കാഠ്മണ്ഡു: ഇന്ത്യയ്ക്കെതിരെ വിവാദ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി. ഇന്ത്യയിൽ നിന്നുള്ള കൊറോണ വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളതിനേക്കാൾ മാരകമായി തോന്നുന്നുവെന്നും അത് കൂടുതൽ ആളുകളെ രോഗബാധിതരാക്കുന്നുവെന്നും ഒലി പാർലമെന്റിൽ പറഞ്ഞു.
അനധികൃത മാർഗത്തിലൂടെ ഇന്ത്യയിൽ നിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തിയത്. ചില പ്രാദേശിക ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പരിശോധനകൾ നടത്താതെ ഇന്ത്യയിൽ നിന്ന് ആളുകളെ കൊണ്ടുവരുന്നതിൽ പങ്കുണ്ട്. ആളുകൾ പുറത്തിറങ്ങുന്നത് കാരണം കൊവിഡ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ് - ഒലി പറഞ്ഞു.
ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഒലിയുടെ പുതിയ പരാമർശം. ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂടിവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനത്തിലെത്തുമെന്നും ഒലി പറഞ്ഞിരുന്നു.
ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവർ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെ തർക്കവുമായി നേപ്പാൾ എത്തിയിരുന്നു. എന്നാൽ, റോഡ് പൂർണമായും ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ കൂടെയാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.