us-canada-border
US CANADA BORDER

വാഷിംഗ്ടൻ: യു.എസ് കാനഡ അതിർത്തി തുറക്കുന്നത് ഒരു മാസത്തേക്ക്​ കൂടി നീട്ടിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.എസും കാനഡയും തമ്മിലുണ്ടാക്കിയ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് ട്രൂഡോ പറഞ്ഞു. അത്യാവശ്യ സർവീസ് ഒഴികെ സാധാരണ സർവിസുകൾ ജൂൺ 21ന് മാത്രമേ പുനരാരംഭിക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോകത്ത്​ നടക്കുന്ന സംഭവ വികാസങ്ങൾ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്നും ഇനി അടുത്തഘട്ടം എന്താകുമെന്ന്​ പറയാനാകില്ലെന്നും ഒട്ടാവോയിൽ നടത്തിയ പ്രതിദിന വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി അറിയിച്ചു.

അത്യാവശ്യ സർവിസിന്​ മാത്രമാണ് അതിർത്തി തുറന്നുകൊടുക്കുകയെങ്കിലും ക്വാറന്റൈൻ, ആരോഗ്യ പരിശോധന തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 ഇനിയും രാജ്യത്ത് വ്യാപിക്കാതിരിക്കാൻ ശക്തമായ മുൻ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. കാനഡ സ്വീകരിച്ച നടപടിയെ യു.എസ് അഡ്മിനിസ്‌ട്രേഷനും അഭിനന്ദിച്ചു. കാനഡയുമായി സഹകരിച്ചു കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു. അതേസമയം, അമേരിക്കയിൽ കൊവിഡ് കേസുകൾ പ്രതിദിനം വർദ്ധിച്ചുവരികയാണ്.