pic

മുംബയ്: കൊവിഡ് 19 ഭയത്തിൽ ലോകം വിറച്ചിരിക്കുമ്പോൾ നൂറിലേറെ കുരുന്നുകൾക്ക് ജന്മം നൽകാൻ ഇടമായ ഒരു ആശുപത്രിയുണ്ട് രാജ്യത്ത്. മുംബയിലെ ലോക്മാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിയിലാണ് വൈറസ് ബാധിച്ച സ്ത്രീകൾ 115 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 65 ഡോക്ടർമാരുടെയും 24 നഴ്‌സുമാരുടെയും പരിചരണത്തിനിടെ രണ്ട് ഗർഭിണികൾക്ക് മാത്രമാണ് ജീവൻ നഷ്ടമായത്. ഒരു സ്ത്രീ പ്രസവ ശേഷം മരിച്ചതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനും ഇവർക്കായി. മൂന്ന് കുഞ്ഞുങ്ങൾക്ക് കൊവിഡ് ബാധിച്ചെങ്കിലും അതിജീവിക്കാനായതും ആശുപത്രിയുടെ ചികിത്സാനേട്ടമാണ്.

40 കിടക്കയുള്ള വാർഡ്, മൂന്ന് ഓപ്പറേഷൻ തീയേറ്റർ, ആറ് ടേബിളുകളും ഇവർക്കായി ഒരുക്കിയിരുന്നു. ചിലർക്ക് പനിയും ശ്വാസം മുട്ടലും ഉണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇവരെല്ലാം വീട്ടിലേക്ക് മടങ്ങി. ഇനി 34 കിടക്കയുള്ള വാർഡ് കൂടി ഒരുക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഏറ്റവും അധികം കൊവിഡ് മരണങ്ങൾ സംഭവിച്ച സംസ്ഥാനത്താണ് ഈ ആശുപത്രിയും ഉള്ളതെന്നാണ് ആശ്ചര്യം സൃഷ്ടിക്കുന്നത്. ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത മുംബയിലും ധാരാവിയിലും ഇപ്പോഴും സ്ഥിതി ആശാവഹമല്ലെന്നാണ് കണക്ക്. സാമൂഹ്യ വ്യാപനവും രൂക്ഷമാകുകയാണ്.