ് വഴിയാണ് പ്യാരിച്ചേട്ടനിലേക്ക് എത്തിയത്. അന്ന് ലാലേട്ടന്റെ അമ്മയെയും പരിചയപ്പെട്ടിട്ടുണ്ട്. വേറെയും സിനിമക്കാരുടെ ഓഡിറ്ററായതുകൊണ്ട് അവരിൽ പലരോടും നല്ല അടുപ്പമുണ്ടായിരുന്നു. അങ്ങനെ രക്തസാക്ഷികൾ സിന്ദാബാദ്, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളുടെ സെറ്റിൽ വച്ച് ലാലേട്ടനോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്നെ കണ്ടാൽ അറിയാം. അത്ര ബന്ധമേ ആദ്യമുണ്ടായിരുന്നുള്ളൂ. പ്യാരിച്ചേട്ടൻ മരിച്ചപ്പോൾ ഞാൻ വീട്ടിൽ പോയിരുന്നു. ലാലേട്ടൻ ഒരുമുറിയിൽ ഇരിക്കുകയാണ്. എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു.
മരണത്തിന്റെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ ലാലേട്ടന് എന്നെ ഒന്ന് കാണണമെന്ന് അശോക് കുമാർ പറഞ്ഞു. വിസ്മയാ മാക്സ് സ്റ്റുഡിയോ തിരുവനന്തപുരത്ത് തുടങ്ങാൻ ആലോചിക്കുന്ന സമയമാണ്. അതിന്റെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കലും ലോൺ ശരിയാക്കലുമൊക്കെയാണ് എന്റെ ജോലി. അവിടെ തുടങ്ങിയ സൗഹൃദം ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഹൃദയബന്ധത്തിലേക്ക് വളർന്നു. ആ കുടുംബത്തിലെ ഒരു അംഗമാകാൻ കഴിഞ്ഞു. ഇന്ന് ലാലേട്ടന്റെ അമ്മ എന്റെ അമ്മ തന്നെയാണ്.
പ്രൊഫഷണലിസം ആണ് മോഹൻലാൽ എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. ഓരോ തിരക്കഥയും വായിച്ച് ഹൃദിസ്ഥമാക്കി ആ കഥാപാത്രം എങ്ങനെ അവതരിപ്പിക്കണമെന്ന് ആലോചിക്കുന്ന രീതി അദ്ദേഹത്തിനില്ല. അതേസമയം അഭിനയത്തിന്റെ ആഴങ്ങളിലേക്ക് പോകാൻ കഴിയുകയും ചെയ്യും. ഉദാഹരണത്തിന്, തന്മാത്ര എന്ന സിനിമയുടെ അവസാന ഭാഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ഒളപ്പമണ്ണ മനയിലുണ്ട്. നോക്കുമ്പോൾ ലാലേട്ടന്റെ വിരലിൽ ഒരു ചിലങ്ക മണി കിടക്കുന്നു. എന്തിനാണ് ഈ മണി കൈയിലിട്ടിരിക്കുന്നതെന്ന് ചോദിച്ചു. അൾഷിമേഴ്സ് രോഗികൾ ഓർമ്മയില്ലാതെ എങ്ങോട്ടെങ്കിലും പോയാലോ രാത്രി ഉറക്കത്തിൽ എഴുന്നേറ്റ് നടന്നാലോ വീട്ടുകാർക്ക് അറിയാൻ വേണ്ടി കൈയിൽ മണിയിടുന്ന രീതിയുണ്ടെന്ന് ലാലേട്ടൻ പറഞ്ഞു തന്നു. ഷൂട്ടിംഗ് ഇല്ലാത്ത സമയത്തും കൈയിൽ ഈ മണിയിട്ട് കിലുക്കുകയാണ്. നമ്മളോട് തമാശയൊക്കെ പറഞ്ഞിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസിൽ ആ കഥാപാത്രമുണ്ടാകുമെന്നാണ് തോന്നുന്നത്.
ഓരോ സിനിമയിലെയും കോസ്റ്റ്യൂമറോടും മേക്കപ്പ്മാനോടുമൊക്കെ സംസാരിക്കുന്നത് കേട്ടാൽ നമുക്ക് അദ്ഭുതമാകും. ആറ് മാസം മുമ്പ് ചെയ്ത ഒരു രംഗത്തിന്റെ തുടർച്ച അഭിനയിക്കുമ്പോൾ അന്ന് ധരിച്ച കോസ്റ്റ്യൂമിനെ കുറിച്ച് അവരെക്കാൾ ഓർമ്മ ലാലേട്ടനുണ്ടാവും. അന്നിട്ടത് ഈ മാലയല്ലല്ലോ, പച്ചമാലയല്ലേ... അന്നെന്റെ പോക്കറ്റിൽ പേനയുണ്ടായിരുന്നില്ലല്ലോ എന്നൊക്കെ കണ്ടിന്യൂറ്റി നോക്കുന്നവരെ തിരുത്തുന്നത് പലതവണ കണ്ടിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുകയും മറ്റൊന്നിൽ ഡബ്ബ് ചെയ്യുകയും അടുത്തതിന്റെ കഥ കേൾക്കുകയും ഇതിനിടയിൽ പരസ്യങ്ങളിൽ അഭിനയിക്കുകയുമൊക്കെ ചെയ്യുന്നൊരാൾ ഇത്തരം കാര്യങ്ങൾ ഓർത്തിരിക്കുന്നത് പ്രൊഫഷണലിസം കൊണ്ട് മാത്രമാണ്. കിലുക്കത്തിൽ രേവതിയോട് വട്ടാണല്ലേ എന്ന് ചോദിക്കുന്ന രംഗമുണ്ട്. ആ ചോദ്യത്തിൽ ഹാസ്യവും സങ്കടവും ഗതികേടുമെല്ലാം പ്രകടമാണ്. ഈ വികാരങ്ങൾ ഒറ്റ വാക്കിൽ നടന് പ്രകടിപ്പിക്കാൻ പറ്റുമെങ്കിൽ അതിനപ്പുറം ഒരു അഭിനയമില്ല. ഈയൊരു രംഗം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നുണ്ടത്രേ. അതിന്റെ മോഡുലേഷൻ, ഡയലോഗ് പ്രസന്റേഷൻ, ബോഡി ലാംഗ്വേജ് എന്നിവ ശ്രദ്ധിക്കാനാണ് കുട്ടികളോട് പറയാറുള്ളത്. ഇതുപോലുള്ള നിരവധി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ലാലേട്ടനെ അഭിനയം പഠിപ്പിക്കാൻ ക്ഷണിക്കാറുണ്ട്. പക്ഷേ, അഭിനയം പഠിപ്പിക്കാൻ കഴിയുന്ന ഒന്നല്ലെന്നാണ് അദ്ദേഹം പറയാറുള്ളത്.
കാസനോവ പോലുള്ള സിനിമകളിൽ ബുർജ് ഖലീഫയുടെ അത്രയും ഉയരത്തിൽ ക്രെയിനിൽ തൂങ്ങിയാണ് അഭിനയിച്ചത്.
പുലിമുരുകൻ മറ്റൊരു ഭാഷയിൽ റീമേക്ക് ചെയ്യാൻ കഴിയില്ല. ഡബ്ബ് ചെയ്യാനേ പറ്റൂ. വേറേത് നടനാണെങ്കിലും ഇതൊക്കെ ഡ്യൂപ്പ് ചെയ്താൽ പോരെയെന്ന് ചോദിക്കും. പക്ഷേ, ലാലേട്ടൻ കിട്ടുന്ന അവസരങ്ങളിലൊക്കെ തലകുത്തി മറിയും.പ്രായത്തിൽ എത്ര ഇളയതാണെങ്കിലും സെറ്റിലെത്തിയാൽ സംവിധായകരെയെല്ലാം സർ എന്ന് മാത്രമേ അഭിസംബോധന ചെയ്യാറുള്ളു. അതുപോലെ ദൈവികത ഒരുപാടുള്ള ആളാണെന്ന് തോന്നാറുണ്ട്. അതിനൊരു ഉദാഹരണം ബ്ളെസി പറഞ്ഞിട്ടുണ്ട്. ഭ്രമരം സിനിമയിൽ ലാലേട്ടൻ ടെറസിനുമുകളിൽ തലകുത്തി നിൽക്കുന്ന രംഗമുണ്ട്. ഷോട്ടെടുക്കാൻ റെഡിയായപ്പോൾ സർ, ഇതെനിക്ക് ചെയ്യാൻ പറ്റുമോയെന്ന് ബ്ളെസിയോട് ചോദിച്ചു. അപ്പോഴാണ് ബ്ലെസി അക്കാര്യം ആലോചിക്കുന്നത്. ചുവരോട് ചേർന്നാണ് ശീർഷാസനം ചെയ്ത് പഠിക്കുന്നത്. നല്ല പരിചയമായ ശേഷമേ ചുമർ ഒഴിവാക്കാൻ കഴിയൂ. ലാലേട്ടൻ ഒരു തലയിണ എടുത്തുകൊണ്ടുവരാൻ പറഞ്ഞു. എന്നിട്ട് ഒറ്റയടിക്ക് തലകുത്തി നിന്നു. വീഴാതിരിക്കാനായി ഒപ്പമുള്ളവർ ചുറ്റും ചെന്ന് നിന്നു.പക്ഷേ, അതിന്റെ ഒന്നും ആവശ്യം വന്നില്ല. ഒറ്റ ടേക്കിൽ ഷോട്ട് റെഡി. അതൊരു ദൈവികതയാണ്. സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനെ എപ്പോൾ കണ്ടാലും കാലിൽ തൊട്ടാണ് തൊഴുന്നത്. അദ്ദേഹത്തെ അഭിനയം ആരും പഠിപ്പിച്ചിട്ടില്ല. പക്ഷേ, സ്റ്റണ്ട് പഠിപ്പിച്ചിട്ടുണ്ട്. അതു കൊണ്ടാണ് ത്യാഗരാജൻ മാസ്റ്ററെ തൊട്ടുതൊഴുന്നത്.
മനുഷ്യനെന്ന നിലയിലും ലാലേട്ടൻ അദ്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. അദ്ദേഹം മറ്റൊരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ഇന്നുവരെ കേട്ടിട്ടില്ല. മറ്റുള്ളവരുടെ കുറ്റം കേൾക്കുകയുമില്ല. അക്കാര്യത്തിൽ മലയാളികളുടെ സ്വഭാവത്തിന് നേർവിപരീതമായാണ് അദ്ദേഹം പെരുമാറുന്നത്. ആരെങ്കിലും വന്ന് മറ്റൊരാളുടെ കുറ്റം പറഞ്ഞാൽ ശ്രദ്ധിക്കാറേയില്ല. രണ്ടാമത്തെ വാചകം തുടങ്ങുമ്പോഴേക്കും പറയുന്നയാൾക്ക് കാര്യം പിടികിട്ടും.അത്തരത്തിൽ ലാലേട്ടൻ ഒരു റിഫൈൻഡ് സോളാണ് (കറകളഞ്ഞ ആത്മാവ്). ബന്ധങ്ങളെല്ലാം അകറ്റി, കണ്ണികളെല്ലാം മുറിച്ച്, സുഖലോലുപതയിൽ നിന്ന് അകന്ന് ആത്മാവിനെ ശുദ്ധി ചെയ്യണമെങ്കിൽ ശക്തമായ തപസ് വേണം. ഇതിനെല്ലാം നടുവിൽ നിന്നുകൊണ്ട് അത്തരം ഒരു അവസ്ഥയിലേക്ക് എത്തിയയാളാണ് ലാലേട്ടൻ. ഒരു മനുഷ്യന് ഇതിനപ്പുറം പരിശുദ്ധി നേടുക അസാദ്ധ്യമായിരിക്കും.
മോഹൻലാൽ ഈസ് എ ഡിറ്റാച്ച്ഡ് അറ്റാച്ച്ഡ് പേഴ്സൺ എന്ന് പറയാം. താൻ അഭിനയിച്ച ഒരു സിനിമ 150 ദിവസം ഓടിയാലും 12 ദിവസം ഓടിയാലും അദ്ദേഹത്തിന്റെ വികാരങ്ങൾക്ക് ചെറിയ ഏറ്റക്കുറച്ചിലുകളേ ഉണ്ടാവൂ. അയ്യോ എന്റെ സിനിമ തകർന്നുപോയല്ലോ എന്നൊരിക്കലും പരിതപിക്കില്ല. ഒരു മനുഷ്യനല്ലേ വിഷമം ഉണ്ടാകുമല്ലോ. ലാലേട്ടനത് വെറും മൂന്നുമിനിട്ടേ നീണ്ടു നിൽക്കൂ. സിനിമ 150 ദിവസം ഓടുമെന്ന് ഉറപ്പാകുമ്പോഴുള്ള സന്തോഷവും അതുപോലെയാണ്. ചിലപ്പോഴത് അരമിനിട്ട് കൂടുതൽ നീണ്ടുനിന്നേക്കാം. അത്രയേയുള്ളൂ. കൈയിൽ ഒരു സൂചികുത്തിയാലോ ബ്ളേഡ് കൊണ്ടാലോ വേദനിക്കും. പക്ഷേ, കൈ വെട്ടിയാൽ അത്ര വേദനിക്കില്ല. ഒരുതരം മരവിപ്പായിരിക്കും. അതാണ് ലാലേട്ടന്റെ അവസ്ഥ. ആ വേദനകൾക്കൊക്കെ അപ്പുറം എത്തിക്കഴിഞ്ഞു. അദ്ദേഹം ഉയർന്ന ആത്മീയതലം ഉള്ളൊരാളാണ്. ഭക്തിയല്ല ഉദ്ദേശിക്കുന്നത്. നമ്മുടെ ഉള്ളിലുള്ള ആത്മീയത, അല്ലെങ്കിൽ തത്ത്വമസി (അതു നീയാകുന്നു) എന്ന ഭാവം ലാലേട്ടന് കൂടുതലായുണ്ട്. അത് വളർത്തിയെടുത്തതാകാം.മറ്റുള്ളവരുടെ ദുഃഖങ്ങളെ മനസിലാക്കാനുള്ള കഴിവാണ് മറ്റൊരു പ്രത്യേകത. ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അതേക്കുറിച്ച് പറയാൻ ഇഷ്ടമല്ല. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയരുതെന്നാണ് അദ്ദേഹത്തിന്റെ നയം.