ന്യൂഡൽഹി: കൊവിഡിനെ ചെറുക്കാനുള്ള ആഗോള ലോക്ക്ഡൗണിനെ തുടർന്ന്, ചൈനയിൽ നിന്ന് നിർമ്മാണ സാമഗ്രികളുടെ ഇറക്കുമതി നിലച്ചത് ഇന്ത്യയിൽ സോളാർ വിപണിക്ക് തിരിച്ചടിയാകുന്നു. നിർമ്മാണ സാമഗ്രികൾക്ക് ഇന്ത്യയുടെ മുഖ്യ ആശ്രയമാണ് ചൈന. ഫെബ്രുവരിയിൽ നിലച്ച ഇറക്കുമതി ഇനിയും പുനരാരംഭിച്ചിട്ടില്ല.
നിർമ്മാണക്കുറവ് മൂലം സോളാർ പാനൽ വിതരണ ശൃംഖലയുടെ താളംതെറ്റി. ലോക്ക്ഡൗണിൽ വ്യാവസായിക രംഗത്തു നിന്നുള്ള വൈദ്യുതോർജ ഡിമാൻഡ് കുറഞ്ഞതും തിരിച്ചടിയായി. 2020 ജനുവരി-മാർച്ച് പാദത്തിൽ 1,080 മെഗാവാട്ട്‌സ് (എം.ഡബ്ള്യു) സോളാർ എനർജിയാണ് (സൗരോർജം) ഇന്ത്യ കൂട്ടിച്ചേർത്തത്. ഒക്‌ടോബർ-ഡിസംബർ പാദത്തിലെ 1,897 മെഗാവാട്ട്സിനേക്കാൾ 43 ശതമാനവും 2019 ജനുവരി-മാർച്ചിലെ 1,761 മെഗാവാട്ട്‌സിനേക്കാൾ 39 ശതമാനവും കുറവാണിത്.
സൗരോർജ ശേഷിയിൽ കഴിഞ്ഞപാദത്തിൽ കൂട്ടിച്ചേർക്കപ്പെട്ട കണക്ക്, 2016 ജനുവരി-മാർച്ചിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്‌ന്നതാണ്. കഴിഞ്ഞപാദത്തിലെ മൊത്തം കണക്കിൽ 886 മെഗാവാട്ട്‌സും ലഭിച്ചത് വൻകിട സോളാർ പദ്ധതികളിലൂടെയാണ്. വീടുകളുടെയും മറ്റും മേൽക്കൂരകളിൽ സ്ഥാപിച്ച സോളാർ പാനലുകളിലൂടെ 194 മെഗാവാട്ട്‌സും ഉത്‌പാദിപ്പിച്ചു. പ്രതിസന്ധികളെ തുടർന്ന്, നിരീക്ഷണ ഏജൻസികൾ 2020ലെ ഇന്ത്യയുടെ മൊത്തം സൗരോർജ ഉത്‌പാദന പ്രതീക്ഷ 40 ശതമാനത്തോളം കുറച്ച് അഞ്ച് ജിഗാവാട്ട്‌സ് (ജി.ഡബ്ള്യു) ആക്കിയിട്ടുണ്ട്.
സോളാർ ചൈന!
$216 കോടി
2018-19 സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം സോളാർ സാമഗ്രി ഇറക്കുമതി 216 കോടി ഡോളറായിരുന്നു. ഏകദേശം 16,410 കോടി രൂപ. ഇതിൽ 169 കോടി ഡോളറും (12,800 കോടി രൂപ) ചൈനയിൽ നിന്നായിരുന്നു.
തൊട്ടുമുൻവർഷങ്ങളിലെ കണക്ക് :
(മൊത്തം ഇറക്കുമതിയും ബ്രായ്ക്കറ്റിൽ ചൈനയിൽ നിന്നുള്ളതും)
2016-17 : $319 കോടി ($281 കോടി)
2017-18 : $383 കോടി ($341 കോടി)
$117 കോടി
കഴിഞ്ഞവർഷം (2019-20) ആദ്യ ഒമ്പതുമാസക്കാലത്ത് (ഏപ്രിൽ-ഡിസംബർ) ചൈനയിൽ നിന്നുള്ള ഇറക്കുമതി 117 കോടി ഡോളറാണ് (8,900 കോടി രൂപ).
80%
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സോളാർ സെൽ, മോഡ്യുളുകളിൽ 80 ശതമാനവും ചൈനയിൽ നിന്നാണ്.
36.8GW
ഇന്ത്യയിൽ ഇതുവരെ സോളാർ ഊർജ സ്ഥാപിക്കൽ (ഇൻസ്‌റ്റലേഷൻ) 36.8 ജിഗാവാട്ട്‌സ് (ജി.ഡബ്ല്യു) ആണ്. ഇതിൽ 32.2 ജി.ഡബ്ള്യു വൻകിട പദ്ധതികളിൽ നിന്നും 4.6 ജി.ഡബ്ള്യു വീടുകളുടെയും മറ്റും മേൽക്കൂരകളിൽ സ്ഥാപിച്ച സോളാർ പാനലുകളിൽ നിന്നുമാണ്.
36.9GW
രാജ്യത്ത് അധികമായി 36.9 ജിഗാവാട്ട്‌സിന്റെ വൻകിട പദ്ധതികൾ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. ഇതിന് പുറമേ, 38.8 ജിഗാവാട്ട്‌സിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു.
കർണാടക മുന്നിൽ
രാജ്യത്തെ മൊത്തം സോളാർ പാനൽ ഇൻസ്‌റ്റലേഷനിൽ 23 ശതമാനം വിഹിതവുമായി കർണാടകയാണ് മുന്നിൽ. 15 ശതമാനവുമായി രാജസ്ഥാൻ രണ്ടാംസ്ഥാനത്ത്. ആന്ധ്ര, തമിഴ്നാട്, തെലങ്കാന എന്നിവയാണ് യഥാക്രമം ആദ്യ അഞ്ചിലുള്ള മറ്ര് സംസ്ഥാനങ്ങൾ.