ഫ്ളോറിഡ:- തന്റെ പ്രായമുള്ളവർ പോലും അത്യാസന്ന നിലയിൽ വിഷമിക്കുന്നതും താനുൾപ്പടെ ചികിത്സിക്കാനെത്തുന്നവർക്ക് മതിയായ സുരക്ഷയുള്ള കിറ്റുകളും ലഭ്യമല്ല എന്നു കണ്ട ഫ്ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ആശുപത്രിയിലെ നഴ്സ് വില്യം കോഡിങ്ടണിന് സഹിക്കാനായില്ല. കടുത്ത വിഷാദത്തിലായ കോഡിങ്ടണിനെ മരിച്ച നിലയിൽ കാറിൽ കണ്ടെത്തി. ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതാണ് കാരണമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ചെറുപ്രായം മുതൽ തന്നെ ലഹരി മരുന്നിന് അടിമയായിരുന്ന വില്യം അതിൽ നിന്നും വിടുതലിനുള്ള ചികിത്സയിലായിരുന്നു. എന്നാൽ കൊവിഡ് കാല ദുരിതം അയാൾക്ക് സഹിക്കാനായില്ല. സുഹൃത്തിന് താൻ അനുഭവിക്കുന്ന വിഷമങ്ങൾ മെസ്സേജ് ചെയ്ത വില്യത്തെ പിറ്റേന്ന് കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികത ഒന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.