genetic-change-of-covid
GENETIC CHANGE OF COVID

ബീജിംഗ്: ചൈനയിലെ വടക്ക് കിഴക്കൻ പ്രവിശ്യകളായ ജിലിൻ, ഹെയ്‌ലോംഗ്ജിയാൻ പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ വുഹാനിലെ കേസുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് ചൈനീസ് ആരോഗ്യവിദഗ്ദ്ധർ. ഇവിടങ്ങളിൽ വൈറസ് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും വൈറസ് വ്യാപനം തുടച്ചുനീക്കാനുള്ള ശ്രമത്തെ ഈ മാറ്റങ്ങൾ സങ്കീർണമാക്കുകയാണെന്നും ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

വുഹാനിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ രോഗികളിൽ വൈറസ് ബാധ കൂടുതൽ സമയത്തേക്ക് നിലൽക്കുന്നുണ്ട്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാകാനും വൈകി. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും കാലതാമസമെടുക്കുന്നുണ്ട്. ഈ മാറ്റങ്ങൾ വ്യാപനം തടയുന്നതിനും സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നുപ്രവർത്തിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി മാറുകയാണ്.

എന്നാൽ, വൈറസിന് ജനിതക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും പൂർണമായി മനസിലാക്കാൻ സാധിച്ചിട്ടില്ല. വുഹാനിൽ നിന്ന് വിഭിന്നമായി രോഗികളെ നിരീക്ഷിക്കാൻ ഡോക്ടർമാർക്ക് കൂടുതൽ സമയം ലഭിച്ചതിനാലാകണം ഈ വ്യത്യാസം അനുഭവപ്പെടുന്നതെന്നും നിഗമനങ്ങളുണ്ട്.

വടക്കുകിഴക്കൻ പ്രവിശ്യയിലെ രോഗികളുടെ ശ്വാസകോശത്തെയാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. എന്നാൽ, വുഹാനിൽ രോഗികളുടെ ഹൃദയം, വൃക്ക, കുടൽ തുടങ്ങി ഒന്നിലധികം അവയവങ്ങൾ തകരാറിലായിരുന്നു. റഷ്യയിൽ നിന്ന് രോഗികളായി എത്തിയവരുമായി സമ്പർക്കത്തിലേർപ്പെട്ട് അസുഖം ബാധിച്ചവരാണ് കൂടുതലായി വ്യത്യസ്തമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്.