മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് അറുപത് വയസ് തികയുമ്പോൾ, ആ പിറന്നാൾ നമ്മുടെ കുടുംബത്തിലെ ഒരംഗത്തിന്റേതെന്നത് പോലെയാണ് മലയാളികൾ കരുതുന്നത്.അത്രമാത്രം നമ്മുടെ ജീവിതവുമായി ഇഴുകിച്ചേർന്ന നടനാണ് മോഹൻലാൽ.
നടൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പ്രേക്ഷക മനസിലേക്ക് കയറിപ്പറ്റുന്നതെന്ന് പറയാമെങ്കിലും ആത്മാവ് കണ്ടറിഞ്ഞുള്ള അഭിനയത്തിലൂടെ മോഹൻലാൽ സൃഷ്ടിച്ച വൈകാരിക മുഹൂർത്തങ്ങൾ വീണ്ടും വീണ്ടും ആ കഥാപാത്രങ്ങളെ ഓർത്തെടുക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്നവയാണ്.ഏതൊരു കഥാപാത്രമായാലും അതിലേക്കുള്ള ലാലിന്റെ ഭാവപ്പകർച്ച സൂക്ഷ്മവും ഉദാത്തവുമായ അഭിനയ ശൈലിയുടെ ലോക മാതൃകയായി മാറുന്നു.അസാധാരണവും അനുഗൃഹീതവും, അനായാസവുമായ ഈ പകർന്നാട്ടങ്ങൾ കഠിനമായ പരിശ്രമവും നിരീക്ഷണവും വേണ്ടതാണെങ്കിലും ദൈവീകമായ ഒരു സിദ്ധിപോലെ മോഹൻലാൽ എന്ന നടനിലേക്ക് സന്നിവേശിക്കുകയാണ്.അപൂർവ്വ പ്രതിഭകളിലേ ഈ നടനവൈഭവം പ്രകടമാവുകയുള്ളു.
1978 ൽ തന്റെ പതിനെട്ടാമത്തെ വയസിൽ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രകലയിലേക്ക് ലാൽ കാൽവയ്പു നടത്തിയതെങ്കിലും 1980 ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ നരേന്ദ്രൻ ആയിരുന്നു ലാലിന്റെ ആദ്യത്തെ ശ്രദ്ധേയ കഥാപാത്രം .നാലു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും നിത്യവിസ്മയം പോലെ ലാൽ നമ്മോടൊപ്പമുണ്ട്.
പൊതുവെ പ്രേക്ഷകർ വെറുക്കുന്ന വില്ലനായി കടന്നുവരികയും നായകനായി മാറുകയും ചെയ്യുന്ന നടൻമാർ വിരളമാണ്. ലാൽ അതിനൊരു അപവാദമാണ്. ഒരുപോലെ നടനും താരവുമായി കീർത്തി കൈവരിക്കാനും മോഹൻലാലിന് കഴിഞ്ഞു.
ഏത് വേഷമായാലും അതിന്റെ ഉള്ളിലേക്ക് കടന്ന് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ചിന്തയ്ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന നടനാണ് മോഹൻലാൽ .ആദ്യമായി ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ടി.പി ബാലഗോപാലൻ എം.എ. അതിൽ തൊഴിലില്ലായ്മയുടെ നിസഹായതയിൽ വീർപ്പുമുട്ടുന്ന ബാലഗോപാലന്റെ സങ്കടം പ്രേക്ഷകർ സ്വന്തം ദുഃഖമായി തിരിച്ചറിയുന്നത് ഈ അഭിനയ മികവിന്റെ തെളിവാണ്. കിരീടത്തിലെ സേതുമാധവൻ ദേശീയ ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് ലാലിനെ അർഹനാക്കി.തെരുവിൽ ജീവിത സ്വപ്നങ്ങളും മോഹങ്ങളും തകർന്നടിയുന്നതും, കാമുകിയെ നഷ്ടപ്പെടുന്നതും നെടുവീർപ്പോടെ നോക്കിനിൽക്കേണ്ടി വരുന്ന സേതുമാധവന്റെ മുഖത്തെ ശൂന്യത പ്രേക്ഷകർ ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല. ലാലിനെ താരമായി ഉയർത്തിയ രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ്,മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ഭരതം ,വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളായ ഗോപിയും കുഞ്ഞുക്കുട്ടനും സന്മനസുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപ്പണിക്കർ , പവിത്രത്തിലെ ചേട്ടച്ഛൻ,ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ, ചിത്രത്തിലെ വിഷ്ണു, കമലദളത്തിലെ നന്ദഗോപാൽ,ലാൽസലാമിലെ നെട്ടൂരാൻ,ഇരുവർ എന്ന തമിഴ് ചിത്രത്തിലെ എം.ജി. ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദൻ,കിലുക്കത്തിലെ ജോജി,താഴ് വാരത്തിലെ ബാലൻ,സദയത്തിലെ സത്യനാഥൻ, ഉയരങ്ങളിലെ ജയരാജ്,മണിച്ചിത്രത്താഴിലെ സണ്ണി, സ്ഫടികത്തിലെ ആടുതോമ,തന്മാത്രയിലെ രമേശൻ, ഹിന്ദിച്ചിത്രമായ കമ്പനിയിലെ ശ്രീനിവാസൻ എന്ന പൊലീസ് ഓഫീസർ തുടങ്ങി ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിവരെ വരെ മോഹൻലാലിന്റെ അവിസ്മരണീയമായ എത്രയെത്ര കഥാപാത്രങ്ങളെ വേണമെങ്കിലും ചൂണ്ടിക്കാട്ടാനാകും.സഹോദരനായും ,കൂട്ടുകാരനായും കാമുകനായും ഭർത്താവായും അച്ഛനായും മലയാള ജീവിതത്തിന്റെ മുഖമായി മോഹൻലാൽ മാറുന്നു.ഓരോ മലയാളിയും അവർക്കേറ്റവും പ്രിയപ്പെട്ടവനായി ലാലിനെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു.കർണ്ണഭാരം,ഛായാമുഖി എന്നീ നാടകങ്ങളിലൂടെ മോഹൻലാൽ സിനിമയ്ക്കൊപ്പം നാടക പ്രേമികളുടെയും തിയേറ്റർ പ്രതിഭകളുടെയും ഹൃദയങ്ങൾ കവർന്നതും നാം കണ്ടു.രാജ്യം പദ്മഭൂഷൺ നൽകി ഈ അഭിനയപ്രതിഭയെ ആദരിച്ചിട്ടുണ്ട്.സംവിധായകനായി രംഗപ്രവേശം ചെയ്യാനൊരുങ്ങുകയാണ് ലാൽ.
നടന്മാരിൽ ഏറെപ്പേരും അഭിനയത്തെ ഒരു ജീവനോപാധിയായി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.കഠിനമായ പരിശ്രമങ്ങളിലൂടെയാണ് അവരിൽ പലരും ശ്രദ്ധേയരായിത്തീരുന്നത്.അവരിൽ വളരെക്കുറച്ചുപേർ മാത്രം മികച്ച നടന്മാരായി അംഗീകരിക്കപ്പെടും.ഏറെപ്പേരും സാധാരണനടന്മാാരായി കാലം കഴിച്ചുകൂട്ടുന്നു.മോഹൻലാൽ നടനായി ജനിച്ച്,നടനായി വളർന്ന്,കേരളം കണ്ട എക്കാലത്തേയും വലിയ നടനായി പരിണമിക്കുകയായിരുന്നു.മോഹൻലാലിന് അഭിനയമെന്നത് നൈസർഗികമായ സിദ്ധിയാണ്.ലോകത്തിലെ ഏറ്റവും വലിയ നടന്മാരിൽ ഒരാളായ ശിവാജിഗണേശന്റെ പിൻതലമുറയിലെ ദൃഢതയാർന്ന, തിളക്കമാർന്ന കണ്ണിയാണ് മോഹൻലാൽ.
നാട്യശാസ്ത്രകാരനായ ഭരതമുനി അഭിനയത്തെ ആംഗികം,വാചികം,ആഹാര്യം,സാത്വികം എന്നിങ്ങനെ നാലായി തരംതിരിക്കുന്നു.ആംഗികം ശരീരഭാഷയും,വാചികം സംഭാഷണവും ആഹാര്യം വേഷവിധാനവുമാണ്.ഈ മൂന്ന് ഘടകങ്ങളിൽ പൂർണത കൈവരിക്കുമ്പോൾത്തന്നെ ഒരു നടന് മികവുറ്റ അഭിനയം കാഴ്ചവയ്ക്കാൻ കഴിയും.എന്നാൽ ഭരതമുനി പറയുന്ന നാലാമത്തെ ഘടകമായ സാത്വികത്തിലും കൂടി ആഴ്ന്നിറങ്ങുന്നവർ അതുല്യ നടൻമാരായിത്തീരുന്നു.തന്മയീഭാവമാണ് സാത്വികം.അഭിനയത്തിന്റെ എല്ലാ അംശങ്ങളെയും തന്മയീഭവിക്കുക.കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കടന്ന് ആ കഥാപാത്രമായി ജീവിക്കുന്നതാണ് സാത്വികം. ഇതൊരുതരം പരകായപ്രവേശമാണ്.മോഹൻലാൽ ആംഗികത്തിലും വാചികത്തിലും ആഹാര്യത്തിലും മാത്രമല്ല സാത്വികത്തിലും പൂർണത നേടിയ നടനാണ്. മോഹൻലാൽ ഒരിക്കൽപ്പോലും അഭിനയത്തിന്റെ സ്ഥൂലതകളിൽ വ്യാപരിച്ചിട്ടില്ല.അഭിനയത്തിന്റെ സൂക്ഷ്മപ്രപഞ്ചങ്ങളിലൂടെയാണ് ഈ മഹാനടന്റെ പ്രയാണം.മോഹൻലാൽ എല്ലാ അർത്ഥത്തിലും ഒരു സമ്പൂർണ നടനാണ്.
അഭിനയരംഗത്തേക്ക് കടന്നുവന്ന കാലം മുതൽക്കെ കേരളകൗമുദിയുടെ ആത്മമിത്രവും അഭ്യുദയകാംക്ഷിയുമാണ് മോഹൻലാൽ.പിറന്നാൾ ദിനത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട മോഹൻലാലിന് സർെെവശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.