ലക്‌നൗ: ഉത്തർപ്രദേശിലെ മെയിൻപുരിൽ നാട്ടിലേക്ക് മടങ്ങാൻ ബസ് കാത്തിരിക്കുന്നതിനിടെ അതിവേഗത്തിൽ വന്ന ട്രക്ക് ഇടിച്ച് ആറു വയസുകാരി മരിച്ചു. കുടിയേറ്റ തൊഴിലാളിയുടെ മകളും സീതാപൂർ സ്വദേശിയുമായ പ്രിയങ്കയാണ് മരിച്ചത്. ഹരിയാനയിലാണ് കുട്ടിയുടെ മാതാപിതാക്കൾ ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗൺ മൂലം ജോലി നഷ്ടപ്പെട്ട ഇവർ തിങ്കളാഴ്ച ഹരിയാനയിൽ നിന്ന് ഒരു ട്രക്കിൽ കയറി നാട്ടിലേക്ക് തിരിച്ചു. മെയിൻപുരിയിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥർ ട്രക്കിൽ നിന്നും ഇവരെ ഇറക്കിവിട്ടു. സർക്കാർ ബസ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും കാത്തിരിക്കാനും പൊലീസ് നിർദ്ദേശിച്ചു. ട്രക്കിൽ നിന്ന് ഇറങ്ങിയ കുടുംബം റോഡ് മുറിച്ചു കടക്കുന്നതിനിടെ സമീപത്തുള്ള ക്വാറിയിൽ നിന്ന് കല്ല് കയറ്റി അമിതവേഗത്തിൽ വരികയായിരുന്ന ട്രക്ക് പ്രിയങ്കയെ ഇടിച്ചിടുകയായിരുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുകയാണ്. പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ കാൽനടയായി നാട്ടിലേക്ക് മടങ്ങുന്ന നിരവധിപ്പേർ വാഹനാപകടത്തിൽപ്പെട്ട് മരിച്ചു