amina
AMINA

കാബൂൾ: അഫ്ഗാനിലെ ദഷ്ട് ഇ ബർച്ചി നാഷണൽ ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്ന് ഇക്കഴി‌ഞ്ഞ 12ന് ഉയർന്നുകേട്ടത് പ്രസവവേദന കൊണ്ടുള്ള അമ്മമാരുടെ നിലവിളികളും ചോരക്കുഞ്ഞുങ്ങളുടെ കരച്ചിലും മാത്രമായിരുന്നില്ല. കൂട്ടമരണത്തിന്റെ അലറിക്കരച്ചിലുകളായിരുന്നു. ആശുപത്രിയിലേക്ക് പാഞ്ഞുവന്ന ഭീകരർ തലങ്ങും വിലങ്ങും വെടിയുതിർത്തപ്പോൾ നഷ്ടമായത് അമ്മമാരും ചോരക്കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം 24 പേരുടെ ജീവനാണ്.

ജനിച്ച് രണ്ടാമത്തെ മണിക്കൂറിൽ കാലിൽ വെടിയേറ്റ ആമിനയെന്ന പെൺകുട്ടിയുടെ അസാധാരണമായ അതിജീവനത്തിന്റെ കഥയാണ് നൊമ്പരങ്ങൾക്കിടയിലും എത്തുന്ന ആശ്വാസവാർത്ത. ബീബി നസിയയുടെയും ഭർത്താവ് റഫിയുള്ളയുടെയും മൂന്നാമത്തെ കുട്ടിയാണ് ആമിന. രാവിലെ 8 നായിരുന്നു ആമിനയുടെ ജനനം. 10 മണി ആയപ്പോഴേക്കും ആക്രമണം തുടങ്ങി. ആശുപത്രിക്കു പുറത്ത് സ്ഫോടന ശബ്ദം കേട്ടുതുടങ്ങി. ബീബിയുടെ ഭർത്താവ് ഉൾപ്പെടെ ആശുപത്രിക്കുള്ളിൽ സ്വന്തക്കാർ ഉള്ളവരെല്ലാം ഉടൻ എത്തിച്ചേർന്നു. എന്നാൽ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. മൂന്ന് ആയുധധാരികൾ മെറ്റേണിറ്റി വാർഡ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു. പ്രസവം കഴിഞ്ഞവരോ പ്രസവത്തിനു കാത്തുനിൽക്കുന്നവരോ ആയി 26 പേർ അപ്പോൾ വാർഡിൽ ഉണ്ടായിരുന്നു. കുറച്ചു പേർ സുരക്ഷിത മുറികളിൽ കയറി രക്ഷപ്പെട്ടു. മറ്റുള്ളവരെ ഭാഗ്യം കടാക്ഷിച്ചില്ല. അവരിൽ ബീബിയും ആമിനയും ഉണ്ടായിരുന്നു. 16 ഗർഭിണികൾ അപ്പോൾ തന്നെ വെടിയേറ്റു വീണു. ബീബി നസിയയും കൊല്ലപ്പെട്ടു. പക്ഷേ, ജനിച്ചു മണിക്കൂറുകൾ മാത്രം പ്രായമായ ആമിനയുടെ കാലുകളിൽ വെടിയേറ്റെങ്കിലും ജീവൻ രക്ഷിക്കാനായി. ആമിനയെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി വെടിയുണ്ട നീക്കംചെയ്യുകയായിരുന്നു. തന്റെ പിഞ്ചോമനയുടെ ജീവൻ തിരികെ തന്നതിന് ദൈവത്തോട് നന്ദി പറയുകയാണ് പിതാവ് റഫിയുള്ള.

ഒളിച്ചിരുന്ന് പ്രസവിച്ചു,​ കൈകൊണ്ട് പൊക്കിൾക്കൊടി മുറിച്ചു

ആക്രമണം നടന്നുകൊണ്ടിരിക്കെ ജീവനുംകൊണ്ടോടി ഒരുമുറിയിൽ ഒളിച്ചിരുന്ന് തന്റെ കുഞ്ഞിന് ജന്മംനൽകിയ സ്ത്രീയുടെ അനുഭവം ആരുടെയും കരൾ പിളർക്കുന്നതാണ്. അവരോടൊപ്പം മുറിയിൽ ഒളിച്ച ഒരു മിഡ്‌വൈഫും കുറച്ചുസ്ത്രീകളും ചേർന്നാണ് പ്രസവമെടുത്തത്. അമ്മ പ്രാണഭയത്താൽ പ്രസവവേദന കടിച്ചമർത്തി. കു‌ഞ്ഞിന്റെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വായപൊത്തിപ്പിടിച്ചു. കൈകൊണ്ട് പൊക്കിൾക്കൊടി മുറിച്ചു. ശിരോവസ്ത്രവവും മറ്രും കൊണ്ടാണ് കുഞ്ഞിനെ പുതപ്പിച്ചത്.