കെ.ജി. അനിൽകുമാർ,
ചെയർമാൻ ആൻഡ് മനേജിംഗ് ഡയറക്‌ടർ,
ഐ.സി.എൽ ഫിൻകോർപ്പ്
കൊവിഡിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ, ഇന്ത്യയെ മാത്രമല്ല, ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ തളർത്തുകയാണ്. രണ്ടു മാസത്തോളമായി ഇന്ത്യ ലോക്ക്ഡൗണിലാണ്. പല വ്യവസായ സ്ഥാപനങ്ങളും ഇക്കാലയളവിൽ തളർന്നു. ബിസിനസിൽ നിന്ന് വരുമാനമില്ലെന്ന് മാത്രമല്ല, ചെലവിന്റെ വലിയൊരുഭാഗം വഹിക്കേണ്ടി വന്നു എന്നതാണ് കാരണം. ഇക്കാലയളവിൽ പ്രതിസന്ധിയിലായ മറ്രൊരു മേഖലയാണ് എൻ.ബി.എഫ്.സിയും മറ്റു ധനകാര്യ സ്ഥാപനങ്ങളും. കാരണം, ഇത് പ്രധാനമായും ഒരു മാൻപവർ അധിഷ്‌ഠിത മേഖലയാണ്.
കൊവിഡിനോട്
സന്ധിയില്ല
രോഗ പ്രതിരോധത്തിന് തന്നെയാണ് പ്രാധാന്യം. കൊവിഡിനെതിരായ യുദ്ധം ഒരു കൂട്ടായ ശ്രമം ആയതിനാൽ ഞങ്ങളുടെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും വലിയതോതിൽ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ സർക്കാരിന്റെ എല്ലാ നിർദേശങ്ങളും സാമൂഹിക പ്രതിബദ്ധതയോടെ പാലിച്ചു. പക്ഷേ, അതിജീവനം എന്നത് സാമ്പത്തിക അവസ്ഥയെ ആശ്രയിച്ച് തന്നെയാണ്.
എൻ.ബി.എഫ്.സി
എന്ന ആശ്രയം
ഈ കാലയളവിലെ സാമ്പത്തിക ഞെരുക്കങ്ങൾ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളെയും ബാധിച്ചതിനാൽ വായ്‌പാ തിരിച്ചടവുകൾക്കും അത് തിരിച്ചടിയായി. അതോടെ, ഈ മേഖലയിൽ പണലഭ്യതയും കുറഞ്ഞു. വായ്‌പയെടുക്കുന്നവരിൽ നല്ലൊരു ശതമാനവും സമീപിക്കുന്നത് എൻ.ബി.എഫ്.സികളെയാണ്.
പ്രതീക്ഷയുടെ
രണ്ടാംഘട്ടം
സർക്കാരും റിസർവ് ബാങ്കും എൻ.ബി.എഫ്.സികൾക്ക് നിരവധി പാക്കേജുകൾ വാഗ്‌ദാനം ചെയ്‌തു. ചെറുകിട, ഇടത്തരം എൻ.ബി.എഫ്.സികൾക്ക് പണലഭ്യത കൂട്ടാനുള്ള നടപടികളാണ് റിസർവ് ബാങ്കിന്റേത്. 50,000 കോടി രൂപയുടെ ടി.എൽ.ടി.ആർ.ഒ (ടാർഗെറ്റഡ് ലോംഗ് ടേം റിപ്പോ ഓപ്പറേഷൻസ്) പദ്ധതിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. 30,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി പാക്കേജും 45,000 കോടി രൂപയുടെ ഭാഗിക ക്രെഡിറ്റ് ഗ്യാരന്റി സ്കീമും പ്രതീക്ഷ നൽകുന്നു.
ബൂസ്‌റ്രിംഗ്
നടപടി
രാജ്യത്തെ സാമ്പത്തിക ഇടനിലക്കാരായ എൻ.ബി.എഫ്.സികൾക്ക് ചില 'ബൂസ്‌റ്രിംഗ്" നടപടികൾ അത്യാവശ്യമാണ്. ചെറുകിട, ഇടത്തരം എൻ.ബി.എഫ്.സികൾക്ക് ധനലഭ്യത ഉറപ്പാക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കണം. എൻ.പി.എ തിരിച്ചറിയൽ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവ് വേണം. എൻ.ബി.എഫ്.സികൾ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് ജീവനക്കാരുടെ വേതനമാണ്.
ജീവനക്കാരുടെ വേതനത്തിന്റെ ഒരുഭാഗം സബ്സിഡിയായി തിരിച്ച് സ്ഥാപനത്തിന് തന്നെ നൽകുന്ന പദ്ധതികൾ പലരാജ്യങ്ങളിലുണ്ട്. സ്‌റ്റാഫ് വെൽഫെയർ ഫണ്ടുകൾ, ഇ.എസ്.ഐ ഫണ്ട്, സർക്കാരിന്റെ മറ്ര് അടിയന്തര ഫണ്ടുകൾ എന്നിവയിൽ നിന്ന് ഇതിനായി തുക കണ്ടെത്താം.
പ്രവർത്തനച്ചെലവ് കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുമായി നിശ്‌ചിതകാലയളവിലേക്ക് യൂട്ടിലിറ്റി ചാർജുകൾ ഒഴിവാക്കാം. ആദായ നികുതിയിലും വില്പന നികുതിയിലും ഇളവ് നൽകാം. കൊവിഡ് പശ്‌ചാത്തലത്തിൽ, നികുതികളിന്മേൽ ഈടാക്കുന്ന പിഴപ്പലിശകളിലും ആശ്വാസം നൽകണം.