ഇഞ്ചി വാങ്ങി കൃത്യമായി സൂക്ഷിക്കാൻ കഴിയാത്തത് മൂലം വളരെ കുറച്ച് വാങ്ങി വേഗം ഉപയോഗിച്ച് തീർക്കേണ്ട അവസ്ഥയാണ് പല വീട്ടമ്മമാർക്കും. എന്നാൽ ഗുണങ്ങളുടെ കാര്യം ആലോചിക്കുമ്പോൾ ഇഞ്ചി വാങ്ങുന്നത് ഒഴിവാക്കാനും സാധിക്കില്ല. പാചകത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയുസ്സിനും എല്ലാം ഇഞ്ചി മികച്ചത് തന്നെയാണ്. എന്നാൽ ഇഞ്ചി വാങ്ങി ഒരാഴ്ച കഴിയുമ്പോൾ തന്നെ അത് ചീത്തയാവാൻ തുടങ്ങുന്നു. പലരും ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും പലപ്പോഴും ഇഞ്ചി ചീത്തയാവുന്നു. ഇഞ്ചി ചീത്താകാതെ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് വീട്ടമ്മമാർക്ക് നന്നായിട്ട് അറിയാം. എന്നാൽ ഇനി ആ ബുദ്ധിമുട്ടുകളെ മാക്കാം. അതിന് ചില പൊടിക്കൈകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.
പലരും ഇഞ്ചി വാങ്ങുമ്പോൾ അത്ര ശ്രദ്ധിക്കാറില്ല. കിട്ടിയ ഒരു കഷ്ണം ഇഞ്ചിയാണ് വാങ്ങുക. എന്നാൽ ഇനി ഇഞ്ചി വാങ്ങുമ്പോർ നേർത്ത തൊലിയുള്ള ഉറപ്പുള്ള ഇഞ്ചി നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. ഒരിക്കലും കനം കുറഞ്ഞ ഇഞ്ചി വാങ്ങരുത്. ഇത് ഇഞ്ചി വേഗം ചീത്തയായി അഴുകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വാങ്ങിക്കുമ്പോൾ തന്നെ ശ്രദ്ധിക്കണം.
ഇഞ്ചി ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നതെങ്കിലും ചീത്താകാറുണ്ട്. കാരണം വായു കടക്കാത്ത രീതിയിൽ വേണം സൂക്ഷിക്കാൻ. അതിനായി ഒരു പേപ്പർ കവറോ തുണിയോ ഉപയോഗിച്ച് പൊതിഞ്ഞ് വേണം സൂക്ഷിക്കാൻ. ഇത് ഇഞ്ച് ദീർഘകാലം കേടാകാതിരിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇഞ്ചിയിലെ ഈർപ്പം അതു പോലെ തന്നെ നിലനിൽക്കുകയും ചെയ്യുന്നു.
ഇഞ്ചിയുടെ തൊലി കളഞ്ഞും സൂക്ഷിക്കാവുന്നതാണ്. തൊലി കളഞ്ഞ ഇഞ്ചി ഒരു പാത്രത്തിൽ വായു കയറാത്ത രീതിയിൽ അടച്ച് വെക്കാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. ഇത് ആരോഗ്യത്തിനും വളരെയധികം സഹായകമാണ്. തൊലി കളഞ്ഞ് സൂക്ഷിക്കുന്നതോടൊപ്പം ഇഞ്ചിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതേയും ഇരിക്കുന്നു. ദീർഘകാലം ഇഞ്ചി സൂക്ഷിക്കാൻ മികച്ച മാർഗ്ഗമാണ് ഇത്.
ഇഞ്ചി പ്ലാസ്റ്റിക് ബാഗിലും സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത് ഇഞ്ചി കൂടുതൽ കാലം ഫ്രഷ് ആയി ഇരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇഞ്ചിയുടെ തൊലി കളഞ്ഞ് സൂക്ഷിക്കുന്നതിനേക്കാൾ ഇഞ്ചി മുഴുവനായി പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഫ്രിഡ്ജിലും ഇത് സൂക്ഷിക്കാവുന്നതാണ്.
ഇഞ്ചി നാരങ്ങ നീരിൽ മുക്കി സൂക്ഷിക്കുന്നതും കേടുകൂടാതിരിക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ഉപയോഗിക്കുന്നതിന് മുൻപ് നല്ലത് പോലെ കഴുകണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. നാരങ്ങ നീരിൽ മുക്കി അങ്ങനെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
ഇഞ്ചി തോൽ കളയാതെ വിനാഗിരി ഉപയോഗിച്ച് സൂക്ഷിച്ച് വെക്കാവുന്നതാണ്. വിനാഗിരി മുക്കി ഇഞ്ചി ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഇത് ഇഞ്ചിയുടെ കേട് മാറ്റി നല്ല ഫ്രഷ്നസ് നിലനിർത്തുന്നു. എപ്പോൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഉപയോഗിക്കും മുൻപ് നല്ലതു പോലെ കഴുകാൻ ശ്രദ്ധിക്കണം.
മണ്ണിൽ തന്നെ ഇഞ്ചി സൂക്ഷിക്കാവുന്നതാണ്. ഇഞ്ചി പറിച്ച ശേഷം എടുത്ത് അതേ മണ്ണിൽ തന്നെ കുഴിച്ചിടുക. ഇത് എത്ര നാൾ വേണമെങ്കിലും കേടാകാതിരിക്കുന്നതിൻ സഹായിക്കുന്നു.