ഒരു നടൻ സംവിധായകർക്ക് പ്രിയങ്കരനാവുന്നത് കേൾക്കാറുണ്ട്. തിരക്കഥാകൃത്തുക്കൾക്കും ഉണ്ടാകാം അത്തരത്തിൽ ചില ഇഷ്ടങ്ങൾ. എന്നാൽ ഗാനരചയിതാക്കൾ നടീ- നടന്മാരെ വിലയിരുത്തുന്നത് അത്ര സാധാരണമല്ല. മോഹൻലാൽ എന്ന നമ്മുടെ പ്രിയപ്പെട്ട താരത്തെ നേരിട്ടറിയാമെങ്കിലും ഞാൻ സ്ഥിരമായി ഫോണിൽ വിളിക്കുകയോ പരിചയം പുതുക്കുകയോ ചെയ്യാറില്ല. വിമാനത്താവളങ്ങളിൽ വച്ചാണ് പലപ്പോഴും കണ്ടുമുട്ടാറുള്ളത്. എനിക്ക് ഇളയ സഹോദരനെപ്പോലെ ഇഷ്ടമുള്ള ഒരു വ്യക്തി. എനിക്ക് മാത്രമല്ല ലോകത്തുള്ള സകല മലയാളികളുടെയും വീട്ടിലെ ഒരംഗമാണല്ലോ മോഹൻലാൽ. പല സിനിമകളിൽ ലാൽ പലപ്പോഴായി പറഞ്ഞ ഡയലോഗുകൾ നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ ചേക്കേറിയത് ശ്രദ്ധിച്ചാൽ മാത്രം ഈ സ്വാധീനം മനസ്സിലാക്കാം. മറ്റു നടന്മാരുടെ ഡയലോഗുകൾ എന്തുകൊണ്ടാണ് നിത്യജീവിതത്തിൽ സ്ഥാനം പിടിക്കാതെ പോകുന്നത്? കാരണം മോഹൻലാൽ ഒരു ഡയലോഗ് പറയുമ്പോൾ അത് നമ്മളോട് പ്രത്യേകമായി പറഞ്ഞത് പോലെയാണ് അനുഭവപ്പെടുക. ആ വിധം ഡയലോഗ് പറഞ്ഞ കഥാപാത്രത്തെ നമുക്കെത്ര പരിചയമുണ്ടെന്ന തോന്നൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന വൈഭവമാണ് ഈ നടന്റെ അന്യാദൃശമായ സ്വാധീനത്തിനു ആസ്പദം. ലാഘവത്വമാണ് ആ അഭിനയശൈലിയുടെ കാതൽ.
ലാലിന്റെ അഭിനയശൈലി അപഗ്രഥിക്കലല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഒരു ഗാനരചയിതാവിനോട് ഈ നടൻ എങ്ങനെ നീതി പുലർത്തുന്നു എന്നതാണ് അന്വേഷിക്കുന്നത്. ഒരു ചലച്ചിത്രത്തിന്റെ വൈകാരിക സാന്ദ്രതയുള്ള സന്ദർഭത്തെയാണ് പാട്ടു കൊണ്ട് അടയാളപ്പെടുത്തുക. തിരക്കഥ മുന്നോട്ടു പോകണമെങ്കിൽ ആഖ്യാനത്തിന്റെ ആ സന്ദർഭത്തിൽ ഒരു പാട്ടു കൂടിയേ കഴിയൂ എന്ന അവസ്ഥയാണ് നല്ല പാട്ടുകളെ സൃഷ്ടിക്കുന്നത്. (അല്ലാത്ത പാട്ടുകളും ഇല്ലെന്നല്ല.) ഇത്തരത്തിലുള്ള പാട്ടുകൾക്കാണ് ശ്രവണ സുഖവും ആയുർദൈർഘ്യവും. കാരണം അവ കഥാസന്ദർഭത്തിന്റെ ഹൃദയത്തിലാണ് വിരിയുന്നത്. അത്തരം പാട്ടുകൾ എഴുതേണ്ടി വരുമ്പോഴാണ് ഏതൊരു ഗാനരചയിതാവിനും ആത്മാഭിമാനവും വർധിച്ച ചുമതലാബോധവും ഉളവാക്കുന്നത്. നമ്മൾ ഇപ്പോഴും ഓർത്തുവയ്ക്കുന്ന പാട്ടുകളെല്ലാം ഈ ഗണത്തിൽ പെട്ടവയായിരിക്കും. (വിസ്തരഭയത്താൽ ഉദാഹരണങ്ങൾ നിരത്തുന്നില്ല.) ഞാൻ ഗാനരചന നിർവഹിച്ചതിൽ മോഹൻലാൽ അഭിനയം കൊണ്ട് അവിസ്മരണീയമാക്കിയ രണ്ടു ചിത്രങ്ങളെക്കുറിച്ചാണ് പറയുന്നത്. ഒന്ന് വേണു നാഗവള്ളി സംവിധാനം ചെയ്ത 'കിഴക്കുണരും പക്ഷി" എന്ന ചിത്രം. അതിൽ ലാൽ വ്യത്യസ്തനായ ഒരു സംഗീത സംവിധായകനാണ്. മൺചിരാതുകൾ ചൂടും മൗനഗാനമായ് ഉണരൂ എന്ന ഒരു ഗാനം കണ്ടക്ട് ചെയ്യുന്ന മ്യൂസിക് ഡയറക്ടറായി ലാൽ അഭിനയിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ വ്യത്യസ്തത മാത്രമല്ല, അയാൾ ആ ഗാനത്തെ എങ്ങനെ ഉൾക്കൊണ്ടിരിക്കുന്നു എന്ന് കൂടി പ്രേക്ഷകന് ബോധ്യപ്പെടും. വരികളുടെ അർത്ഥവും ഭാവവും അറിഞ്ഞു സംവിധാനം നിർവഹിക്കുന്ന ഒരു സംഗീത സംവിധായകനെ ആ കഥാപാത്രത്തിൽ ലാൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
ഒരു ഗാനത്തെ വെള്ളിത്തിരയിൽ ഒരു നടൻ തന്റെ ശരീരഭാഷ കൊണ്ട് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് ആ ഗാനരംഗം. അതേ ചിത്രത്തിൽ തന്നെയുള്ള പ്രസിദ്ധമായ ആ മൂകാംബിക സ്തുതിയുടെ ദൃശ്യാവിഷ്കാരതിൽ മറ്റൊരു ഭാവാന്തരീക്ഷം അയത്നമായി സൃഷ്ടിക്കുകയാണ്. 'സൗപർണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ' എന്നാരംഭിക്കുന്ന ഗാനത്തിലുടനീളം ആത്മസമർപ്പണ ഭാവം നിലനിർത്തിക്കൊണ്ടു ലാൽ ആ ഗാനത്തെ അനശ്വരമാക്കി. മൺചെരാതുകൾ എന്ന ഗാനത്തിന്റെ പശ്ചാത്തലം വർണപ്പകിട്ടുള്ളതാണെങ്കിൽ സൗപർണികാമൃത വീചികൾ എന്ന ഗാനത്തിൽ നിറയുന്നതു ഏകാഗ്രതയാണ്. എത്ര ഉചിതമായി വ്യത്യസ്ത ഭാവങ്ങളെ ഈ അഭിനേതാവ് സ്വാംശീകരിച്ചിരിക്കുന്നു എന്ന് വിസ്മയിക്കും. കാണികളും, അതിലേറെ ഗാനരചയിതാവും.. മോഹൻ സംവിധാനം ചെയ്ത 'പക്ഷേ" എന്ന ചിത്രത്തിൽ രണ്ടു ഗാനങ്ങൾക്കു ലാൽ അഭിനയവ്യാഖ്യാനം നൽകിയിട്ടുണ്ട്. ‘സൂര്യാംശുവോരോ വയൽപ്പൂവിലും’ എന്ന ഉത്സാഹഭരിതമായ ഗാനവും, ‘മൂവന്തിയായ്’ എന്ന ഭാവ സാന്ദ്രമായ ഗാനവും. രണ്ടു വ്യത്യസ്ത ഭാവങ്ങൾ. രണ്ടു ഭാവങ്ങളും അവയുടെ തീവ്രതയിൽ അവതരിപ്പിക്കുമ്പോൾ ഗാനരചയിതാവിനുണ്ടാകുന്ന ആഹ്ളാദം മറ്റാരും അറിയാറില്ല. ഏകാന്തതയിലിരുന്നു താനെഴുതിയ വരികൾക്ക് അവയുടെ ആത്മാവറിഞ്ഞു അഭിനയഭാഷ്യം കൊടുക്കണമെന്ന നിഷ്ഠ ഈ നടനെ ഗാനരചയിതാക്കൾക്ക് എക്കാലത്തും പ്രിയങ്കരനാക്കുന്നു. ലാലാണ് അഭിനയിക്കുന്നതെങ്കിൽ ആ ഗാനാവിഷ്കാരം മികച്ചതാവുമെന്ന് ഗാനരചയിതാക്കൾക്കെല്ലാം ഉള്ളറിവുണ്ട്. എഴുത്തുകാരന് ഒരു നടൻ നൽകുന്ന ആദരവാണത്. ഈ പിറന്നാൾ വേളയിൽ അനേകമനേകം ഗാനങ്ങളിലൂടെ നിരവധി ഗാനരചയിതാക്കൾക്കു ഈ ആദരം നൽകിയ മലയാളത്തിന്റെ ഈ മഹാനടന് ഹൃദയനിർഭരമായ ആശംസകൾ; പ്രാർത്ഥനകൾ.