ഇതേപോലെ മനസമാധാനത്തോടെ
ജീവിച്ച് പോവണമെന്നതാണ്
എന്റെ ഏറ്റവും വലിയ സ്വപ്നം.
ആയുസും
ആരോഗ്യവുമുണ്ടെങ്കിൽ
എനിക്ക് തൊണ്ണൂറാമത്തെ
വയസിലും അഭിനയിക്കണം-
മോഹൻലാൽ
മനസ് തുറക്കുന്നു......
എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രം പോലെയാണ് മോഹൻലാൽ.ഒട്ടും താരപരിവേഷമില്ല. സാധാരണക്കാരിൽ സാധാരണക്കാരൻ.എറണാകുളത്ത് വച്ച് കാണുമ്പോൾ പതിവിലുമേറെ ശാന്തതയായിരുന്നു ആ മുഖത്ത് . ലോകം ലോക് ഡൗണിലാവുന്നതിന് മുൻപ് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിൽ നിന്നും മറ്റുമായി മുന്നൂറിലേറെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തങ്ങളുടെ ഇഷ്ടതാരത്തെ കാണാനെത്തിയ ദിവസമായിരുന്നു അന്ന്.ആരാധകരിലോരോരുത്തർക്കുമൊപ്പം ഫോട്ടോയെടുത്ത മോഹൻലാൽ അവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കും പോസ് ചെയ്തു.ഒരു മണിക്കൂറിലധികം ചിരിച്ചും കുശലം പറഞ്ഞും മോഹൻലാൽ അവരിലൊരാളായി. താരത്തെ ആദ്യമായി നേരിൽ കാണുന്നവർ അദ്ഭുതാദരവോടെ കാലിൽ വീണു.
''ലാലേട്ടൻ കീ ജയ്..."" ആരാധകർ ആവേശത്തോടെ വിളിച്ചു.
'മാരത്തോൺ"ഫോട്ടോ ഷൂട്ട് കഴിഞ്ഞ് ഉച്ചയൂണിനായി കാരവനിലേക്ക് മടങ്ങുമ്പോൾ മോഹൻലാലിനോട് ചോദിച്ചു. '' ഇത്രയുംനേരം ഒരു മുഷിപ്പുമില്ലാതെ എങ്ങനെ ഇത്ര ഡൗൺ ടു എർത്തായി ആരാധകരോട് ഇടപെടാൻ പറ്റുന്നു?''
'' എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ വേണ്ടി എത്രയോ ദൂരം യാത്രചെയ്താണ് അവർ വരുന്നത്. കഴിയുന്ന സമയം നിന്നു കൊടുക്കുന്നതിലെന്താ? ലാലേട്ടായെന്ന് വിളിച്ച് അവർ കാണിക്കുന്ന സ്നേഹത്തിന് എന്തെങ്കിലും തിരിച്ചും കൊടുക്കണ്ടേ? ""
സീനിയർ സംവിധായകർക്കൊപ്പമാണല്ലോ കൂടുതലും വർക്ക് ചെയ്യുന്നത് ?
നമുക്ക് താത്പര്യം തോന്നുന്ന സിനിമകൾ ഉണ്ടാവണം. എത്രയോ തിരക്കഥകൾ കേട്ടു. എഴുതുന്നയാൾക്കും അത് എടുക്കാൻ പോവുന്നയാൾക്കും ചിലപ്പോൾ അത് വലിയ സിനിമയായിരിക്കും. പക്ഷേ വായിക്കുമ്പോൾ അത് നമ്മൾ ചെയ്യേണ്ട സിനിമയാണെന്ന് തോന്നില്ല. ഇത് ലാലേട്ടൻ ചെയ്താലേ നന്നാകൂവെന്ന് പറഞ്ഞ ഒരുപാട് തിരക്കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ അത് നമ്മൾ ചെയ്യേണ്ട കാര്യമില്ല.
പലതും നമ്മൾ മുൻപ് ചെയ്തത് തന്നെയായിരിക്കും അല്ലേ?
എല്ലാം മുൻപ് ചെയ്തത് തന്നെയാണ്. നമ്മളെ സ്പർശിക്കുന്ന നമ്മളെ മോഹിപ്പിക്കുന്ന എന്തെങ്കിലുമൊരുഎലമെന്റ് അതിൽ വേണം. എന്നെ സമീപിക്കുന്നവർക്കെല്ലാം ഉടൻ സിനിമ ചെയ്യണം. ആർക്കും കാത്തിരിക്കാൻ വയ്യ. സത്യസന്ധമായി നമ്മൾ കാര്യങ്ങൾ പറയുമ്പോൾ അവർ വിചാരിക്കും ഒഴിവാക്കാനായി പറയുന്നതാണെന്ന്. മലയാളത്തിലെ തിരക്കുകൾക്കിടയിൽ നിന്ന് ഞാൻ തെലുങ്ക് സിനിമ ചെയ്യാൻ പോയത് അത്രയും രസകരമായ വിഷയമായതു കൊണ്ടാണ്.
ഇപ്പോൾ അന്യഭാഷാ സിനിമകൾ ചെയ്യാൻ മനസ് വയ്ക്കുന്നുണ്ടോ?
മറ്റ് ഭാഷകളിലഭിനയിക്കാൻ എനിക്ക് താത്പര്യമാണ്. മറ്റൊരു നാട്, സാഹചര്യം, വേറെ അഭിനേതാക്കൾ എന്നും കാണുന്ന മുഖങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ഒരു മാറ്റം.
അന്യഭാഷാ സിനിമകളോട് നമ്മുടെ മാസ് സിനിമകൾ എങ്ങനെ മത്സരിക്കും?
പുലിമുരുകൻ പോലൊരു സിനിമ നമ്മൾ ചെയ്യുന്നില്ലേ! ഒരു പക്ഷേ അവർ ക്കും ചെയ്യാൻ പറ്റുമായിരിക്കും. പക്ഷേ അത് നമ്മൾ ചിന്തിച്ചു. പ്രണയം പോലൊരു സിനിമ ചിലപ്പോൾ അവർക്ക് എടുക്കാൻ പറ്റില്ല. ഒരുപാട് വ്യത്യാസങ്ങളുണ്ട് മലയാളവും മറ്റു ഭാഷകളും തമ്മിൽ. സംസ് കാരം, സ്വഭാവം എന്നിങ്ങനെ.
താരങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെപ്പറ്റി?
സിനിമയിലുള്ളവർ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അവർ പ്രവർത്തിക്കുന്നത് സിനിമയ്ക്ക് വേണ്ടിയല്ലല്ലോ! ജനപ്രതിനിധി നാടിന്റെ എല്ലാ കാര്യങ്ങളും നോക്കണം. സിനിമയുടെ ചില കാര്യങ്ങൾ പറഞ്ഞാൽ അവർക്ക് ചിലപ്പോൾ സഹായിക്കാൻ പറ്റും. അല്ലാതെ സിനിമയ്ക്ക് ഗുണകരമാകുന്ന രീതിയിൽ അവരെന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്കിപ്പോൾ പറയാൻ പറ്റില്ല. അതുകൊണ്ടാണ് സിനിമയ്ക്ക് ഒരു മന്ത്രി എന്ന ആശയം ഇവിടെയുണ്ടായത്. സിനിമാതാരങ്ങൾക്ക് സിനിമയെക്കുറിച്ച് കൂടുതലറിയാം. സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചറിയാം. അത്തരത്തിൽ അവർക്ക് നമ്മളെ സഹായിക്കാൻ കഴിയും.
ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾ ഇലക് ഷന് മത്സരിക്കാൻ ക്ഷണിച്ചാൽ?
അതിലെനിക്ക് യാതൊരു താത്പര്യവുമില്ല. അങ്ങനെ ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ ചില സംഭാഷണങ്ങളിലോ ബ്ലോഗിലെ ചില പരാമർശങ്ങളുടെയൊക്കെ പേരിലോ ഇയാൾ അവരുടെയാളാണ്, മറ്റവരുടെയാളാണ് എന്നൊക്കെ പറയാറുണ്ട്. എനിക്ക് അതൊന്നും ഇതുവരെ ബാധകമല്ല. എല്ലാവരോടും സൗഹൃദമുള്ളയാളാണ് ഞാൻ. ഞാനെന്തെഴുതിയാലും ഒരാളെ പറ്റിയാണെന്ന് ഒരാൾക്ക് തോന്നിയാൽ ഞാനെന്ത് ചെയ്യാനാണ്? ഒരാളെ പിൻപോയിന്റ് ചെയ്ത് ഞാനിതുവരെ ഒന്നും എഴുതിയിട്ടില്ല. അത്തരത്തിൽ രാഷ്ട്രീയമായി നല്ല അറിവും വിവരവുമുള്ളൊരാളല്ല ഞാൻ.
ഏത് കാര്യത്തിലും നമുക്കൊരു പ്രതിബദ്ധത വേണം. കക്ഷിരാഷ്ട്രീയത്തോട് അല്ലെങ്കിൽ ഒരു പാർട്ടിയോട് താത്പര്യം വരണമെങ്കിൽ എനിക്കതിനെകുറിച്ച് നല്ല ധാരണവേണം.കോൺഗ്രസിനെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചോ ബി.ജെ.പിയെക്കുറിച്ചോ ചോദിച്ചാൽ ആധികാരികമായി പറയാൻ എനിക്കറിയില്ല. അങ്ങനെയുള്ള ഒരാൾ ആ പാർട്ടിയിൽ എങ്ങനെപോയി ചേരും? അല്ലെങ്കിൽ നമ്മൾ അതിനെക്കുറിച്ച് വ്യക്തമായി പഠിക്കണം. ഇപ്പോൾ അതിനുള്ള സമയമില്ല. ഞാൻ വളരെ സ്വതന്ത്രമായി നടക്കാനിഷ്ടപ്പെടുന്നയാളാണ്. ഞാൻ സിനിമയിലെത്തിയിട്ട് നാൽപ്പത് വർഷമായി . കുറച്ചുനാൾ കഴിയുമ്പോൾ സിനിമകൾ കുറയ്ക്കും അല്ലെങ്കിൽ സിനിമകൾ കുറയും. ആ സമയത്ത് എനിക്ക് ഒരുപാട് യാത്രചെയ്യണമെന്നുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നുണ്ട്. ഈ ലോകം മുഴുവൻ കാണണമെന്നുണ്ട്.ഈ സമയത്ത് എന്റെ മനസിൽ ഈ ഉത്തരമാണ്. നാളെ ഇതല്ലല്ലോ നിങ്ങൾ പറഞ്ഞതെന്ന് ചോദിച്ചാൽ എനിക്കറിയില്ല.അഭിപ്രായങ്ങൾ മാറാം, മാറാതിരിക്കാം.
ഒരു വർഷം രണ്ടോ മൂന്നോ സിനിമകൾ മാത്രമേ ചെയ്യൂവെന്ന തീരുമാനമെടുത്തതായി കേട്ടു?
പണ്ട് പലരുടെയും ഇഷ്ടത്തിന് ഞാൻ സിനിമ ചെയ്തിരുന്നു. ഇനി ഞാൻ എന്റെ ഇഷ്ടത്തിന് സിനിമകൾ ചെയ്യട്ടെ. എന്റെ നിഗമനത്തിൽ എന്തെങ്കിലും പറ്റിയാൽ അതെന്റെ പിഴവാണെന്ന് എനിക്ക് പറയാമല്ലോ. അഭിനേതാക്കൾ നിർമ്മാണ കമ്പനികൾ തുടങ്ങുന്നതിന്റെ ഒരു കാരണം അതാണ്. മറ്റു പലരും പറയും പണം മാത്രമാണ് അതിന് പിന്നിലെ ആകർഷണമെന്ന് . എന്നാൽ സത്യം അതല്ല. സ്വന്തം പ്രോജക്ടാകുമ്പോൾ അഭിനേതാവിന് വർക്ക് ചെയ്യാൻ ഒരുപാട് സ്വാതന്ത്ര്യം കിട്ടും . പലരും പറയാറുണ്ട് സൂപ്പർ താരങ്ങൾ കൈകടത്തി എന്നൊക്കെ. നമ്മൾ കാശ് മുടക്കുന്ന സിനിമയുടെ കാര്യങ്ങളിൽ നമ്മളല്ലാതെ ആരാണ് കൈകടത്തേണ്ടത്?
പുതിയ തലമുറയിലെ നായകന്മാരെക്കുറിച്ച് എന്താണ് അഭിപ്രായം?
ഞങ്ങളുമൊക്കെ ആ പ്രായമൊക്കെ കടന്ന് വന്നവരാണ്. അവർക്ക് നല്ല സിനിമകൾ കിട്ടണം. ഞങ്ങൾ വന്നസമയത്ത് സംവിധായകരിലും എഴുത്തുകാരിലുമൊക്കെ ഒരുപാട് മാസ്റ്റേഴ്സുണ്ടായിരുന്നു. ഏത് ടൈപ്പ് സിനിമയും ചെയ്യാൻ കഴിവുള്ളവർ. ശശിയേട്ടൻ, ശശികുമാർ സാർ, ജോഷി സാർ, ഹരിഹരൻസാർ, പ്രിയൻ, പത്മരാജൻ സാർ, ഭരതേട്ടൻ, എം.ടി സാർ, ദാമോദരൻ മാഷ്, ജോൺപോൾ, അരവിന്ദൻ, സിബിമലയിൽ, കമൽ, ലോഹിതദാസ്... അങ്ങനെ വലിയൊരു നിര. പുതിയ തലമുറയ്ക്കും അതുപോലൊരു ഭാഗ്യമുണ്ടാകട്ടെ. അത്രയൊന്നും സ്ട്രഗിളനുഭവിക്കാത്ത ഭാഗ്യവാന്മാരാണ് ഞങ്ങളൊക്കെ. അങ്ങനെയൊരു കാലത്താണ് ഞങ്ങൾ വന്നത്. ഒരുപാട് തേടിപ്പോകേണ്ടിവന്നില്ല ഞങ്ങൾക്ക്.
നാൽപ്പത് വർഷത്തെ സുദീർഘമായ അഭിനയ ജീവിതത്തിൽ ഇനിയുള്ള ഏറ്റവും വലിയ സ്വപ്നമെന്താണ്?
ഇതുപോലെ മനഃസമാധാനത്തോടെ ജീവിച്ച് പോകണമെന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. അനുഗ്രഹിക്കപ്പെട്ട ഒരു പ്രൊഫഷനാണിത്. ആയുസും ആരോഗ്യവുമുണ്ടെങ്കിൽ എനിക്ക് തൊണ്ണൂറാമത്തെ വയസിലും അഭിനയിക്കണം. മറ്റേതൊരു പ്രൊഫഷനിലും പ്രായം ഒരു ഘടകമാണ്.