kerala

തിരുവനന്തപുരം: കുവൈറ്റിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ നാലുപേരെയും രാജധാനി എക്സ് പ്രസിലെത്തിയ ഒരാളെയും കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരോഷ്മാവിലെ വ്യത്യാസം, പനി, മറ്റ് രോഗലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ സ്രവ പരിശോധനയുൾപ്പെടെ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയരാക്കിവരികയാണ്.

മറ്റ് യാത്രക്കാരെ കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും സ്ത്രീകളെയും കുട്ടികളെയും വീടുകളിലേക്കും അയച്ചു.184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്രെയിൻമാർഗം 204 യാത്രക്കാരും തിരുവനന്തപുരത്തെത്തി. പ്രവാസികളുമായി ഇന്നലെ കൊച്ചിയിലെത്തിയ മൂന്ന് വിമാനങ്ങളിൽ നിന്നായി നാലുപേരെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് വിമാനങ്ങളിലുമായി 581 യാത്രക്കാരാണുണ്ടായിരുന്നത്. ദുബായിൽനിന്ന് 183ഉം ലണ്ടനിൽനിന്ന് 186ഉം മനിലയിൽനിന്ന് 212ഉം പ്രവാസികളെത്തി. എയർഇന്ത്യയുടെ ദുബായ്- കൊച്ചി വിമാനത്തിലെത്തിയ കൊവിഡ് ലക്ഷണമുള്ള ഒരാളെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലണ്ടനിൽനിന്നെത്തിയ വിമാനത്തിൽ 93 പുരുഷന്മാരും 93 സ്ത്രീകളുമാണുണ്ടായിരുന്നത്. ഇതിൽ ഒമ്പത്‌ കുട്ടികളും 24 ഗർഭിണികളും മൂന്ന്‌ മുതിർന്ന പൗരന്മാരും ഉണ്ട്.

യാത്രക്കാരിൽ 123 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയർ സെന്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും ദുബായിൽ നിന്ന് കൊച്ചിയിലേക്കും രണ്ട് വിമാനങ്ങൾ കൂടി ഇന്നെത്തിച്ചേരും. ആട് ജീവിത സിനിമയുടെ ഷൂട്ടിംഗിന് പോയി ജോ‌ർദാനിൽ കുടുങ്ങിയ സിനിമ സംവിധായകൻ ബ്ളെസി,​നടൻ പൃഥ്വിരാജ് എന്നിവരുൾപ്പെടെ 58 അംഗ സിനിമ പ്രവർത്തകരും കൊച്ചിയിലെത്തുന്ന ഫ്ളൈറ്റിലുണ്ടാകും.