മുംബയ് : കുറച്ചുവർഷങ്ങളായി പേസ് ബൗളിംഗിനെതിരെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നതിന് കാരണം പരിശീലക സംഘത്തിലുള്ള ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ് ഡി.രാഘവേന്ദ്രയാണെന്ന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി. ബംഗ്ളാദേശ് ക്രിക്കറ്റർ തമിം ഇഖ്ബാലുമായുള്ള സോഷ്യൽ മീഡിയ ചാറ്റിലാണ് കൊഹ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്. 2013 മുതൽ ഇന്ത്യൻ പരിശീലന സംഘത്തിൽ അംഗമാണ് രഘുവെന്ന് വിളിക്കുന്ന രാഘവേന്ദ്ര. സ്ഥിരമായി 150-155 കിലോമീറ്റർ വേഗത്തിൽ ത്രോ ഡൗണുകൾ ചെയ്യാൻ രഘുവിന് കഴിയുമെന്ന് കൊഹ്ലി പറഞ്ഞു.
പേസർമാർ പന്ത് പിച്ച് ചെയ്യിക്കുന്ന സ്ഥലങ്ങളിൽ കൃത്യമായി രഘു ത്രോ ഡൗൺ ചെയ്യും. ബാറ്റ്സ്മാന്റെ ഫുട്‌വർക്കും ടെക്നിക്കും മനസിലാക്കി പന്തെറിയാനും കഴിയും. രഘുവിനൊപ്പം നല്ല രീതിയിൽ പരിശീലനം നടത്തിയശേഷം മത്സരത്തിനിറങ്ങുന്നത് തനിക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നതെന്നും കൊഹ്‌ലി പറഞ്ഞു.വലിയ ചേസുകൾക്ക് പോകുമ്പോൾ തനിക്ക് ഒരിക്കലും തന്റെ കഴിവിൽ സംശയം തോന്നാറില്ലെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.എനിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസമാണ് പതറാതെ മുന്നോട്ടുപോകാൻ കരുത്തുനൽകുന്നതെന്നും കൊഹ്‌ലി പറഞ്ഞു.
സ്വപ്നത്തിലെ ചേസിംഗ്
താൻ കുട്ടിയായിരിക്കവേ ഇന്ത്യ ചേസ് ചെയ്ത് തോൽക്കുന്ന മത്സരങ്ങൾ കണ്ട് ഉറങ്ങുമ്പോൾ താൻ ചേസിംഗിനിറങ്ങി വിജയം നൽകുന്നതായി സ്വപ്നം കാണാറുണ്ടായിരുന്നുതെന്ന് കൊഹ‌്ലി തമീമിനോട് പറഞ്ഞു.380 റൺസൊക്കെ ചേസ് ചെയ്ത് ജയിക്കുന്നതായിരുന്നു സ്വപ്നം. ഒാരോ മത്സരത്തെയും വ്യത്യസ്തമായി വേണം കാണാനെന്നും ഇന്ത്യൻ ക്യാപ്ടൻ പറഞ്ഞു. 2011ൽ ഹൊബാർട്ടിൽ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ 40 ഒാവറിൽ 340 റൺസ് വേണമായിരുന്നു. അന്ന് ഞാൻ ഒപ്പമുണ്ടായിരുന്ന സുരേഷ് റെയ്നയോട് പറഞ്ഞു " നമുക്ക് 40 ഒാവറിനെക്കുറിച്ച് ചിന്തിക്കണ്ട. 20 ഒാവർ വീതമുള്ള രണ്ട് മത്സരങ്ങളായി കരുതി ബാറ്റ് ചെയ്യാമെന്ന് " കൊഹ്‌ലി പറഞ്ഞു.
ത്രോ ഡൗൺ
ബാറ്റ്സ്മാന്മാർക്ക് വേഗം കൂടിയ പന്തുകൾ പരിശീലിക്കാനായാണ് ത്രോ ഡൗൺ സേവനം ഉപയോഗിക്കുന്നത്. സ്പൂൺ പോലെ നീളമുള്ള ഉപകരണത്തിന്റെ ഒരറ്റത്ത് പന്ത് വച്ചശേഷം നെറ്റ്സിൽ ബാറ്റ്സ്മാനെതിരെ ത്രോ ചെയ്യുകയാണ് ചെയ്യുന്നത്. ബൗളിംഗ് മെഷീനെക്കാളും നെറ്റ്സ് ബൗളർമാരെക്കാലും പ്രയോജനപ്രദമാണ് ഇൗ രീതി.