ലെൻസിംഗ്: ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ അമേരിക്കയിലെ മിഷിഗണിൽ രണ്ട് ഡാമുകൾ തകർന്നു. 10,000 ത്തോളം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. മിഡ്‌ലാൻഡ്, ഡിട്രോയിറ്റ് അടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടാകുമെന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് മിഷിഗണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വെന്റിലേറ്ററുകൾ നിർമ്മിക്കുന്ന ഫോർഡിന്റെ പ്ലാന്റ് സന്ദർശിക്കാനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് മിഷിഗൺ സന്ദർശിക്കാനിരിക്കെയാണിത്.
പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഈഡൻവില്ല്, സാൻഫോർഡ് ഡാമുകൾ തകർന്നതിനെ തുടർന്ന് റ്റിറ്റാബവസീ നദിക്കരയിലുള്ളവർക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. റ്റിറ്റാബവസീ നദി 38 അടി ഉയരത്തിലെത്തി കരകവിയുമെന്നാണ് റിപ്പോർട്ട്.
40,000ത്തോളം പേർ ഈ പ്രദേശങ്ങളിൽ താമസിക്കുന്നുവെന്നാണ് വിവരം. യു.എസിൽ കൊവിഡ് വ്യാപിക്കുന്നതിനാൽ ആളുകളെ കൂട്ടത്തോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിൽ അധികൃതർ ഏറെ പണിപ്പെടുകയാണ്.