കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട സൂപ്പർ സൈക്ലോൺ ഉംപുൻ ഇന്നലെ വൈകിട്ട് അഞ്ചോടെ തീരം തൊട്ടു. നാലുമണിക്കൂർ സമയമെടുത്ത് വൈകിട്ട് ഏഴോടെയാണ് ചുഴലിക്കാറ്റ് പൂർണമായും കരയിൽ കയറിയത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയുമുണ്ട്. ബംഗാൾ, ഒഡിഷ തീരങ്ങളിൽ പരക്കെ നാശനഷ്ടമുണ്ടായി.
ചുഴലിക്കാറ്റിൽ വീടിന്റെ ചുവരിടിഞ്ഞും മരംപിഴുത് വീണും ഒഡിഷയിലും ബംഗാളിലുമായി നാലുപേർ മരിച്ചു. ബംഗാളിലെ ഹൗറയിൽ രണ്ട് സ്ത്രീകളും ഒഡിഷയിലെ സത്ഭയയിൽ ഒരു സ്ത്രീയും ഭദ്രകിൽ ഒരു കുഞ്ഞുമാണ് മരിച്ചത്.
കൊൽക്കത്തയിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം ഉച്ചയ്ക്ക് രണ്ടരയോടെ ബംഗാളിൽ പ്രവേശിച്ചിരുന്നു.
ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഉംപുന് 130 കി.മീ വേഗതയുണ്ടായി. മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ബംഗാളിൽ അഞ്ചുലക്ഷം പേരെയും ഒഡിഷയിൽ 1.58 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചിരുന്നു. ബംഗ്ലാദേശിലും രണ്ട് ലക്ഷത്തോളംപേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ദേശീയദുരന്ത നിവാരണ സേനയെയും കര, നാവിക സേനയെയും രക്ഷാദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുഴുവൻ കാറ്റിനൊപ്പം കനത്ത മഴയും പെയ്തു. ഇന്ന് രാവിലെ മുതൽ മഴയും കാറ്റും ദുർബലമാകുമെന്നും വൈകിട്ടോടെ ഇന്ത്യ വിടുമെന്നുമാണ് പ്രവചനം.