terrorism

ബാഗ്‍ദാദ്: കൊല്ലപ്പെട്ട കൊടും ഭീകരൻ അബൂബക്കർ അൽ ബാഗ്‍ദാദിയുടെ പിൻഗാമിയെന്ന് സംശയിക്കപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബ്‍ദുൾ നാസർ അൽ ക്വിർദാഷിനെ ഇറാക്ക് ഇന്റലിജൻസ് പിടികൂടിയതായി റിപ്പോർട്ട്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതെന്ന് ഇറാഖി നാഷണൽ ഇന്റലിജൻസ് സർവീസ് അറിയിച്ചതായി അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാഖിലെ മുൻ ഇന്റലിജൻസ് മേധാവി മുസ്‍തഫ അൽ കഥിമി പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത് ഒരു മാസത്തിന് ശേഷമാണ് അൽ ക്വിർദാഷ് പിടിയിലാകുന്നത്.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് അബൂബക്കർ അൽ ബാഗ്‍ദാദിയെ അമേരിക്കൻ സൈന്യം വധിച്ചത്.

വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഇദ്‍ലിബിൽ അമേരിക്കൻ സൈന്യം നടത്തിയ ഓപ്പറേഷനിടെ

ഒളിവുകേന്ദ്രം സൈന്യം വളഞ്ഞതിനെ തുടർന്ന് പിടിയിലാകുമെന്ന് ഉറപ്പിച്ച ബാഗ്‍ദാദി ശരീരത്തിൽ കെട്ടിവെച്ച ബോംബ് പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. സിറിയയിലെ സൈനിക നടപടിക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ബാഗ്‍ദാദിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.