തിരുവനന്തപുരം: മാർഗനിർദ്ദേശം വരുന്നതിനനുസരിച്ച് പരീക്ഷകൾ നിശ്ചയിച്ചാൽ മതിയെന്ന കേന്ദ്രത്തിന്റെ അറിയിപ്പ് രാവിലെ കിട്ടിയെന്ന് ഇന്നലെ മന്ത്രിസഭായോഗത്തിൽ ചീഫ്സെക്രട്ടറി അറിയിച്ചതോടെയായിരുന്നു നാടകീയ നീക്കങ്ങൾ. പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര മാർഗനിർദ്ദേശം ജൂൺ ആദ്യം വരുമെന്ന് ആരോഗ്യ വകുപ്പിന് നിർദ്ദേശം കിട്ടിയത് മന്ത്രിസഭാ യോഗത്തിൽ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അങ്ങനെയെങ്കിൽ ഈയൊരു വിഷയത്തിൽ കേന്ദ്രത്തോട് തർക്കിക്കേണ്ട, പരീക്ഷ മാറ്റാമെന്ന നിലപാട് മുഖ്യമന്ത്രി കൈക്കൊള്ളുകയായിരുന്നു. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയായുധമാക്കുന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ, ഇന്നലെ ഉച്ചയ്ക്കു തന്നെ മാർഗനിർദ്ദേശം ചീഫ് സെക്രട്ടറിക്ക് കിട്ടി. അതോടെ തീരുമാനവും മാറി.
പരീക്ഷാനടത്തിപ്പിൽ കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാകാൻ വൈകിയത് കാരണം ചില തടസങ്ങളുണ്ടായിരുന്നുവെന്നും ഇപ്പോൾ അനുമതിയായ സ്ഥിതിക്ക് പരീക്ഷകൾ നിശ്ചയിച്ചത് പോലെ നടത്തുമെന്നും വൈകിട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പരീക്ഷ മാറ്റി വയ്ക്കുന്നതായുള്ള അറിയിപ്പ് വന്നതിനെപ്പറ്റി വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോൾ, അത് ആ ഘട്ടത്തിലെ നിലപാടനുസരിച്ച് തീരുമാനമെടുത്തതാണ് എന്നായിരുന്നു മറുപടി. കേന്ദ്രസർക്കാരുമായി ഇത്തരം കാര്യങ്ങളിൽ തർക്കത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. ചില കാര്യങ്ങളിൽ തർക്കം വേണ്ടിവരും.
പരീക്ഷയെയും പ്രതിപക്ഷം രാഷ്ട്രീയായുധമാക്കുകയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, പ്രതിപക്ഷം തെറ്റിദ്ധാരണയിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്തെല്ലാം ഉപയോഗിച്ച് എതിർപ്പുയർത്താൻ പറ്റുമെന്ന് അവർ ഗവേഷണം നടത്തുകയാണ്. അപ്പോൾ അതാ, പരീക്ഷ വരുന്നു. അതിൽ പിടിച്ച് നോക്കാമെന്ന് നിശ്ചയിച്ചു.