വാഷിംഗ്ടൺ: കൊവിഡ് മൂലം മരണഭീതിയിൽ വെന്തുരുകി ലോകരാജ്യങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. ഇതുവരെയുള്ള പ്രതിദിന മരണനിരക്കിൽ ഏറ്റവും ഉയർന്നതാണിത്. മരണം 3.29 ലക്ഷം കടന്നു. രോഗമുക്തി നേടിയവർ 20 ലക്ഷം കവിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ ഭീതിയൊഴിഞ്ഞെങ്കിലും അമേരിക്ക, റഷ്യ, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ഇപ്പോഴും പ്രതിസന്ധിയിലാണ്.
പ്രശ്നം ഗുരുതരമാണ്
രോഗവ്യാപനത്തിൽ ലോകത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളാണ് റഷ്യയ്ക്കും ബ്രസീലിനും. പ്രതിരോധ നടപടികളോടുള്ള പ്രസിഡന്റ് ജെയർ ബൊൾസൊനാരോയുടെ അലംഭാവമാണ് ബ്രസീലിനെ വലിയ വിപത്തിൽ കൊണ്ടെത്തിച്ചത്. ഇന്നലെ മാത്രം 888 പേർ മരിച്ചു. 20,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ മരണം - 18,894. രോഗികൾ - 293,357. ബ്രസീലിന് പുറമെ മെക്സിക്കോ, ചിലി എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സ്ഥിതി വഷളാവുകയാണ്. ഇരു രാജ്യങ്ങളിലും പ്രതിദിന മരണം 400ന് മുകളിലാണ്. റഷ്യയുടെ സ്ഥിതിയും രൂക്ഷമാണ്. പ്രതിദിന മരണം 100 കടന്നു. ദിവസവും 8000ത്തിലധികം പേരാണ് രോഗികളാകുന്നത്. ആകെ മരണം - 3,099. രോഗികൾ - 317,554.
അവസാനം ഉടനില്ല
കൊവിഡ് വ്യാപനം ഉടനെയൊന്നും അവസാനിക്കില്ലെന്നും ഇനിയുമേറെ ദൂരം പോകാനുണ്ടെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം പറഞ്ഞു. വികസ്വര രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ രോഗികൾ 16 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം - 94,941.
ചിലിയിൽ രോഗികൾ ഒരു ലക്ഷം കവിഞ്ഞു.
മലേറിയയ്ക്കുള്ള മരുന്നുകളായ ഹൈഡ്രോക്സിക്ലോറോക്വിൻ, ക്ലോറോക്വിൻ എന്നിവ കൊവിഡിന് ഫലം ചെയ്യുമോ എന്നറിയാനുള്ള പരീക്ഷണം ഓക്സ്ഫോർഡ് സർവകലാശാല ആരംഭിച്ചു.
ഈസി ജെറ്റ് സർവീസുകൾ ജൂണിൽ പുനഃരാരംഭിക്കും. യാത്രികർക്ക് മാസ്ക് നിർബന്ധം.
ഗ്രീസിൽ വിനോദസഞ്ചാരം ജൂൺ 15 മുതൽ അനുവദിച്ചേക്കും.
ഒസാക്ക അടക്കം രണ്ട് മേഖലകളിൽ ജപ്പാൻ അടിയന്തിരാവസ്ഥ അവസാനിപ്പിച്ചേക്കും.
ഇറാൻ, ഇറ്റലി, ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കംബോഡിയ പിൻവലിച്ചു.
ചൈനയിൽ 33 പുതിയ കേസുകൾ. ഇതിൽ 31പേർക്ക് ലക്ഷണങ്ങളില്ല.