സുരേഷ്കുമാർ
മോഹൻലാലിനെ പോലെ ഇത്രയും പ്രൊഫഷണലായ നടൻ വേറെയില്ല. കൃത്യനിഷ്ഠയുടെയും ആത്മാർത്ഥതയുടെയും കാര്യത്തിൽ മോഹൻലാൽ മികച്ച മാതൃകയാണ്. ലാൽ കാരണം ഒരു പരാതിയും സെറ്റുകളിലുണ്ടാകാറില്ല.
ഷൂട്ടിംഗ് മുടങ്ങുകയോ മാറ്റിവയ്ക്കുകയോ വേണ്ടിവന്നിട്ടില്ല.
മോഹൻലാലിനെക്കുറിച്ച് ഒരു പരാതിയെങ്കിലും എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? എന്നാൽ, പുതിയ തലമുറയിലെ ചില നടന്മാരുടെ കാര്യമോ? പരാതികൾ നമ്മൾ ധാരാളം വായിക്കുന്നുണ്ടല്ലോ. അഭിനയത്തെ പ്രൊഫഷനായി കാണുന്നവർക്ക് മോഹൻലാൽ ഒരു പാഠപുസ്തകമാണ്. വാക്കുകൊണ്ടുപോലും ആരെയും വേദനിപ്പിക്കാറില്ല. അനാവശ്യമായ പരാതികളില്ല. തിരക്കഥ വായിക്കുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അദ്ദേഹം തുറന്നു പറയുന്നു. ഇഷ്ടപ്പെട്ടാൽ പിന്നെ, അതിലിടപ്പെട്ട് അതു മാറ്റ് , ഇതു മാറ്റ് എന്റെ ഡയലോഗ് എഴുതി കേറ്റ്, മറ്റേയാളുടെ ഡയലോഗ് വെട്ടിക്കുറയ്ക്ക് എന്നൊന്നും പറയില്ല.
ലാൽ ഉൾപ്പെടുന്ന നമ്മുടെ കൂട്ടുകെട്ടിന് ഇന്നും ചെറുപ്പമാണ്. അദ്ദേഹം പൊതുവെ നാണക്കാരനാണ്. എന്നാൽ, കൂട്ടുകാർക്കിടയിൽ അടിച്ചുപൊളിക്കാരനാണ്. ഒരുപാടുപേരെ സഹായിക്കാറുണ്ട്. അതൊന്നും അദ്ദേഹം ആരെയും അറിയിക്കാറില്ല. എല്ലാ നല്ലകാര്യത്തിനും കൈ കൊടുക്കും. കൊവിഡ് വന്നപ്പോൾ ഇൻഡസ്ട്രീസിലെ എല്ലാവരെയും ഫോണിൽ വിളിച്ച് സുഖാന്വേഷണം നടത്തി. നല്ലഹൃദയമുള്ള മനുഷ്യനാണ് മോഹൻലാൽ.