cui

തിരുവനന്തപുരം: ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറിയ സി.ഐയുടെ തൊപ്പി തെറിച്ചു. വർക്കല അയിരൂർ സ്റ്റേഷനിലെ സി.ഐ രാജ്കുമാറിനെയാണ് ഐ.ജി ഹർഷിത അത്തല്ലൂരി സസ്‌പെൻഡ് ചെയ്തത്. രണ്ടു ദിവസം മുമ്പ് തച്ചോട് ഭാഗത്തുവച്ച് ഹെൽമെറ്റില്ലാതെ വാഹനത്തിൽ വന്ന യുവതിയെ തടഞ്ഞു നിറുത്തി ഫോൺ നമ്പർ വാങ്ങിയ ശേഷം സി.ഐ പറഞ്ഞുവിട്ടു.

പിന്നാലെ നിരന്തരം ഫോൺ വിളിയായി. ഒടുവിൽ,​ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ അടയ്‌ക്കേണ്ടെന്നും, കേസിൽ നിന്നൊഴിവാക്കാൻ മുല്ലപ്പൂ വച്ച് തന്റെ ക്വാർട്ടേഴ്സിലേക്ക് വന്നാൽ മതിയെന്നുമായി രാജ്കുമാറിന്റെ ആവശ്യം. ഇതോടെ മൊബൈൽ ഫോൺ സംഭാഷണങ്ങൾ സഹിതം യുവതി ഐ.ജിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.