മഞ്ഞിൽവിരിഞ്ഞ പൂക്കളുടെ ഷൂട്ടിംഗ് സമയത്ത്
സിബിയും മോഹൻലാലും ഒരേ മുറിയിലായിരുന്നു താമസം.
അന്ന് തുടങ്ങിയ സൗഹൃദത്തെക്കുറിച്ച്
സംവിധായകൻ സിബി മലയിൽ എഴുതുന്നു....
നവോദയയുടെ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് എന്റെ സിനിമാ ജീവിതം തുടങ്ങിയത്. മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ ഫാസിലിന്റെ അസോസിയേറ്റായിരുന്നു. മോഹൻലാലിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഫാസിലിനും ജിജോയ്ക്കും ഒപ്പം ഞാനുമുണ്ട്. ആ സിനിമയിലെ തന്നെ ഒരു രംഗമാണ് ലാൽ അഭിനയിച്ച് കാണിച്ചത്. അന്നുവരെ കണ്ട് പരിചയിച്ചതിൽ നിന്ന് വ്യത്യസ്തമായ അഭിനയശൈലിയും സംഭാഷണ രീതിയുമായിരുന്നു ലാലിന്റേത്. എനിക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ഏറ്റവും കുറവ് മാർക്കാണ് ഞാൻ നൽകിയത്. പക്ഷേ, ലാലിന്റെ അഭിനയത്തിലെ പ്രത്യേകത മനസിലാക്കാൻ ഫാസിലിന് കഴിഞ്ഞു. ആ നിമിഷം മുതൽ മോഹൻലാൽ മലയാള സിനിമയുടെ ഭാഗമായി. സിനിമയിലെത്തുന്നതിന് മുമ്പേ ലാലിനെ ഔട്ടാക്കാൻ ശ്രമിച്ചയാൾ ഞാനാണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.
വില്ലനായി തിരഞ്ഞെടുത്ത ശേഷം കൊടൈക്കനാലിലെ ലൊക്കേഷനിലേക്കാണ് മോഹൻലാൽ വന്നത്. ഞങ്ങൾ ഒരു മുറിയിലായിരുന്നു താമസം. ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകൾ ചാർട്ട് ചെയ്യുന്നത് ഞാനായിരുന്നു. ആദ്യ ദിവസങ്ങളിൽ എന്നെ ചാർട്ട് ചെയ്യണ്ട. ആദ്യം ഇതൊക്കെ കണ്ട് പഠിക്കട്ടെയെന്ന് ലാൽ പറഞ്ഞു. അങ്ങനെ കുറച്ച് ദിവസം എന്റെ കൂടെ ക്ളാപ്പടിക്കാനും മറ്റും കൂടി. ഓരോ ഷോട്ടും എടുക്കുന്നതിന് മുമ്പ് ഇത് ഓക്കെയാകുമോ ഇല്ലയോ എന്ന് ബെറ്റ് വയ്ക്കുന്നതായിരുന്നു ഞങ്ങളുടെ വിനോദം. ഇപ്പോഴും തുടരുന്ന സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.
പിന്നീട് അഞ്ചുവർഷം കഴിഞ്ഞാണ് ഞാൻ സ്വതന്ത്രസംവിധായകനാകുന്നത്. മുത്താരം കുന്ന് പി.ഒ യായിരുന്നു ആദ്യചിത്രം. റിലീസ് ദിവസം തന്നെ ലാൽ എന്നെ വിളിച്ച് ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണെന്ന ് പറഞ്ഞു. നമുക്ക് ഒന്നിച്ച് ഒരു ചിത്രം ചെയ്യേണ്ടെയെന്നും ചോദിച്ചു. അതാണ് ലാലിന്റെ സൗഹൃദം. അങ്ങനെയാണ് ഞങ്ങൾ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നത്.
മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില സിനിമകൾ സംവിധാനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. അതിൽ ലാലിന് ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്ത ഭരതം എന്ന സിനിമയെ കുറിച്ച് ഒരുപാട് ഓർമ്മകളുണ്ട്.
യഥാർത്ഥത്തിൽ ആ സമയത്ത് മോഹൻലാലിനെ നായകനാക്കി ചെയ്യാനിരുന്നത് വേറൊരു സിനിമയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ ലാൽ തന്നെയായിരുന്നു നിർമ്മാണം. സെവൻ ആർട്സ് വിജയകുമാർ വിതരണവും. ചിത്രത്തിന്റെ പൂജയ്ക്ക് ദിവസം നിശ്ചയിച്ച് അതിഥികളെയെല്ലാം ക്ഷണിച്ചു. പക്ഷേ ആ കഥയ്ക്ക്, മുമ്പ് വന്ന ഒരു പൈങ്കിളി കഥ എന്ന സിനിമയുമായി സാമ്യമുണ്ടെന്ന് ഞാനും ലോഹിയും അറിയുന്നത് അന്ന് രാവിലെയാണ്. പൂജ കഴിയുന്ന വരെ ഞങ്ങളിത് ആരോടും പറഞ്ഞില്ല. അതിഥികൾ പോയപ്പോൾ ലാലിനോടും വിജയകുമാറിനോടും കാര്യം അവതരിപ്പിച്ചു. ഒരാഴ്ചയ്ക്കകം വേറൊരു കഥ കണ്ടുപിടിച്ചാൽ നമുക്ക് ഈ പ്രോജക്ടുമായി മുന്നോട്ട് പോകാമെന്ന് ലാൽ ഉറപ്പുതന്നു. അങ്ങനെ അന്ന് ഉച്ചയ്ക്ക് മുമ്പ് ചർച്ച ചെയ്ത് രൂപപ്പെടുത്തിയ കഥയാണ് ഭരതം. ലാലിന് അത് ഇഷ്ടപ്പെടുകയും ചെയ്തു.
അതിലെ പാട്ടുകളെല്ലാം സൂപ്പർഹിറ്രായി. രാമകഥ ഗാനലയം എന്ന പാട്ടാണ് ഏറ്റവും ശ്രദ്ധേയമായത്. അനിയത്തിയുടെ കല്യാണ ചടങ്ങുകൾക്ക് ഭംഗം വരാതിരിക്കാൻ ജ്യേഷ്ഠൻ മരിച്ച വിവരം ആരെയും അറിയിക്കാതെ, വേദന കടിച്ചമർത്തി ലാലിന്റെ കഥാപാത്രം പാടുന്ന പാട്ടാണത്. തീക്കുണ്ഡത്തിന് നടുവിൽ നിൽക്കുന്നത് പോലെയാണ് അയാളുടെ മാനസികാവസ്ഥ. അതിനാൽ ചുറ്റിനും തീയിട്ട ശേഷം ലാൽ അതിന് നടുവിലിരുന്ന് പാടുന്ന രീതിയിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് പൂർത്തിയാക്കി തീക്കുണ്ഡത്തിന് വെളിയിൽ വന്നപ്പോഴേക്കും ലാലിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം കരിഞ്ഞുപോയിരുന്നു. ശരീരം ചൂടുതട്ടി ചുവക്കുകയും ചെയ്തു. വേറെ ഏത് അഭിനേതാവായിരുന്നെങ്കിലും ഷൂട്ടിംഗ് നിറുത്തി വയ്ക്കേണ്ടി വരുമായിരുന്നു.
ഭരതത്തിലെ തന്നെ മറ്റൊരു രംഗത്തിൽ മോഹൻലാൽ പൊലീസ് സ്റ്റേഷനിൽ ചെന്ന് ചേട്ടന്റെ വാച്ചും ഉടുപ്പുമൊക്കെ തിരിച്ചറിയുന്നുണ്ട്. അതിന് തൊട്ടു മുമ്പ് അജ്ഞാത മൃതദേഹത്തിൽ നിന്ന് ലഭിച്ച സാധനങ്ങൾ പൊലീസുകാരൻ കൊണ്ടുവരുന്നതും കാത്ത് ലാലിന്റെ ഒരു ഇരിപ്പുണ്ട്. മരിച്ചുപോയത് തന്റെ ചേട്ടൻ ആയിരിക്കല്ലേ എന്ന പ്രാർത്ഥന നമുക്ക് ആ മുഖത്ത് കാണാം. ക്ളോസപ്പ് ഷോട്ടിൽ ഡയലോഗില്ലാതെ അഭിനയിക്കുക എന്നതാണ് ഒരു നടൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എത്ര മനോഹരമായാണ് ലാൽ ആ മുഹൂർത്തം അവതരിപ്പിച്ചത്.
കിരീടത്തിലും സദയത്തിലും ദശരഥത്തിലും ഹിസ് ഹൈനസ് അബ്ദുള്ളയിലുമെല്ലാം മനസിൽ തട്ടുന്ന അത്തരം രംഗങ്ങൾ കാണാം. സദയത്തിൽ ലാലിന്റെ കഥാപാത്രം മൂന്ന് കുട്ടികളെ കൊല്ലുന്നുണ്ട്. ഭ്രാന്തമായ മാനസികാവസ്ഥയിലാണ് അയാളത് ചെയ്യുന്നത്. ആ ഷോട്ട് എടുക്കുമ്പോൾ ലാലിന്റെ കണ്ണുകളിൽ ഭ്രാന്തമായൊരു തിളക്കം ഞാൻ കണ്ടു. വളരെ സ്വാഭാവികമായി വന്നതാണ് കണ്ണിലെ ആ നനവും തിളക്കവും. അതാണ് മോഹൻലാലിന്റെ മാസ്മരികത.
ഏത് കഥ ആലോചിച്ചാലും മോഹൻലാൽ എന്ന നടനാണ് ആദ്യം മനസിലേക്ക് എത്തുന്നത്. വരും നാളുകളിൽ നമ്മുടെ ഭാഷയ്ക്കും ദേശത്തിനും അപ്പുറം മോഹൻലാലിന്റെ പ്രതിഭയുടെ അടയാളപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. ലാലിനെ പോലെ പ്രേക്ഷകരുടെ സ്നേഹവും ആരാധനയും ലഭിച്ച നടന്മാർ മലയാള സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമാണ്.