സിനിമയിൽ തുടക്കകാലത്ത് വില്ലൻ വേഷങ്ങളാണ് അവതരിപ്പിച്ചിരുന്നതെങ്കിലും അത്തരം കഥാപാത്രങ്ങളിൽ ഒതുങ്ങിപ്പോകേണ്ട നടനല്ല മോഹൻലാൽ എന്ന ബോദ്ധ്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് എങ്ങനെ നീ മറക്കും പോലുള്ള സിനിമകൾ ലാലിന് വേണ്ടിയെഴുതിയത്. ലാലിന്റെ സെൻസ് ഒഫ് ഹ്യൂമറിൽ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു. ഹ്യൂമറിലുള്ള ആ ടൈമിംഗ് സിനിമയിൽ ഉപയോഗപ്പെടുത്തുകയാണ് ഞാൻ ചെയ്തത്. കോമഡി രംഗത്തിൽ അഭിനയിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതാണ് ഒരു നടൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
മോഹൻലാൽ അഭിനയിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. കഥാപാത്രമായി പെരുമാറുന്നതാണ് ലാലിന്റെ രീതി. ഇതേക്കുറിച്ച് ചോദിക്കുമ്പോൾ തയ്യാറെടുപ്പുകളൊന്നും നടത്താറില്ലെന്നും കഥാപാത്രവും അതിന്റെ അന്തരീക്ഷവും മനസിൽ കിട്ടുമ്പോൾ അഭിനയിച്ച് പോകുന്നതാണെന്നുമാണ് ലാൽ പറയുന്നത്.
മോഹൻലാൽ ഒരു വൺ ടേക്ക് ആക്ടറാണ്. ആദ്യത്തെ ടേക്കിൽ അദ്ദേഹം പൂർണമായും കഥാപാത്രമായി മാറും. പിന്നീടത് അനുകരിക്കാനുള്ള ശ്രമം വരും.
അതുകൊണ്ട് കഴിയുന്നിടത്തോളം ആദ്യ ടേക്ക് തന്നെ ഓക്കെ ആക്കാൻ ശ്രമിക്കണമെന്ന് ലാൽ പറയാറുണ്ട്.എന്റെ സിനിമകൾക്ക് ഭംഗിയും ജീവനുമുണ്ടാക്കിയത് ലാലിന്റെ സാന്നിദ്ധ്യമാണ്.എന്റെ സിനിമാജീവിതം വിജയമായതിന്റെ 60 ശതമാനം ക്രെഡിറ്റും മോഹൻലാലിനാണ്.ഇതൊക്കെ കൊണ്ടാണ് ഇന്ത്യയിലെ മികച്ച നടനാണ് ലാലെന്ന് ഞാൻ പറയുന്നത്.