airline-

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാനസർവീസ് യാത്രക്കാർക്കായി മാർഗരേഖ എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്തിറക്കി. 14 വയസിന് താഴെയുള്ള കുട്ടികൾ ഒഴിച്ച് യാത്ര ചെയ്യുന്നുവർക്കെല്ലാം ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്. യാത്രക്കാരന്റെ മൊബൈൽ പരിശോധിച്ച് ആരോഗ്യസേതു ആപ്പ് ഉണ്ടോയെന്ന് സുരക്ഷ ജീവനക്കാർ ഉറപ്പുവരുത്തും.

ആപ്പ് പരിശോധിച്ച് യാത്രക്കാരൻ വരുന്നത് ഗ്രീൻ സോണിൽ നിന്നല്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. മുഴുവൻ യാത്രക്കാർക്കും മാസ്‌ക്കും ഗ്ലൗസും നിർബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താവളിത്തൽ എത്തണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമേ ടെർമിനലിലേക്ക് യാത്രക്കാരെ കടത്തി വിടുകയുള്ളു.

സ്വന്തം വാഹനമോ, അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ടാക്സി, പൊതു ഗതാഗത സംവിധാനങ്ങൾ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളു. 80 വയസ് കഴിഞ്ഞവർക്ക് യാത്ര അനുവദിക്കില്ല. വിമാനത്താവളത്തിൽ എത്താനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കണം. എല്ലാ യാത്രക്കാരും നിർബന്ധമായും തെർമൽ സ്‌ക്രീനിലൂടെ കടന്ന് പോകണം. വിമാനത്താവളത്തിൽ ട്രോളികൾ അനുവദിക്കില്ല.

അത്യാവശ്യം വേണ്ടവർക്ക് ട്രോളി നൽകും. സോഡിയം ഹൈപ്പോക്‌ളോറൈറ്റ് ലായനിയിൽ മുക്കിയ മാറ്റുകൾ പ്രവേശന കവാടത്തിൽ ഉണ്ടായിരിക്കണം. പാദരക്ഷകൾ അണുവിമുക്തം ആക്കാനാണിത്. ബോർഡിംഗ് കാർഡുകൾ ഉൾപ്പടെ നൽകുന്ന കൗണ്ടറുകൾ ഗ്ലാസ് അല്ലെങ്കിൽ പ്‌ളെക്സി ഗ്ലാസ് ഉപയോഗിച്ച് തിരിക്കണം. സാമൂഹിക അകലം പാലിക്കണം.