tiger-

മെൽബൺ : അവസാനത്തെ ടാസ്മാനിയൻ ടൈഗറിന്റെ ( തൈലാസീൻ ) ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് നാഷണൽ ഫിലിം ആൻഡ് സൗണ്ട് ആർക്കൈവ് ഒഫ് ഓസ്ട്രേലിയ. ടാസ്മാനിയയിൽ ഹൊബാർട്ടിൽ സ്ഥിതി ചെയ്യുന്ന ബോമറിസ് മൃഗശാലയിൽ ജീവിച്ചിരുന്ന ബെഞ്ചമിൻ എന്ന ടാസ്മാനിയൻ ടൈഗറിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

21 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കൂട്ടിനുള്ളിൽ ചുറ്റിനടക്കുന്ന ബെഞ്ചമിനെ കാണാം. ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും അവസാനത്തെ ടാസ്മാനിയൻ ടൈഗറാണിതെന്നാണ് കരുതുന്നത്. 1935ൽ ചിത്രീകരിച്ച ഈ വീഡിയോ കഴിഞ്ഞ ദിവസം ' ടാസ്മാനിയ ദ വണ്ടർലാൻഡ് ' എന്ന ട്രാവലോഗിലൂടെയാണ് പുറത്തുവിട്ടത്. ബെഞ്ചമിന്റെ മരണത്തിന് ഏതാനും മാസങ്ങൾ മുമ്പ് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ സഞ്ചിമൃഗങ്ങളായിരുന്ന ടാസ്മാനിയൻ ടൈഗറുകൾ മാംസഭുക്കുകളായിരുന്നു. ചെന്നായ്, കുറുക്കൻ, കടുവ എന്നിവയുടെ ഒരു സങ്കര രൂപമായിരുന്നു ഇക്കൂട്ടർക്ക്. ചെറിയ കങ്കാരുക്കളെയും മറ്റ് സഞ്ചിമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയിരുന്നു. 2000 വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഉടനീളം ഇവ കാണപ്പെട്ടിരുന്നു.

എന്നാൽ മനുഷ്യന്റെ വേട്ടയാടലും മറ്റും ഇവയെ വംശനാശത്തിന്റെ വക്കിലെത്തിക്കുകയായിരുന്നു. പിന്നീട് ടാസ്മാനിയൻ ദ്വീപിൽ മാത്രം വിരലിലെണ്ണാവുന്ന എണ്ണമായി മാറുകയായിരുന്നു. മനുഷ്യന്റെ വേട്ടയാടലും പകർച്ചവ്യാധികളും ഇവയുടെ എണ്ണത്തെ വീണ്ടും കുറച്ചു. ഒടുവിൽ പൂർണമായും വംശനാശം സംഭവിക്കുകയായിരുന്നു. 1936 സെപ്റ്റംബർ 7നാണ് അവസാനത്തെ ടാസ്മാനിയൻ ടൈഗറായ ബെഞ്ചമിനും ലോകത്ത് നിന്നും വിടപറഞ്ഞത്. നേരത്തെ 1931ൽ ലണ്ടൻ മൃഗശാലയിൽ ആകെയുണ്ടായിരുന്നു ഒരു ടാസ്മാനിയൻ ടൈഗർ ചത്തിരുന്നു. പിന്നീട് ഭൂമിയിൽ അവശേഷിച്ച ബെഞ്ചമിന്റെ മരണത്തോടെ ടാസ്മാനിയൻ ടൈഗറർ അഥവാ തൈലാസീൻ എന്ന സ്പീഷീസ് വംശനാശം സംഭവിച്ചതായി രേഖപ്പെടുത്തുകയായിരുന്നു. ബോമറിസ് മൃഗശാലയിലും ലണ്ടൻ മൃഗശാലയിലും ചിത്രീകരിച്ച ടാസ്മാനിയൻ ടൈഗററിന്റെ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഒരു വീഡിയോ ശേഷിച്ചിരുന്നു. ടാസ്മാനിയൻ ടൈഗറിന്റെ കളർ വീഡിയോ ദൃശ്യയങ്ങളൊന്നും ലഭ്യമല്ല. രാത്രികാലങ്ങളിലാണ് ടാസ്മാനിയൻ ടൈഗറുകൾ ഇരയെ തേടിയിറങ്ങിയിരുന്നത്.

ബെഞ്ചമിന്റെ മരണത്തിന് ശേഷം ടാസ്മാനിയൻ ടൈഗറുകളെ കണ്ടെത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി ഇക്കൂട്ടരെ കണ്ടതായി എട്ടോളം അവകാശവാദങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടാസ്മാനിയൻ കാടുകളിലെവിടെയെങ്കിലും ഈ മൃഗങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നവരുമുണ്ട്. എന്നാൽ ഇതേവരെ ടാസ്മാനിയൻ ടൈഗറുകൾ ജീവിച്ചിരിക്കുന്നത് സംബന്ധിച്ച് യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ല.