വാഷിംഗ്ടൺ: ട്വൈലൈറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഗ്രിഗറി ടൈർ ബോയിസേയും (30) കാമുകി നതാലി അഡേപൗവിനേയും (28) ലാസ്‌വേഗാസിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് പുറത്ത് കുറച്ച് ദിവസങ്ങളായി കാർ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഗ്രിഗറിയുടെ ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ലോകപ്രശസ്ത മൂവി സീരിസായ ട്വൈലൈറ്റിന്റെ ആദ്യ ഭാഗത്തിൽ, നായികയായ ബെല്ല സ്വാനിന്റെ സുഹൃത്തായ ടൈലർ ക്രൗളി എന്ന കഥാപാത്രത്തെ ആയിരുന്നു ഗ്രിഗറി അവതരിപ്പിച്ചത്. 2018ൽ അപ്പോകാലിപ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർന്ന്, കുടുംബ ബിസിനസ് നടത്തി വരികയായിരുന്നു ഗ്രിഗറി.