child-feeding-

കുട്ടികൾക്ക് ആഹാരം കൊടുക്കുക എന്നതാണ് ഏറ്റവും പ്രയാസമേറിയ ജോലി. എന്തൊക്കെ കൊടുക്കാൻ ശ്രമിച്ചാലും അതൊന്നും അവർ കഴിക്കില്ല. കുട്ടികളെ മികച്ചവരായി വളർത്താനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്.

കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും. കുട്ടികളുടെ ആരോഗ്യത്തിനായി നൽകുന്ന ഭക്ഷണം പോലെ തന്നെയാണ് അവരുടെ ബുദ്ധിവളർച്ചയ്ക്കുള്ള ഭക്ഷണങ്ങളും. അത്തരം ബ്രെയിൻ ഫുഡുകളാണ് അവരുടെ നല്ല ഭാവിക്ക് അടിസ്ഥാനവും. കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

പാൽ

പ്രോട്ടീനും വിറ്റമിൻ ബിയും അടങ്ങിയിട്ടുള്ള പാൽ വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ടതാണ്. തലച്ചോറിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായക്കുന്നു.

മുട്ട

നല്ലൊരു പ്രോട്ടീൻ സ്രോതസായിട്ടാണ് മുട്ട അറിയപ്പെടുന്നത്. എന്നാൽ മുട്ടയിലെ മഞ്ഞക്കരുവിന് ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. രാവിലത്തെ ഭക്ഷണത്തോടൊപ്പം മുട്ട കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും മുട്ട കൊടുക്കാൻ ശ്രദ്ധിക്കണം.

ധാന്യങ്ങൾ

കാർബോഹൈഡ്രേറ്റുകൾ നിറഞ്ഞ ധാന്യങ്ങൾ തലച്ചോറിന്റെ ഇന്ധനത്തിന് ആവശ്യമായ ഗ്ലൂക്കോസും ഊർജ്ജവും നൽകുന്നു. ആരോഗ്യകരമായ നാഡീവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന ബി-വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ നിറഞ്ഞ പ്രഭാതഭക്ഷണം ഓർമ്മയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നു.

ഓട്‌സ്

കുട്ടികൾക്ക് കൊടുക്കുന്ന ധാന്യങ്ങളിൽ വളരെ പ്രചാരമുള്ളതാണ് ഓട്‌സ്. ന്യൂട്രിനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഓട്‌സ് തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനവും ഊര്‍ജ്ജവും പ്രദാനം ചെയ്യന്നു. ദിവസവും രാവിലെ കുട്ടികൾക്ക് ഇത് കൊടുക്കുന്നത് നല്ലതാണ്.

ബെറി

സ്‌ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി എന്നിവ കുട്ടികളുടെ ബുദ്ധി ഉണർത്തുന്ന പഴങ്ങളാണ്. ഉയർന്ന അളവിലുള്ള ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയ ബെറി പഴങ്ങൾ ക്യാൻസറിനെ തടയാൻ സഹായിക്കുന്നതാണ്. ബ്ലൂബെറി, സ്‌ട്രോബെറി എന്നിവയുടെ സത്തിൽ ബുദ്ധിവികാസത്തിന്റെ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

തൈര്

ബ്രെയിൻ ടിഷ്യു, ന്യൂറോ ട്രാൻസ്മിറ്ററുകൾ, എൻസൈമുകൾ എന്നിവയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ ബി യുടെ ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. ഇത് പ്രോട്ടീന്റെയും കാർബോഹൈഡ്രേറ്റിന്റെയും മികച്ച ഉറവിടമാണ്. മുലയൂട്ടുന്ന പ്രായത്തിൽ തന്നെ കുട്ടികൾക്ക് തൈര് നൽകാവുന്നതാണ്.

പയർ

ഉയർന്ന പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പയർ കുട്ടികൾക്ക് ഒരു മികച്ച ഭക്ഷണമാണ്. മസ്തിഷ്ക വളർച്ചയ്ക്കും പ്രവർത്തനത്തിനും പ്രധാനമായ പല ഘടകങ്ങളും പയർ വർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്നു.

നട്സ്

വാൽനട്ട്, ബദാം, നിലക്കടല എന്നിവയിൽ വിറ്റാമിൻ ഇ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ ചർമ്മത്തെ സംരക്ഷിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് വാൽനട്ടാണ്. ഒമേഗ -3 ഫാറ്റി ആസിഡായ ഡി.എച്ച്.എയുടെ ഉയർന്ന സാന്ദ്രത ഇവയിലുണ്ട്. നവജാതശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുമെന്ന് ഡി.എച്ച്.എ തെളിയിച്ചിട്ടുണ്ട്.