pic

ബംഗളൂരു:- ഭൂമി കുലുക്കമാണോ പൊട്ടിത്തെറിയാണോ എന്നറിയാതെ നഗരത്തിലെ ജനങ്ങൾ ഭയന്ന ഉച്ചത്തിലുള്ള മുഴക്കം ഒരു സൂപ്പർസോണിക് യുദ്ധവിമാനം വേഗം കുറക്കുമ്പോഴുണ്ടാകുന്ന മുഴക്കമായിരുന്നു എന്ന് കണ്ടെത്തി. ബംഗളൂരു നഗരത്തിലെ എംജി റോഡ്, ശാന്തി നഗർ,ഇന്ദിരാ നഗർ,ബസവനഗുഡി എന്നിവിടങ്ങളിലെ ജനങ്ങൾക്കാണ് വീടുകളിൽ ശക്തമായ മുഴക്കം അനുഭവപ്പെട്ടത്. മുഴക്കം ഭൂമികുലുക്കമല്ലെന്ന് സംസ്ഥാന പ്രകൃതി ദുരന്ത മോണിറ്ററിംഗ് കേന്ദ്രം ഇന്നലെ തന്നെ അറിയിച്ചിരുന്നു.

സംഭവത്തിനെ തുടർന്ന് ആദ്യം ആശങ്ക പരന്നെങ്കിലും പിന്നീട് സമൂഹമാധ്യമങ്ങളിൽ ഇതിനെ കുറിച്ചുള്ള ട്രോൾ മീമുകൾ നിറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് 1.15ഓടെ ഉണ്ടായ സംഭവത്തിൽ പ്രതിരോധ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് അതൊരു സോണിക് ബൂം ആണെന്ന് ഉറപ്പിച്ചത്. ബംഗളൂരുവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ പൊതുജനസമ്പർക്ക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്.