ഉർവശി
എന്റെ എക്കാലത്തെയും ഇഷ്ട നായകനാണ് ലാലേട്ടൻ. കൂടെ അഭിനയിക്കുന്നവരോടുള്ള ലാലേട്ടന്റെ പെരുമാറ്റം മലയാള സിനിമയിലെ എല്ലാ നടന്മാരും കണ്ടു പഠിക്കേണ്ടതാണ്. അഭിനയിക്കുമ്പോൾ കൂടെ നിൽക്കുന്നവർ എത്ര പ്രാവശ്യം ഡയലോഗ് തെറ്റിച്ചാലും ശരിയാകുന്നതുവരെ അദ്ദേഹം ക്ഷമയോടെ കാത്തുനിൽക്കും. വേണു നാഗവള്ളി ചിത്രങ്ങളിലെ ലാലേട്ടനെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു ചെറുകഥയിലെ കഥാപാത്രങ്ങൾ പോലെ ഹൃദ്യമായിരുന്നു അവയെല്ലാം.
സർവകലാശാല, സുഖമോ ദേവി, ഏയ് ഓട്ടോ, ലാൽ സലാം , കിഴക്കുണരും പക്ഷി തുടങ്ങിയ വേണു നാഗവള്ളി ചിത്രങ്ങളിലെ ലാലേട്ടനെ എങ്ങനെയാണ് മറക്കാൻ കഴിയുക . അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ലാൽ സലാമിലെ സഖാവ് നെട്ടൂരാനും സുഖമോ ദേവിയിലെ സണ്ണിയുമാണ്. സുഖമോ ദേവിയിലെ സണ്ണി ഇന്നും എന്നെ പിന്തുടരുന്നുണ്ട്. സണ്ണിയുടെ മരണരംഗം കാണുമ്പോൾ ഹൃദയത്തിൽ വല്ലാത്തൊരു നീറ്റലാണ്.