ten-minutes

കൊവിഡ് വെെറസ് പടരാതിരിക്കാൻ ഏറ്റവും നല്ലത് വീട്ടിലിരിക്കുക എന്ന പ്രതിരോധ മാർഗംതന്നെ. എന്തുകൊണ്ടെന്നാൽ വെറും പത്ത് മിനിറ്റ് മാത്രം മതി ഈ വെെറസ് മറ്റൊരാളിലേക്ക് പടരാൻ എന്നാണ് പുതിയ കണ്ടെത്തലുകൾ. ആരോഗ്യവാനായ ഒരു വ്യക്തതിയിൽ നിന്ന് കൊവിഡ് വെെറസ് പടരുന്നത് എത്രസമയത്തിനുള്ളിലെന്ന് വിദഗ്ദ്ധർ പഠനവിധേയമാക്കിയതനുസരിച്ചാണ് ഈ റിപ്പോർട്ടുകൾ. യൂണിവേഴ്‌സിറ്റി ഒഫ് മസാച്ചുസെറ്റ്‌സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനമാണ് ഇതിനാധാരം.

ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍നിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളില്‍ കൊവിഡ് വെെറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ മനുഷ്യശീലങ്ങളും രോഗിയില്‍നിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കും.

സക്സസ്ഫുൾ ഇൻഫെക്ഷൻ=എക്സ്പോഷർ വെെറസ് xസമയം എന്ന രീതിയിലാണ് കണക്ക്. ശ്വസനം,​ സംഭാഷണം ഇവയിലൂടെ ആരോഗ്യകരമായ ഒരു വ്യക്തിയിൽ നിന്നും അണുബാധ എങ്ങനെ വ്യാപിക്കുന്നു എന്ന് സമയം കണക്കാക്കി. ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് 50 മുതല്‍ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. എന്നാൽ സാധാരണ ശ്വാസവായുവില്‍ ഇത്രയധികം കണങ്ങള്‍ അടങ്ങിയിരിക്കുന്നതായി പൊതുവെ നമുക്ക് ധാരണയില്ല.

കണ്ണട ധരിക്കുന്നവര്‍ മാസ്‌ക് ധരിക്കുമ്പോള്‍ കുറച്ച് സമയത്തിന് ശേഷം കണ്ണടയ്ക്ക് മുകളില്‍ ബാഷ്പം തങ്ങിനിന്ന് കാഴ്ച മറയുന്നതിന് പിന്നില്‍ ശ്വാസത്തിലടങ്ങിയിലിക്കുന്ന സ്രവകണങ്ങളാണ്. സാധാരണ കാലാവസ്ഥയിൽ ഈ ഈ തുള്ളികളിൽ ഭൂരിഭാഗവും ഗുരുത്വാകർഷണബലത്താൽ വേദത്തിൽ നിലത്ത് വീഴുന്നു. ചിലത് കുറച്ചുസമയത്തേക്ക് അങ്ങനെത്തന്നെ കിടക്കും.

അതേസമയം രോഗബാധിതനായ ഒരാളിൽ നിന്ന് ഓരോശ്വാസത്തിലും എത്ര വെെറസ് കണികകൾ പുറത്തുവരുന്നു എന്നതിനെ കുറിച്ച പഠനങ്ങളില്ല. എന്നാൽ ഇൻഫ്ലുവൻസ വെെറസിന്റെ അളവ് മിനിറ്റിൽ 20-33 വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. രോഗിയില്‍നിന്ന് മിനിറ്റില്‍ 20 കണങ്ങള്‍ പുറത്തെത്തുന്നുണ്ടെങ്കില്‍ 50 മിനിറ്റില്‍ ആയിരത്തോളം വൈറസ് ‌കണങ്ങള്‍ വായുവിലേക്കെത്തിച്ചേരുമെന്ന് എറിന്‍ ബ്രോമേജ് പറയുന്നു.

സംസാരിക്കുമ്പോള്‍ ശ്വസിക്കുന്നതിനേക്കാള്‍ പത്തു മടങ്ങ് വൈറസ്‌ കണങ്ങള്‍ വായുവിലെത്തും. അങ്ങനെയാണെങ്കില്‍ ഒരോ മിനിറ്റിലും 200 വൈറസ് ‌കണങ്ങളാണ് വായുവിലെത്തിച്ചേരുന്നത്. ഒരു കൊവിഡ് രോഗി സംസാരിക്കുമ്പോൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ വെെറസ് വായുവിൽ പടരും. ആരോഗ്യവാനായ ഒരാള്‍ രോഗബാധിതനായ ഒരാളുമായി അഞ്ച് നിമിഷം സംസാരിക്കുന്നത് വൈറസ് ബാധയ്ക്കിടയാക്കുന്നതിന് പര്യാപ്തമാണ്.

അടുത്തിടെ നടത്തിയ പഠനത്തിൽ സാർസ് കോവ് 2 വൈറസുകള്‍ 14 മിനിറ്റോളം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് രോഗിയുമായി മുഖാമുഖം സംസാരിക്കുകയോ ബന്ധപ്പെടുന്ന സാഹചര്യത്തിൽ പത്ത് മിനിറ്റു കൊണ്ടുതന്നെ രോഗം വരാൻ സാദ്ധ്യതയുണ്ട്.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് വൈറസാണ് അന്തരീക്ഷത്തിലേക്കെത്തുന്നത്. വായുവിലേക്ക് വൈറസെത്തുന്ന വേഗത 80-320 കി.മീ./മണിക്കൂറാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ആരോഗ്യവാനായ ഒരാള്‍ രോഗി ചെലവഴിച്ച മുറിയില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നത് പോലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് ഇടയാക്കുമെന്ന് ബ്രോമേജ് പറയുന്നു.

സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്നയാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ അതില്‍ അപകടമുണ്ടെന്ന് തിരിച്ചറിയുക പലപ്പോഴും അസാദ്ധ്യമാണ്. അതു കൊണ്ടു തന്നെ വൈറസ് വാഹകരെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നു. ആർക്കും വെെറസ് പകർന്നേക്കാം.പുറത്തിറങ്ങിുമ്പോൾ മാസ്ക്ക് നിർബന്ധമാക്കണം. സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.