മുബയ്: കൊവിഡ് രോഗബാധ ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിലെ മുംബയ് മഹാനഗരത്തിൽ ആഹാരം വേണ്ടവർക്ക് ബോളിവുഡിന്റെ മസിൽ ഖാൻ സൽമാൻ ഖാൻ വിതരണം നടത്തി. 'ബീയിംഗ് ഹാങ്കറി' എന്നെഴുതിയ വാനിൽ നഗരത്തിലെ വിവിധയിടങ്ങളിൽ വൊളണ്ടിയർമാർ മുഖേനയാണ് സൽമാൻ ഖാൻ തന്റേതായ വിധത്തിൽ അത്യാവശ്യക്കാർക്ക് സഹായം നൽകിയത്.
സമൂഹമാധ്യമങ്ങളിൽ വാൻ നഗരത്തിൽ വഴികളിലൂടെ നീങ്ങുന്നതിന്റെയും ആഹാരം വിതരണം ചെയ്യുന്നതിന്റെയും നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതേകുറിച്ചുള്ള സൂചനയൊന്നും സൽമാൻ ഖാൻ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടില്ല.
കൊവിഡ് കാലം ആരംഭിച്ചതുമുതൽ പൻവേലിലെ ഫാംഹൗസിലാണ് സൽമാൻ ഖാനും കുടുംബാംഗങ്ങളും കഴിയുന്നത്. അടിസ്ഥാന സൗകര്യമില്ലാത്തവർക്ക് വേണ്ടി 'അന്ന ദാൻ' ചലഞ്ച് മുൻപ് സൽമാൻ ഖാൻ നടത്തിയിരുന്നു. എന്തായാലും നടന്റെ കൊവിഡ് കാല പ്രവർത്തനങ്ങൾ വേണ്ടവർക്ക് സഹായം തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങൾ വഴി കാണുന്ന കാഴ്ച.