റിയാദ്: സൗദിയിൽ കൊവിഡ് ചികിൽസയിലായിരുന്നവരിൽ പകുതിയിലധികം പേരും രോഗമുക്തി നേടിയതായി റിപ്പോർട്ട്. 3,026 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ ആശുപത്രിവിട്ടത്. അതേസമയം, കുവൈറ്റിൽ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 5,000 കടന്നു. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് മരണം 731 ആയി. സൗദി (329 ), യു.എ.ഇ( 227 ), കുവൈറ്റ്( 121 ), ബഹ്റൈൻ(12), ഒമാൻ(27), ഖത്തർ(15) എന്നിങ്ങനെയാണ് മരണനിരക്ക്. ആറ് ഗൾഫ് രാജ്യങ്ങളിലായി ആകെ 1,50,862 കൊവിഡ് രോഗബാധിതരാണ് ഉള്ളത്.
യുഎഇയിലേക്ക് മടങ്ങിവരാം
അവധിക്കു നാട്ടിലേക്ക് പോയ, യു.എ.ഇയിൽ താമസവീസയുള്ള പ്രവാസികൾക്ക് മടങ്ങിവരാൻ അനുമതി. അടുത്തമാസം ഒന്നുമുതൽ മടങ്ങിവരാനാകുമെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണം. കുടുംബാംഗങ്ങൾ യു.എ.ഇയിലുള്ള, താമസവീസയിലുള്ള പ്രവാസികൾക്കാണ് മടങ്ങിവരാൻ ആദ്യപരിഗണന.