healthuk

ലണ്ടൻ:- കൊവിഡ് രോഗബാധ പടർന്നുപിടിക്കുന്നത് എങ്ങനെ എന്ന് പഠിക്കുവാൻ ആവശ്യത്തിന് ഇളവുകളുള്ള ലോക്‌ഡൗൺ അനുവദിക്കണമെന്ന് ബ്രിട്ടീഷ് ഗവേഷകർ. 50 ദിവസം ലോക്ഡൗണും 30 ദിവസം സാധാരണ പോലെ ജോലിയും ഉള്ള സംവിധാനം വരേണമെന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം. രാജ്യത്ത് ജോലി നഷ്ടം കുറക്കാനും സാമ്പത്തിക ഭാരം ഒഴിവാക്കാനും ഇത്തരം ചിട്ട സഹായിക്കും. വൈറസിന്റെ കണ്ണി മുറിക്കാൻ ഉള്ള ഏക വഴിയും ഇതാണ്. 2022 അവസാനം വരെ ഈ സംവിധാനം തുടരണം. എന്നാൽ ഇക്കാലങ്ങളിലെല്ലാം പരിശോധനയും, സമ്പർക്കവഴികൾ കണ്ടെത്തുന്നതും, ഐസൊലേറ്റ് ചെയ്യുന്നതുമെല്ലാം ഇപ്പോഴത്തെ പോലെ തന്നെ തുടരണം.

കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. ഡോ.രാജീവ് ചൗധരിയുടെ നേതൃത്വത്തിൽ നടന്ന പഠനം 'യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡമോളജി'യിലാണ് പ്രസിദ്ധീകരിച്ചത്. മൂന്ന് തരം സാധ്യതകളാണ് ഇത്തരത്തിൽ ചെയ്യാൻ ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്. ആദ്യത്തേത് ആണ് പ്രധാനം ഇങ്ങനെ ചെയ്താൽ രോഗബാധ ഗണ്യമായി ക്രമത്തിൽ കുറയ്ക്കാം. പതിനെട്ട് ദിവസങ്ങൾക്കകം ഇതിലൂടെ വരുന്ന രോഗബാധ ഇല്ലാതാക്കാം. രണ്ടാമത് നിലവിൽ സ്വീകരിക്കുന്ന നടപടികൾ പോലെ മുന്നോട്ട് പോകാം. ഇതിൽ 200 ദിവസത്തോളമെടുക്കും വൈറസിനെ മെരുക്കാൻ. മാത്രമല്ല 78 ലക്ഷം പേരുടെ മരണത്തിനും ഇത് കാരണമാകും. മൂന്നാമത് ലോക്ഡൗണിൽ ചെറിയ ഇളവുകൾ നൽകുന്ന പരീക്ഷണമാണ്. ഇതിൽ 35 ലക്ഷം പേരെങ്കിലും മരണപ്പെടാൻ സാധ്യതയുണ്ട്.

ബുധനാഴ്ച വരെ ലോകത്ത് 50 ലക്ഷം ജനങ്ങൾക്ക് രോഗബാധയേറ്റു. 3,25,000 ജനങ്ങൾ മരണമടഞ്ഞു. നിരവധി പേർ കൊടും ദാരിദ്രത്തിലേക്കും തൊഴിൽ നഷ്ടത്തിലേക്കും വീണ് വിഷമിക്കുന്നു. രോഗികളുടെ എണ്ണത്തിൽ അമേരിക്കയാണ് മുന്നിൽ. ഏറ്റവും പുതിയ ഹോട്ട്സ്പോട്ടുകളായി റഷ്യ,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾ മാറി.