ഇസ്ലാമാബാദ് : പാകിസ്ഥാനിൽ രണ്ടു യുവതികൾ ഒരു യുവാവിനെ ചുംബിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബന്ധുവായ ഒരാൾ രണ്ടു യുവതികളെയും വെടിവച്ചു കൊന്നു. വടക്കൻ വസീറിസ്ഥാൻ പ്രവിശ്യയിലാണു സംഭവം. ഈമാസം 14നാണ് 22,24 വയസ്സ് പ്രായമുള്ള യുവതികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൊലയാളിയാണെന്നു സംശയിക്കുന്ന മുഹമ്മദ് അസ‌്‌ലം എന്നയാളെ പൊലീസ് പിടികൂടി.
യുവതികളിൽ ഒരാളുടെ പിതാവിനെയും രണ്ടാമത്തെയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശ്ലീല വിഡിയോ ചിത്രീകരിച്ചതിന് വിഡിയോയിലുള്ള ഉമർ അയാസ് എന്ന 28 കാരനെയും അറസ്റ്റ് ചെയ്തു. വിവാഹിതനായ ഇയാൾക്കു രണ്ടു കുട്ടികളുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോണിന്റെ ഉടമയായ ഫിദാ വാസിർ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇയാളാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതെന്നാണു സൂചന. ഒരുവർഷംമുമ്പുള്ള വീഡിയോ അടുത്തിടെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചത്. വീഡിയോ പുറത്തുവന്നത് കുടുംബത്തിനു വലിയ മാനക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് യുവതികളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.