choked-netflix

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന റോഷൻ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ചോക്ക്ഡ് : പൈസ ബോൽതാ ഹേ’ നെറ്റ്ഫ്ളിക്സിൽ റീലിസിനെത്തുന്നു. ജൂൺ അഞ്ചിനാണ് ചിത്രത്തിന്റെ നെറ്റ്ഫ്ളിക്സ് പ്രീമിയർ. ഗീതു മോഹൻദാസിന്റെ മൂത്തോനിലെ പ്രകടനത്തിന് ശേഷമായിരുന്നു അനുരാഗ് കശ്യപ് റോഷനെ ഈ ചിത്രത്തിലേക്ക് വിളിച്ചത്. മൂത്തോൻ ഇറങ്ങിയ സമയത്ത് തന്നെ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

സസ്‌പെൻസ് ത്രില്ലറായാണ് ചോക്ക്ഡ് ഒരുക്കിയിരിക്കുന്നത്. മിഡിൽ ക്ലാസ് ജീവിതം നയിക്കുന്ന ഒരു ബാങ്ക് ജീവനക്കാരിക്ക് പണം തരുന്ന ഒരു അക്ഷയപാത്രത്തിന് തുല്യമായ ഒരു പുതിയ മാർഗം തുറന്നുവരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ എന്നാണ് സൂചനകൾ.

സൈയാമി ഖേർ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സരിത പിള്ളയെ അവതരിപ്പിക്കുന്നത്. സരിതയുടെ ഭർത്താവായ സുശാന്തായിട്ടാണ് റോഷൻ മാത്യു ചിത്രത്തിൽ അഭിനയിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി തിയറ്ററുകൾ അടച്ചതോടെ തിയറ്റർ റീലിസിന് ഒരുങ്ങിയിരിരുന്ന പല ചിത്രങ്ങളും ഇപ്പോൾ ഓൺലൈൻ റീലിസായി എത്തുകയാണ്.

ജയസൂര്യയുടെ സൂഫിയും സുജാതയും, ജ്യോതിക നായികയായ പൊൻമകൾ വന്താൽ, കീർത്തി സുരേഷിന്റെ പെൻഗ്വിൻ, വിദ്യാ ബാലന്റെ ശകുന്തള ദേവി, അമിതാഭ് ബച്ചൻ – ആയുഷ്മാൻ ഖുറാന ചിത്രം ഗുലാബോ സിതാബോ എന്നീ ചിത്രങ്ങളും ഓൺലൈൻ റിലീസിനെത്തുകയാണ്.