മോഹൻലാലിന്റെ
മികച്ച
എട്ട് ചിത്രങ്ങൾ
സംവിധായകൻ
സിബി മലയിൽ
തിരഞ്ഞെടുക്കുന്നു
കിരീടം
സംവിധാനം : സിബി മലയിൽ
തിരക്കഥ : എ.കെ.ലോഹിതദാസ്
സേതുമാധവൻ എന്ന ചെറുപ്പക്കാരന്റെ ആത്മനൊമ്പരത്തെ ഇത്രമേൽ മനോഹരമായി അഭിനയിപ്പിക്കാൻ മറ്റൊരു നടനും കഴിയില്ല.ദേശീയ പുരസ്കാരത്തിന് മോഹൻലാലിന് പ്രത്യേക പരാമർശം ലഭിച്ചു.
താഴ്വാരം
സംവിധാനം : ഭരതൻ
തിരക്കഥ : എം.ടി
പ്രതികാരത്തിന്റെ കഥ. കഥാപാത്രങ്ങൾ വളരെ കുറവ്. അവിടെ കണ്ണിൽ തീയുമായി കരിമ്പടം പുതച്ചുവരുന്ന ബാലനായിട്ടാണ് മോഹൻലാൽ. ഒന്നു ചിരിക്കാൻ പോലും മടിക്കുന്ന പരുക്കൻ കഥാപാത്രത്തെ അതിന്റെ വന്യത മുഴുവൻ ഉൾക്കൊള്ളാൻ ലാലിനു കഴിഞ്ഞു.
ഭരതം
സംവിധാനം : സിബി മലയിൽ
തിരക്കഥ : എ.കെ.ലോഹിതദാസ്
പറഞ്ഞറിയിക്കാനാകാത്ത ഹൃദയവികാരത്തോടെ മലയാളികൾ കണ്ട ചിത്രം.ചേട്ടന്റെ മരണവിവരം വീട്ടുകാരെ അറിയിക്കാതെ ഗോപിനാഥൻ എന്ന മോഹൻലാൽ കഥാപാത്രം നെഞ്ചുപൊട്ടി പാടിയപ്പോൾ തകർന്നത് നമ്മുടെയൊക്കെ ഹൃദയങ്ങളായിരുന്നു.
സദയം
സംവിധാനം : സിബി മലയിൽ
തിരക്കഥ : എം.ടി
മോഹൻലാൽ എന്ന അദ്ഭുതപ്രതിഭയുടെ വിസ്മയകരമായ പകർന്നാട്ടമാണ് 'സദയം". അഭിയനിക്കുകയാണെന്ന് തോന്നില്ല, ജീവിച്ച് കരയിപ്പിക്കുകയായിരുന്നു ലാൽ. ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരിൽ കാണാവുന്ന തിളക്കം.
ദേവാസുരം
സംവിധാനം : ഐ.വി.ശശി
തിരക്കഥ : രഞ്ജിത്ത്
മംഗലശ്ശേരി നീലകണ്ഠൻ എന്ന കരുത്തനായ മാടമ്പിയുടെ കഥാപാത്രമാണതിൽ. മോഹൻലാലിന്റെ പിൽക്കാല കരിയറിൽ പ്രത്യേക ജനുസിലുള്ള സിനിമകൾക്ക് തുടക്കമിട്ട ചിത്രമെന്ന് വിശേഷിപ്പിക്കാം
തന്മാത്ര
സംവിധാനം : ബ്ലസി
തിരക്കഥ : ബ്ലസി
വെല്ലുവിളിയുയർത്തുന്ന കഥാപാത്രമാണ് രമേശൻനായർ. മറവിരോഗം ബാധിച്ച ആൾക്കാരെ കണ്ടു പഠിച്ചിട്ടല്ല ലാൽ അതു ചെയ്തത്. ശരിക്കും അദ്ഭുതപ്രതിഭാശാലി എന്ന പദം അന്വർത്ഥമാകുകയാണ് ഇവിടെ.
ഇരുവർ
സംവിധാനം : മണിരത്നം
തിരക്കഥ : മണിരത്നം, സുഹാസിനി
മോഹൻലാൽ അവതരിപ്പിച്ച ആനന്ദൻ എന്ന കഥാപാത്രം എം.ജി.ആറിനോട് സാദൃശ്യം. സ്ക്രീനിൽ കണ്ടപ്പോൾ മോഹൻലാലിന്റെ സ്ഥാനത്ത് എം.ജി.ആറിനെ തന്നെയാണ് കാണാൻകഴിഞ്ഞത്.
വാനപ്രസ്ഥം
സംവിധാനം : ഷാജി എൻ. കരുൺ
തിരക്കഥ : ഷാജി എൻ. കരുൺ
കഥകളി നടനായ കുഞ്ഞിക്കുട്ടൻ എന്ന കഥാപാത്രം പൂർത്തിയാക്കണമെങ്കിൽ ഒരു തപസ് അതിനു പിന്നിലുണ്ടാകണം. ആ വെല്ലുവിളി ഏറ്രെടുത്ത് വിജയിപ്പിക്കാൻ മോഹൻലാലിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. കഥകളി നടന്റെ മനോവികാരങ്ങൾ ഗംഭീരമായിട്ടാണ് വരച്ചു കാട്ടിയത്.
തയ്യാറാക്കിയത്: കോവളം സതീഷ് കുമാർ
.