mao-yen
MAO YEN

ഷാൻസി: 32 വർഷങ്ങൾക്ക് ശേഷമായിരുന്നു ആ കൂടിച്ചേരൽ. സ്വന്തം മാതാപിതാക്കളെ നോക്കി ഒരു നിമിഷം 'മാവോ യിൻ" ചലനമറ്റ് നിന്നു. യഥാർത്ഥ്യം ഉൾകൊള്ളാനാവാതെ...

എന്നാൽ പെറ്റമ്മയായ ലി ജിങ്സിന് സംശയമേതുമില്ലായിരുന്നു. രണ്ടുവയസിൽ നഷ്ടമായ മകനെ, 34 വയസിൽ തിരിച്ചറിയാൻ അവർക്കായി. സാങ്കേതിക വിദ്യയുടെ സഹായം വിശ്വാസത്തിന് ശാസ്ത്രീയ തെളിവേകി. കണ്ടമാത്രയിൽ ആ അമ്മ ഓടിയെത്തി മകനെ ആഞ്ഞുപുൽകി. അമ്മച്ചൂടേറ്റ് മാവോയുടെ മനസ് ആ‌ർദ്രമായി. ആനന്ദാശ്രു പൊഴിഞ്ഞു. മാതൃ- പുത്ര സ്നേഹത്തിന്റെ അപൂർവനിമിഷം പകർത്താൻ ഫോട്ടോഗ്രാഫർമാർ തിക്കിത്തിരക്കി.സിയാൻ പൊലീസ് കോൺഫറൻസ് ഹാളിലാണ് വിസ്മയാവഹമായ ഈ കൂടിച്ചേരൽ നടന്നത്.

ചൈനയിലെ സെൻട്രൽ ഷാൻസി പ്രവിശ്യയിൽ സിയാനിൽ താമസിക്കുന്ന മാവോ ഷെൻജിങിനും ഭാര്യ ലി ഷിൻസിക്കും1986 ഫെബ്രുവരി 23നാണ് മകൻ ജനിച്ചത്. മാവോ യിൻ എന്ന് പേരിട്ടു. 1988ൽ അച്ഛനൊപ്പം നഴ്സറിയിൽ നിന്ന് മടങ്ങും വഴി കുഞ്ഞുമാവോയ്ക്ക് ദാഹിച്ചു. ഹോട്ടലിന് മുന്നിലെ പ്രവേശനകവാടത്തിനരികെ വണ്ടി നിറുത്തി അച്ഛൻ വെള്ളം വാങ്ങാൻ പോയി. തിരികെ വന്നപ്പോഴേക്കും കുഞ്ഞു മാവോയെ ആരോ തട്ടിക്കൊണ്ടുപോയിരുന്നു. അന്നുമുതൽ യിനിനെ അന്വേഷിക്കുകയാണ് അച്ഛനമ്മമാർ.

ലക്ഷക്കണക്കിനാളുകളോട് മകനെക്കുറിച്ച് അന്വേഷിച്ചു. അമ്മ ലി ജിങ്സി ജോലി ഉപേക്ഷിച്ച് മാവോയ്ക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. നാടുനീളെ പോസ്റ്ററുകൾ പതിച്ചു. 'മകനേ തിരികെ വീട്ടിലേക്ക് വരൂ' കാമ്പെയിൻ നടത്തി. വർഷങ്ങൾ കടന്നുപോയിട്ടും ഫലമുണ്ടായില്ല. വന്നതൊക്കെയും വ്യാജ വിവരങ്ങളായിരുന്നു.

അന്ന് മാവോയെ തട്ടിയെടുത്തയാൾ തൊട്ടടുത്തുള്ള സിചുവാൻ പ്രവിശ്യയിലെ കുട്ടികളില്ലാത്ത ദമ്പതികളിൽ നിന്ന് പണം വാങ്ങി കുട്ടിയെ കൈമാറുകയായിരുന്നു. അവരാകട്ടെ, ഗു നിംഗ് നിംഗ് എന്ന് പേരിട്ട് കുട്ടിയെ വളർത്തി. ഒടുവിൽ ഫേഷ്യൽ റെകഗ്നേഷൻ സാങ്കേതിക വിദ്യയിലൂടെ പൊലീസ് 34 വയസുകാരനായ മാവോ യിനിനെ കണ്ടെത്തി. ഡി.എൻ.എ പരിശോധനയിലൂടെ മാവോ, ലിയുടെ മകനാണെന്ന് ഉറപ്പാക്കുകയായിരുന്നു.

ഇപ്പോൾ ഹോം ഡെക്കറേഷൻ ജോലി ചെയ്യുന്ന മാവോ സിയാനിലുള്ള അച്ഛനമ്മമാരുടെ അടുത്തേക്ക് മടങ്ങാനൊരുങ്ങുകയാണ്. ചൈന ഒറ്റകുട്ടി നയം പ്രഖ്യാപിച്ച എൺപതുകളിൽ മുതൽ ആൺകുട്ടികളെ തട്ടിയെടുക്കുന്ന സംഭവങ്ങൾ സാധാരണമായിരുന്നു.