covid-19

ചെന്നൈ: കൊവിഡ് വ്യാപനം തടയാൻ ചെന്നൈ നഗരത്തിൽ കണ്ടെയ്‌ൻമെന്റ് ഏരിയകളിൽ ജാഗ്രത കർശനമാക്കാൻ സർക്കാർ മൈക്രോ പ്ലാൻ ആരംഭിച്ചു. 33 കണ്ടെയ്‌ൻമെന്റ് ഏരിയകൾക്കുവേണ്ടിയാണ് പദ്ധതിയെന്ന് ആരോഗ്യമന്ത്രി സി.വിജയബാസ്‌കർ പറഞ്ഞു. പരിശോധനയ്ക്കായി പുതുതായി നിയമിച്ച അഞ്ഞൂറിലധികം ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുതോറും പരിശോധന നടത്തും. 156 ഹെൽത്ത് ഇൻസ്‌പെക്ടർമാർ കൂടുതൽ കേസുകളുള്ള റോയപുരത്ത് സ്‌ക്രീനിംഗ് നടത്തും.


അവർക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണമുണ്ടെങ്കിൽ ഒരു മൊബൈൽ യൂണിറ്റ് നെഞ്ച് എക്‌സ്‌റേ ചെയ്യും. ഇതിനായി 14 മൊബൈൽ എക്‌സ്‌റേ മെഷീനുകൾ വിന്യസിച്ചിട്ടുണ്ട്. ആളുകൾക്ക് പനി പരിശോധന നടത്തും. കോയമ്പേട് ക്ലസ്റ്ററിൽ നിന്നുള്ള ഒരു സ്പിൽ ഓവറിനു പുറമേ, റോയപുരം, തിരുവികാ നഗർ, പുലിയാൻതോപ്പ് പ്രദേശങ്ങളിലെ മോശം ജീവിത സാഹചര്യങ്ങളും കേസുകളുടെ വർദ്ധനവിന് കാരണമായി. 100 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകളിലാണ് പലരും താമസിക്കുന്നത്. അവർ കുടിവെള്ളവും പൊതു ടോയ്‌ലറ്റ് സൗകര്യവും ഉപയോഗിക്കുന്നവരാണ്. പ്രതിരോധ നടപടികൾക്ക് പുറമേ പ്രദേശത്ത് അണുനാശിനി തളിക്കും.


രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്ലാസ്മ തെറാപ്പിക്ക് ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു. അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, പ്രായമായവരുൾപ്പെടെ ഉള്ളവർക്കായി പ്രോട്ടോക്കോളുകൾ തയ്യാറാക്കുന്നുണ്ട്. 11 ഉപസമിതികളുടെ മാർഗനിർദേശപ്രകാരം പ്രമേഹം, രക്താതിമർദ്ദം, ഹൃദയം അല്ലെങ്കിൽ വൃക്ക തകരാറുകൾ എന്നിവയുള്ളവർക്കായാണ് പ്രോട്ടോക്കോളുകൾ തയ്യാറാക്കുക.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,441 പേരെ സംസ്ഥാനത്ത് പരിശോധിച്ചു. ഒരാൾ ഒഴികെയുള്ള 2,139 അന്തർദ്ദേശീയ വിമാന യാത്രക്കാർക്കായി ആർടിപിസിആർ പരിശോധനകൾ പൂർത്തിയായപ്പോൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽ എത്തിയ 3,891 യാത്രക്കാരിൽ 1,308 പേരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ്.