കവിയൂർ പൊന്നമ്മ
മോഹൻലാൽ എനിക്ക് മകനെ പോലെയല്ല. മകൻ തന്നെയാണ്. ആദ്യം തന്നെ പറയട്ടേ ഞാൻ ലാലേ എന്ന് വിളിക്കാറില്ല. ഒരുപാട് സ്നേഹത്തോടെ കുട്ടൻ എന്ന് മാത്രമേ വിളിക്കൂ. കുട്ടൻ ഇതുവരെ അഭിനയിച്ചവയിൽ, എന്റെ മകനായി എത്തിയ സിനിമകളോട് അല്പം ഇഷ്ടക്കൂടുതലുണ്ട്. അതിൽ തന്നെ ഏറ്റവും ഇഷ്ടം കിരീടമാണ്. കാണുമ്പോൾ അതൊരു സിനിമയാണെന്ന കാര്യം മറന്നുപോകും. തിലകൻ ചേട്ടൻ മകനായ സേതുമാധവനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുന്ന ഒരു രംഗമുണ്ട്. അപ്പോൾ തിരിഞ്ഞ് എന്നെ ഒന്ന് നോക്കിയിട്ട് പതിയെ ഇറങ്ങിപ്പോകും. മോനേ എന്ന് വിളിച്ച് ഞാൻ പിന്നാലെ ഓടിച്ചെല്ലും. അപ്പോൾ, അമ്മേ ജീവിതം എനിക്ക് കൈവിട്ടു പോകുന്നു എന്നൊരു ഡയലോഗുണ്ട്. അതുകേട്ടാൽ നെഞ്ചിൽ കുത്തിക്കയറുന്നതുപോലെ തോന്നും. കിരീടത്തിൽ തന്നെ പത്രത്തിൽ വരുന്ന മഹാഭാരതം സീരിയലിന്റെ കഥ അമ്മയുടെ മടിയിൽ കിടന്ന് വായിച്ചുകൊടുക്കുന്ന ഒരു രംഗമുണ്ട്.
സേതുമാധവന്റെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യമാണ് യാദൃച്ഛികമായി വായിച്ച് കേൾപ്പിക്കുന്നത്. ജീവിതത്തെ വെല്ലുന്ന രീതിയിലാണ് അതിൽ കുട്ടന്റെ അഭിനയം.