cyclone-

കൊൽക്കത്ത: ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ ചുഴലിക്കാറ്റ് പശ്ചിമബംഗാളിൽ കനത്ത നാശം വിതച്ചു. ബംഗാളിൽ രാത്രി ഏഴുമണിയോടെ പൂർണമായി കര തൊട്ട ചുഴലിക്കാറ്റിനെ തുടർ‌ന്ന് രണ്ടുപേർ മരിച്ചതായാണ് റിപ്പോർട്ട്.. അയ്യായിരം വീടുകൾ തകർന്നതായും സൂചനയുണ്ട്.

പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. ഒഡിഷ തീരത്ത് നാശം വിതച്ച ചുഴലിക്കാറ്റിൽ രണ്ടുപേർ മരിച്ചിരുന്നു. ഒഡീഷയിൽ വൻനാശമാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്. നിരവധി വീടുകൾ തകർന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ 265 കീമീ വേ​ഗത്തിൽ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറിൽ ദു‍‍ർബലമായി തുടങ്ങിയിട്ടുണ്ട്. ബംഗാളിൽ 110-120 കിലോമീറ്റർ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് വീശിയത്. പശ്ചിമബം​ഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ കടുത്ത ജാ​ഗ്രതയാണ് നിലനിൽക്കുന്നത്. ദേശീയദുരന്തനിവാരണ സേനയുടെ വൻസംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്.

കൊൽക്കത്ത നഗരവും അതീവ ജാ​ഗ്രതയിലാണ്. മേൽപ്പാലങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. നാളെ രാവിലെ 5 വരെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള അവശ്യ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്. ബംഗാളിൽ മൂന്നു ലക്ഷം പേരെയും ഒഡീഷയിൽ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങൾ ഇരു സംസ്ഥാനളിലുമായുണ്ട്. രക്ഷാ പ്രവർത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.

അസം, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള പടിഞ്ഞാറൻ തീരത്ത് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു