ന്യൂഡൽഹി : ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം ഇറക്കിയതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാൾ. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നു വന്നതിനേക്കാൾ മാരകമാണ് ഇന്ത്യയിൽ നിന്നുള്ള കൊവിഡ് വൈറസുകളെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ആരോപിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി പാർലമെന്റിൽ സംസാരിക്കവേയാണ് ഇന്ത്യയെക്കുറിച്ച് ആരോപണങ്ങളുമായി നേപ്പാൾ പ്രധാനമന്ത്രി രംഗത്തുവന്നത്.
അനധികൃതമായ മാർഗത്തിലൂടെ ഇന്ത്യയിൽ നിന്ന് വരുന്നവരാണ് രാജ്യത്ത് കൊവിഡ് പടർത്തിയത്.
ഇന്ത്യയിൽ നിന്ന് നിയമവിരുദ്ധ മാർഗങ്ങൾ വഴി രാജ്യത്തേക്കു കടക്കുന്നവരിലൂടെ വൈറസ് പടരുന്നുണ്ട്. ശരിയായ പരിശോധനയില്ലാതെ ഇന്ത്യയിൽ നിന്ന് ആളുകളെ എത്തിക്കുന്നതിൽ ചില പ്രാദേശിക പ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനയേക്കാളും ഇറ്റാലിയനേക്കാളും മാരകമാണെന്നു തോന്നുന്നു. കൂടുതൽ പേർ ഇവിടെ രോഗബാധിതരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയിരുന്നു മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുമെന്നും നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞിരുന്നു.