കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്, ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് പത്ത് പേർ മരിച്ചതായും മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്നും മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.. കൊവിഡിനെക്കാളും വലിയ നാശമാണ് സംസ്ഥാനത്ത് ഉംപുൻ കാരണം ഉണ്ടായതെന്നും ഒരുലക്ഷം കോടിയുടെ നഷ്ടം ഉണ്ടായതായും മമത പറഞ്ഞു.
നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൗറ, കൊൽക്കത്ത, പടിഞ്ഞാറൻ മിഡ്നാപൂർ, കിഴക്കൻ മിഡ്നാപൂർ, പുരുളി ഭാങ്കുര ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു.
കൊൽക്കത്ത നഗരത്തിലും കാറ്റ് കനത്ത നാശം വിതച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനത്തെയും കൊടുങ്കാറ്റ് ബാധിച്ചു.
കൊൽക്കത്തയിൽ കൊടുങ്കാറ്റിൽ ഇലക്ട്രിക് ട്രാൻഫോർമർ പൊട്ടിത്തെറിക്കുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ഗംഗാ തീരത്തോട് ചേർന്ന ജില്ലകളെ കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലെ അപകട സാധ്യതയുള്ള മേഖലകളിൽനിന്ന് ലക്ഷക്കണക്കിനുപേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
തീരദേശത്തോട് അടുത്ത് താമസിക്കുന്നവരെ മാറ്റിപാർപ്പിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വൻ നാശനഷ്‌ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ദിംഗയിൽ അടക്കം ശക്തമായ മഴയാണ് രാവിലെ മുതൽ ലഭിക്കുന്നത്. ഒഡീഷയിൽ കനത്ത കാറ്റും മഴയുമുണ്ട്. ബംഗാളിൽ നിന്ന് മാത്രം മൂന്ന് ലക്ഷത്തിലേറെ പേരെ മാറ്റിപാർപ്പിച്ചു.